ADVERTISEMENT

ന്യൂഡൽഹി∙ ലിവ്-ഇൻ–റിലേഷൻഷിപ് സമൂഹത്തിൽനിന്ന് ഉന്മൂലനം ചെയ്യേണ്ട ‘അപകടകരമായ രോഗമാണ്’ എന്ന് ഹരിയാനയിലെ ഭിവാനി-മഹേന്ദ്രഗഡിൽനിന്നുള്ള ബിജെപി എംപി ധരംബീർ സിങ്. ഇതിനെതിരെ നിയമം ഉണ്ടാക്കാൻ അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു. ലോക്‌സഭയിലെ ‘സീറോ അവറിൽ’ വിഷയം ഉന്നയിച്ച ധരംബീർ സിങ്, പ്രണയ വിവാഹങ്ങളിൽ വിവാഹമോചന നിരക്ക് ഉയർന്നതാണെന്നും അതിനാൽ ഇത്തരം ബന്ധങ്ങൾക്ക് വധുവിന്റെയും വരന്റെയും മാതാപിതാക്കളുടെ സമ്മതം നിർബന്ധമാക്കണമെന്നും പറഞ്ഞു.

‌‘‘വളരെ ഗൗരവമുള്ള ഒരു വിഷയം സർക്കാരിന്റെയും പാർലമെന്റിന്റെയും ശ്രദ്ധയിൽപ്പെടുത്താൻ ആഗ്രഹിക്കുന്നു. ഇന്ത്യൻ സംസ്കാരം വസുധൈവ കുടുംബകത്തിനും (ലോകം ഒരു കുടുംബം) സാഹോദര്യത്തിനും പേരുകേട്ടതാണ്. നമ്മുടെ സാമൂഹിക ഘടന മറ്റുള്ളവരിൽനിന്ന് വ്യത്യസ്തമാണ്. നമ്മുടെ നാനാത്വത്തിൽ ഏകത്വത്തിൽ ലോകം മുഴുവൻ മതിപ്പുളവാക്കുന്നു. ‘അറേഞ്ച്ഡ് വിവാഹ’ത്തിൽ ഇന്ത്യയ്‌ക്കൊരു പാരമ്പര്യമുണ്ട്. ഇന്നും സമൂഹത്തിലെ വലിയൊരു വിഭാഗം മാതാപിതാക്കളോ ബന്ധുക്കളോ നടത്തുന്ന വിവാഹങ്ങൾക്കാണു മുൻഗണന നൽകുന്നത്. ഇതിനു വധൂവരന്മാരുടെ സമ്മതമുണ്ട്. സാമൂഹികവും വ്യക്തിപരവുമായ മൂല്യങ്ങളും ഇഷ്ടങ്ങളും കുടുംബപശ്ചാത്തലവും പോലുള്ള നിരവധി ഘടകങ്ങൾ അടിസ്ഥാനമാക്കിയാണ് ഇത്തരം വിവാഹങ്ങള്‍. 

വിവാഹം എന്നത് ഏഴ് തലമുറകളായി നിലനിൽക്കുന്ന പവിത്രമായ ബന്ധമായി കണക്കാക്കപ്പെടുന്നു. ഇന്ത്യയിൽ വിവാഹമോചന നിരക്ക് ഏകദേശം 1.1 ശതമാനമാണ്. അമേരിക്കയിൽ 40 ശതമാനവും. അറേഞ്ച്ഡ് വിവാഹങ്ങളിലെ വിവാഹമോചന നിരക്ക് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ, അടുത്തിടെ വിവാഹമോചന നിരക്കിൽ വൻ വർധനയുണ്ടായി. പ്രണയവിവാഹങ്ങളാണ് ഇതിനു പ്രധാന കാരണം. അതിനാൽ, പ്രണയവിവാഹങ്ങളിൽ വധൂവരന്മാരുടെ മാതാപിതാക്കളുടെ സമ്മതം നിർബന്ധമാക്കണം. വിവാഹം ഒരേ ഗോത്രത്തിനുള്ളിൽ നടക്കുന്നില്ല. പ്രണയവിവാഹങ്ങൾ കാരണം ഗ്രാമങ്ങളിൽ ധാരാളം സംഘർഷങ്ങൾ നടക്കുന്നു. ഈ സംഘർഷങ്ങളിൽ നൂറുകണക്കിന് കുടുംബങ്ങൾ നശിക്കുന്നു. അതിനാൽ രണ്ട് കുടുംബങ്ങളുടെയും സമ്മതം പ്രധാനമാണ്.

ഒരു പുതിയ രോഗം ഉയർന്നുവന്നിട്ടുണ്ട്. ഈ സാമൂഹിക തിന്മയെ ലിവ്-ഇൻ റിലേഷൻഷിപ് എന്നുവിളിക്കുന്നു. ഇതിനു കീഴിൽ, രണ്ട് വ്യക്തികൾ, പുരുഷൻ അല്ലെങ്കിൽ സ്ത്രീ, വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിക്കുന്നു. പാശ്ചാത്യ രാജ്യങ്ങളിൽ ഇത്തരം ബന്ധങ്ങൾ സാധാരണമാണ്. എന്നാൽ ഈ തിന്മ നമ്മുടെ സമൂഹത്തിലും അതിവേഗം പടരുകയാണ്. അതിന്റെ അനന്തരഫലങ്ങൾ ഭയാനകമാണ്. അടുത്തിടെ, ശ്രദ്ധ–അഫ്താബ് കേസ് പുറത്തുവന്നിരുന്നു. ഇരുവരും ലിവ്-ഇൻ റിലേഷൻഷിപ്പിലായിരുന്നു. 

ഇത്തരം കേസുകൾ മിക്കവാറും എല്ലാ ദിവസവും വന്നുകൊണ്ടിരിക്കുന്നു. ഇതു നമ്മുടെ സംസ്‌കാരത്തെ നശിപ്പിക്കുക മാത്രമല്ല, സമൂഹത്തിൽ വിദ്വേഷവും തിന്മയും പടർന്നുപിടിക്കുന്നു. ഇത് തുടർന്നാൽ നമ്മുടെ സംസ്‌കാരം മരിക്കും. നമ്മളും മറ്റുള്ളവരും തമ്മിൽ ഒരു വ്യത്യാസവും ഉണ്ടാകില്ല. അപകടകരമായ ഈ രോഗം സമൂഹത്തിൽനിന്ന് തുടച്ചുനീക്കാൻ കഴിയുന്ന തരത്തിൽ ലിവ്-ഇൻ–റിലേഷൻഷിപ്പിനെതിരെ നിയമം കൊണ്ടുവരണം’’– അദ്ദേഹം പറഞ്ഞു.

English Summary:

Live-in relationship 'dangerous disease', should be law against it: BJP MP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com