ADVERTISEMENT

ന്യൂഡൽഹി∙ ജമ്മു കശ്മീരിനു പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടന അനുച്ഛേദം 370 റദ്ദാക്കിയ കേന്ദ്ര സർക്കാരിന്റെ നടപടി ശരിവച്ച സുപ്രീം കോടതി വിധി ചരിത്രപരമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാർലമെന്റിന്റെ തീരുമാനം ഭരണഘടനാപരമായി കോടതി ശരിവയ്ക്കുന്നു. ഇന്ത്യക്കാരുടെ ഐക്യത്തിന്റെ സത്തയെ വിധി ഉയർത്തിപ്പിടിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത ബിജെപി, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേത് ചരിത്ര നടപടിയെന്നും കൂട്ടിച്ചേർത്തു.

‘‘370–ാം വകുപ്പ് റദ്ദാക്കിയതിനെക്കുറിച്ചുള്ള ഇന്നത്തെ സുപ്രീം കോടതി വിധി ചരിത്രപരവും, 2019 ഓഗസ്റ്റ് 5ന് പാർലമെന്റ് എടുത്ത തീരുമാനത്തെ ഭരണഘടനാപരമായി ഉയർത്തിപ്പിടിക്കുന്നതുമാണ്. ജമ്മു, കശ്മീർ, ലഡാക്ക് എന്നിവിടങ്ങളിലെ നമ്മുടെ സഹോദരീ സഹോദരന്മാർക്കുള്ള പ്രതീക്ഷയുടെയും പുരോഗതിയുടെയും ഐക്യത്തിന്റെയും പ്രഖ്യാപനമാണിത്. 

ഇന്ത്യക്കാരെന്ന ഐക്യത്തിന്റെ സത്തയെ ഉറപ്പിച്ചിരിക്കുന്നു. നിങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനുള്ള ഞങ്ങളുടെ പ്രതിബദ്ധത അചഞ്ചലമായി തുടരുമെന്ന് ജമ്മു, കശ്മീർ, ലഡാക്ക് എന്നിവിടങ്ങളിലെ ജനങ്ങൾക്ക് ഉറപ്പ് നൽകുന്നു. പുരോഗതിയുടെ ഫലങ്ങൾ നിങ്ങളിലേക്ക് മാത്രമല്ല, 370–ാം വകുപ്പ് കാരണം ദുരിതമനുഭവിക്കുന്ന സമൂഹത്തിലെ ഏറ്റവും ദുർബലരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ വിഭാഗങ്ങളിലേക്കും എത്തിക്കും. ഇന്നത്തെ വിധി കേവലം നിയമവിധി മാത്രമല്ല. ഇത് പ്രത്യാശയുടെ ദീപമാണ്’’– പ്രധാനമന്ത്രി എക്സിൽ (ട്വിറ്റർ) പോസ്റ്റ് ചെയ്തു. 

സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ എക്സിൽ പോസ്റ്റ് ചെയ്തു. ‘‘370, 35 എ എന്നിവ റദ്ദാക്കിയ നടപടി സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് ശരിവച്ചിരിക്കുന്നു. രാജ്യത്തിന്റെ പ്രധാന പ്രത്യയശാസ്ത്രത്തിൽ ജമ്മു കശ്മീരിനെ ഉൾപ്പെടുത്താനുള്ള ചരിത്രപരമായ നടപടിയാണ് മോദി സർക്കാർ ചെയ്തത്. ഇതിന് ഞാനും ബിജെപി പ്രവർത്തകരും പ്രധാനമന്ത്രിയോട് ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു’’– അദ്ദേഹം എക്സിൽ കുറിച്ചു.

English Summary:

"I Want To Assure...": PM's Message To Jammu And Kashmir After Big Ruling

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com