ADVERTISEMENT

തൊടുപുഴ∙ ക്ഷീര കർഷകനായ അച്ഛൻ ബെന്നിയുടെ വിരലിൽ തൂങ്ങി തൊഴുത്തിലെത്തിയിരുന്ന മാത്യുവിന് എല്ലാമെല്ലാമായിരുന്നു പശുക്കൾ. പതിമൂന്നാം വയസ്സിൽ പിതാവിന്റെ വേർപാടിന് പിന്നാലെയാണ് സ്‌കൂൾ വിദ്യാർഥിയായിരുന്ന വെള്ളിയാമറ്റത്തെ  മാത്യു ക്ഷീരമേഖലയിലേക്കെത്തുന്നത്. പിച്ചവയ്‌ക്കുന്ന പ്രായത്തിൽ പശുക്കളുമായുള്ള ചങ്ങാത്തം ഉപേക്ഷിക്കാൻ കഴിയാതെയാണ് പഠനത്തിനോടൊപ്പം പിതാവ് നോക്കിയിരുന്ന പശുക്കളുടെ പരിപാലനം ഏറ്റെടുത്ത് മാത്യു കുടുംബത്തിന് കൈത്താങ്ങായത്.  മികച്ച കുട്ടിക്കർഷകനുള്ള പുരസ്‌കാരവും മറ്റു നിരവധി പുരസ്‌കാരങ്ങളും  തേടിയെത്തി. ഇതിനിടെയാണ് നാടിനു നൊമ്പരമായി കുട്ടിക്കർഷകന്റെ പശുക്കൾ കൂട്ടത്തോടെ ചത്തത്.

ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച പുലർച്ചെയുമായാണ് 15 വയസ്സുകാരനായ മാത്യു ബെന്നിയുടെയും ജോർജിന്റെയും 20 പശുക്കളില്‍ 13 എണ്ണം ചത്തത്. ഇതിൽ ചെനയുള്ള മൂന്നെണ്ണമുൾപ്പെടെ ഏഴു പശുക്കളും നാലു മൂരികളും രണ്ടു കിടാരികളും ഉൾപ്പെടും. വിൽക്കുന്നതിനായി വില ഉറപ്പിച്ചുവച്ചിരുന്നതാണ് നാലു മൂരികൾ. ഇന്നലെ  തീറ്റ കൊടുത്തതിന് പിന്നാലെയാണ് പശുക്കള്‍ ഒന്നൊന്നായി തളര്‍ന്നു വീണത്.

idukki-cow-death

സംഭവമറിഞ്ഞ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് മാത്യുവും കുടുംബവും മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.  ആശുപത്രി കിടക്കയിലും ഈ കുട്ടിക്കർഷകൻ വീട്ടിലേക്ക് മടങ്ങിയെത്തണം, പശുക്കളെ കാണമെന്ന് പറയുന്നത് സമീപവാസികൾക്ക് വേദനയായി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മാത്യുവിന്റെ കുടുംബം സർക്കാർ സഹായമുൾപ്പെടെ നേടിയാണ്  ഏകവരുമാനമായ പശുക്കളെ പരിപാലിച്ചിരുന്നത്. ഇവർക്ക് എട്ടുലക്ഷത്തോളം രൂപയുടെ നഷ്‌ടമുണ്ടായതായാണ് പ്രാഥമികവിലയിരുത്തൽ. 

കപ്പയുടെ തൊലിയാണ് പശുക്കളുടെ മരണകാരണമെന്നാണ് സംശയം. ഇതു സ്ഥിരീകരിക്കുന്നതിനായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവരണം.  കപ്പതൊലി ഉണക്കി കൊടുത്തതിൽനിന്നു ഹൈഡ്രോ സൈനഡ് രൂപപ്പെട്ടതാണ് പശുക്കളെ ബാധിച്ചതെന്നാണ് നിഗമനം. സംഭവത്തിൽ മന്ത്രി ജെ.ചിഞ്ചുറാണി മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരില്‍ നിന്നും അടിയന്തരമായി റിപ്പോർട്ട് തേടി.  അതിനിടെ 6 വെറ്ററിനറി ഡോക്‌ടർമാരുടെ നേതൃത്വത്തിൽ പശുക്കളുടെ പോസ്റ്റ്‌മോർട്ടം നടത്തി സാംപിളുകൾ ശേഖരിച്ചു. പശുക്കളുടെ ജഢം പിന്നീട് കുഴിച്ചിട്ടു.

English Summary:

Thodupuzha Velliyamattom Cow Died Incident

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com