ADVERTISEMENT

ചെന്നൈ ∙ മന്ത്രി കെ.ബി.ഗണേഷ്കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി നടി ശ്രീവിദ്യയുടെ സഹോദര ഭാര്യ വിജയലക്ഷ്മി. ശ്രീവിദ്യയുടെ സ്വത്തുക്കളുടെ പവർ ഓഫ് അറ്റോണി ഗണേഷിനാണെന്നും ലക്ഷക്കണക്കിന് രൂപയുടെ സ്വത്തുക്കൾക്ക് എന്തു സംഭവിച്ചെന്ന് അറി‌യില്ലെന്നും വിജയലക്ഷ്മി പറഞ്ഞു. കാൻസർ ചികിത്സയുടെ ഭാഗമായി കീമോ തെറപ്പിക്കു വിധേയയായ വേളയിൽ ശ്രീവിദ്യ പവർ ഓഫ് അറ്റോർണിയായി ഗണേഷ് കുമാറിനെ ചുമതലപ്പെടുത്തുന്ന വിൽപത്രം തയാറാക്കിയെന്നത് വിശ്വസിക്കാൻ പ്രയാസമാണ്. ശ്രീവിദ്യയുടെ നിരവധി സ്വത്തുക്കൾ വില്‍പത്രത്തില്‍ ഇല്ലെന്നും വിജയലക്ഷ്മി ചൂണ്ടിക്കാണിച്ചു. തമിഴ് ഓണ്‍ലൈന്‍‍ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വിജയലക്ഷ്മി ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്.

സഹോദരൻ ശങ്കറിനെയും കുടുംബത്തെയും ശ്രീവിദ്യയിൽ നിന്ന് അകറ്റി നിർത്താൻ ഗണേഷ്കുമാർ ശ്രമിച്ചെന്നും വിജയലക്ഷ്മി ആരോപിച്ചു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന നൃത്ത വിദ്യാർഥികൾക്ക് ട്രസ്റ്റ് വഴി സഹായം നല്‍കണമെന്ന വിൽപത്രത്തിലെ പ്രധാന നിർദേശം നടപ്പാക്കിയിട്ടില്ല. 15 ലക്ഷത്തിലേറെ തുകയുടെ ബാങ്ക് ഡിപ്പോസിറ്റും 580 ഗ്രാം സ്വർണവും ഒന്നര കിലോഗ്രാം വെള്ളിയും കാറും അടക്കമുള്ള സമ്പാദ്യങ്ങളുള്ളതായി വിൽപത്രത്തിലുണ്ട്. ഇതിനെല്ലാം എന്തു സംഭവിച്ചെന്ന് അറിയില്ല. ശ്രീവിദ്യയുടെ നിരവധി സ്വത്തുവകകൾ വിൽപത്രത്തിൽ ഉൾപ്പെട്ടിട്ടില്ല. രണ്ട് ജോലിക്കാർക്ക് ഓരോ ലക്ഷം രൂപ വീതവും, സഹോദര പുത്രന്മാർക്ക് 5 ലക്ഷം രൂപ വീതവും നൽകണമെന്നും നിർദേശിച്ചെങ്കിലും ഇതുവരെ നടപ്പാക്കിയിട്ടില്ല. ശ്രീവിദ്യയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്ന ട്രസ്റ്റ് നടപ്പാക്കാൻ നടപടിയുണ്ടാകണമെന്നും വിജയലക്ഷ്മി ആവശ്യപ്പെട്ടു. ചികിത്സയുടെ വിവരങ്ങൾ ബന്ധുക്കളിൽ നിന്നു മറച്ചു വച്ച ഗണേഷ്, വക്കീൽ നോട്ടിസ് അയച്ചതിനു ശേഷമാണ് വിൽപത്രത്തിന്റെ വിശദാംശങ്ങൾ പോലും നൽകിയത്. കുടുംബാംഗങ്ങൾ നടിയെ അവസാന കാലത്ത് ഉപേക്ഷിച്ചെന്നത് കള്ളപ്രചാരണമാണെന്നും വിജയലക്ഷ്മി ചൂണ്ടിക്കാട്ടി.

സ്വത്തുമായി ബന്ധപ്പെട്ട് ക്രമക്കേടുകള്‍ നടന്നെന്നു ചൂണ്ടിക്കാട്ടി 2012ല്‍ ശ്രീവിദ്യയുടെ ബന്ധുക്കള്‍ കെ.ബി.ഗണേഷ്‌കുമാറിനെതിരെ മുഖ്യമന്ത്രിക്കു പരാതി നല്‍കിയിരുന്നു. ശ്രീവിദ്യയുടെ വില്‍പത്രത്തില്‍ നിര്‍ദേശിച്ച രീതിയില്‍ സ്വത്തു വകകള്‍ ഗണേശന്‍ വിനിയോഗിച്ചിട്ടില്ലെന്നായിരുന്നു മുഖ്യപരാതി. നൃത്തരംഗത്തു മികവു കാട്ടുന്നവര്‍ക്കായി കലാക്ഷേത്രം ട്രസ്റ്റ് രൂപീകരിക്കണമെന്നു നിര്‍ദേശിച്ചിരുന്നുവെങ്കിലും ആറു വര്‍ഷമായിട്ടും നടപടിയില്ല. സഹോദരന്റെ മക്കള്‍ക്കായി വകയിരുത്തിയ 10 ലക്ഷം രൂപയും നല്‍കിയിട്ടില്ലെന്നു ശ്രീവിദ്യയുടെ സഹോദരന്‍ ശങ്കര രാമന്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. 

തുടര്‍ന്ന് 2015ലും സഹോദരന്‍ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പരാതി നല്‍കി. ശ്രീവിദ്യയുടെ സ്വത്ത് കെ.ബി. ഗണേഷ്‌കുമാര്‍ എംഎല്‍എ അനധികൃതമായി കൈവശം വച്ചിരിക്കുകയാണെന്നും അവരുടെ വില്‍പത്ര പ്രകാരം ചെയ്യേണ്ടതൊന്നും ചെയ്തിട്ടില്ലെന്നും പരാതിയില്‍ പറഞ്ഞു. വീട്, കാര്‍, സംസ്ഥാനത്തു വിവിധ ഇടങ്ങളിലെ സ്വത്ത്, എല്‍ഐസി പോളിസികള്‍ എന്നിവയാണു ഗണേഷ് കൈക്കലാക്കിയത്. ശ്രീവിദ്യയുടെ യഥാര്‍ഥ വില്‍പത്ര പ്രകാരം കൂടുതല്‍ സ്വത്തു കാണേണ്ടതാണ്. ചെന്നൈ മഹാബലിപുരത്തെ വീട് വലിയ തുകയ്ക്കു വിറ്റതിനു ശേഷം പലയിടങ്ങളില്‍ അവര്‍ നിക്ഷേപം നടത്തിയിരുന്നു. ഒരേയൊരു സഹോദരന്‍ എന്ന നിലയില്‍ അറിഞ്ഞിരിക്കേണ്ട പല കാര്യങ്ങളും ഗണേഷ് കുമാര്‍ തങ്ങളില്‍നിന്നു മറച്ചുവച്ചെന്നും പരാതിയില്‍ ആരോപിച്ചിരുന്നു. ഗണേഷിനെതിരെ സഹോദരന്‍ ശങ്കര രാമന്‍ ലോകായുക്തയില്‍ മൊഴി നല്‍കുകയും ചെയ്തിരുന്നു. പാലക്കാട് സ്വദേശി രവീന്ദ്രനാഥന്‍ നല്‍കിയ ഹര്‍ജിയിലാണു സാക്ഷിയായ ശങ്കര രാമന്‍ മൊഴി നല്‍കിയത്. 

ശാസ്തമംഗലം സബ് റജിസ്ട്രാര്‍ ഓഫിസില്‍ 2006 ഓഗസ്റ്റ് 17ന് ശ്രീവിദ്യ റജിസ്റ്റര്‍ ചെയ്ത വില്‍പത്രത്തിലാണു മരണാനന്തരം നടപ്പാക്കേണ്ട കാര്യങ്ങളുള്ളത്. ട്രസ്റ്റ് രൂപീകരിച്ച  ശേഷം പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്കു ധനസഹായം നല്‍കണം, സംഗീത- നൃത്ത സ്‌കൂള്‍ തുടങ്ങണം, സ്വത്തിന്റെ ഒരു വിഹിതം സഹോദരന്റെ രണ്ട് ആണ്‍മക്കള്‍ക്കു നല്‍കണം എന്നീ കാര്യങ്ങളാണു വില്‍പത്രത്തിലുള്ളത്. വില്‍പത്ര പ്രകാരം നടപ്പാക്കേണ്ട ചുമതല കെ.ബി. ഗണേഷ്‌കുമാറിനാണ്. എന്നാല്‍ വില്‍പത്രം ഗണേഷ് പാടേ അട്ടിമറിച്ചതായി ശങ്കര രാമന്‍ ആരോപിച്ചു. അതേസമയം എംഎല്‍എ എന്ന നിലയിലല്ല, വ്യക്തിബന്ധത്തിന്റെ അടിസ്ഥാനത്തിലാണു വില്‍പ്പത്രം തന്റെ പേരില്‍ എഴുതിവച്ചതെന്നും ശ്രീവിദ്യയുടെ സ്വത്തുക്കളില്‍ ഭൂരിഭാഗവും നികുതിവകുപ്പിന്റെ കയ്യിലാണെന്നും ലോകായുക്തയില്‍ ഗണേഷ്‌കുമാര്‍ വ്യക്തമാക്കിയിരുന്നു.

English Summary:

Actress Srividya's Sister in Law Made Serious Allegations Againsts Minister KB Ganesh Kumar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com