ADVERTISEMENT

മലപ്പുറം∙ സംഘപരിവാറുമായുള്ള  മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടനിലക്കാരനാണു കേന്ദ്രമന്ത്രി വി.മുരളീധരൻ എന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിച്ചു. മാസപ്പടി വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പങ്കുണ്ട്. കേസ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കാതെ കർണാടകയിലെ കോൺഗ്രസ് സർക്കാർ ഒത്തുകളിക്കുകയാണെന്ന കേന്ദ്രമന്ത്രി മുരളീധരന്റെ പ്രസ്താവന തെറ്റിദ്ധാരണ കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

‘‘വീണാ വിജയന്റേത് കള്ളപ്പണം വെളുപ്പിക്കൽ എന്നാണ് കണ്ടെത്തൽ. എന്നിട്ട് എന്തുകൊണ്ടാണ് അന്വേഷണത്തിനായി ഇ.ഡിയെ നിയോഗിക്കാത്തത്? അവസരം ലഭിച്ചിട്ടും വീണാ വിജയൻ  രേഖകൾ ഹാജരാക്കാത്തത് എന്താണ്?. മുഖ്യമന്ത്രി പിണറായി വിജയൻ സ്വര്‍ണക്കടത്ത് കേസ്, ലൈഫ് മിഷൻ കോഴക്കേസ്, എസ്എൻസി ലാ‌വ്‌ലിൻ കേസ് എന്നിവയിൽ സംഘപരിവാറുമായി ഒത്തുതീർപ്പുണ്ടാക്കി.

ഇത് നിരവധി തവണയായി കോൺഗ്രസ് ആരോപിച്ചിട്ടുള്ളതാണ്. ഇതിന് കേന്ദ്രമന്ത്രി വി.മുരളീധരനാണ് ഇടനിലക്കാരനായത്. ഇതിനു പകരമായിട്ടാണ് മുരളീധരന്റെ സ്വന്തം ആളായ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെ കുഴൽപ്പണക്കേസിൽ നിന്ന് മാറ്റിക്കൊടുത്തത്. പരസ്‌പര ധാരണയാണ് സംസ്ഥാനത്ത്. എന്നിട്ട് തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഗവർണറും സർക്കാരും തമ്മിൽ ഏറ്റുമുട്ടുന്നു, കേന്ദ്രത്തിനെതിരെ സമരം ചെയ്യുന്നതിനായി ഡൽഹിയിൽ പോകുന്നു.

‌പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടപ്പോൾ ആ കൈ ചേർത്തു പിടിച്ചുള്ള വിനീത വിധേയ നിൽപ്പുണ്ടല്ലോ. അത് എല്ലാത്തിനുമുള്ള മറുപടിയാണ്. മുഖ്യമന്ത്രിയുടെ മകൾ കൊടുക്കേണ്ട വിവരങ്ങൾ കൊടുത്തിട്ടുണ്ടെന്ന് എ.കെ.ബാലൻ പറയുന്നു. സിപിഎം ഈ വിഷയം ചർച്ച ചെയ്തിട്ടുണ്ടോ? എങ്കിൽ ആരോപണ വിധേയരായ കമ്പനികൾ നൽകിയിട്ടില്ലാത്ത എന്ത് രേഖയാണ് ഹാജരാക്കിയതെന്ന് ബാലൻ തെളിയിക്കട്ടെ. അപ്പോൾ ഞങ്ങൾ ആരോപണം പിൻവലിക്കാം.

കേന്ദ്രത്തിനെതിരായ എൽഡിഎഫിന്റെ സമരത്തിൽ പങ്കെടുക്കാനില്ലെന്നു യുഡിഎഫ് എടുത്ത തീരുമാനം കത്തിലൂടെ മുഖ്യമന്ത്രിയെ അറിയിക്കും. സംസ്ഥാനത്തിനെതിരായ കേന്ദ്ര അവഗണനയ്ക്കെതിരെ യുഡിഎഫ് എംപിമാർ പല തവണ ഇടപെട്ടിട്ടുണ്ട്. എന്നാൽ സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ടത് എൽഡിഎഫ് സർക്കാരിന്റെ  പിടിപ്പുകേടു കൊണ്ടാണ്. സ്വർണം, ബാർ തുടങ്ങിയവയിലൂടെ നികുതിയിനത്തിൽ ലഭിക്കാനുള്ള ആയിരക്കണക്കിന് കോടികൾ പിരിച്ചെടുക്കാതെ നികുതി വെട്ടിപ്പുകാർക്ക് സർക്കാർ സൗകര്യമൊരുക്കുന്നു.’’–വി.ഡി.സതീശൻ പറഞ്ഞു.

English Summary:

V.D.Satheesan against V.Muraleedharan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com