ADVERTISEMENT

കണ്ണൂർ∙ ജ്യോഗ്രഫി പഠനവകുപ്പിൽ അസി.പ്രഫസർ തസ്തികയിൽ ജോലിയിൽ പ്രവേശിപ്പിച്ചതു വിസിയുടെ ഉത്തരവില്ലാതെയാണെന്ന ആരോപണവുമായി കെപിസിടിഎ. ജ്യോഗ്രഫി (ജനറൽ വിഭാഗം) അധ്യാപക തസ്തികയിലെ നിയമനം ഹൈക്കോടതി തടഞ്ഞിരിക്കുന്നതിനിടെയാണു സംവരണ തസ്തികയിൽ ഒന്നാം റാങ്ക് നേടിയയാൾക്കു ജോലിയിൽ പ്രവേശിക്കാൻ അനുമതി നൽകിയത്. മുൻ വിസി, റാങ്ക് പട്ടികയിൽ ഇടപെട്ടതു നേരത്തെ വിവാദമായിരുന്നു. നിയമന ഉത്തരവിന്റെ പകർപ്പ് വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടപ്പോഴാണു നിയമന ഉത്തരവില്ലാതെയാണു ജോലിയിൽ പ്രവേശിപ്പിച്ചതെന്നു മനസിലായത്. സർവകലാശാലയിൽ എന്തും നടക്കുമെന്നതിന് ഉദാഹരണമാണിതെന്ന് കെപിസിടിഎ കണ്ണൂർ മേഖലാ പ്രസിഡന്റ്‌ ഡോ.ഷിനോ പി.ജോസ് പറഞ്ഞു.

ജോലിയിൽ പ്രവേശിക്കാൻ അനുമതി നൽകിയ കണ്ണൂർ സർവകലാശാലാ റജിസ്ട്രാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും അസിസ്റ്റന്റ് പ്രഫസറായി ജോലിയിൽ പ്രവേശിച്ചയാളെ പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ട്  ഗവർണർക്കും കണ്ണൂർ വിസിക്കും സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി നിവേദനം നൽകി.

അതേസമയം, ചട്ടപ്രകാരമാണ് ജ്യോഗ്രഫി അസി.പ്രഫസർ സംവരണ തസ്തികയിൽ ഒന്നാം റാങ്ക് ലഭിച്ചയാൾ ജോലിയിൽ പ്രവേശിച്ചതെന്നു സർവകലാശാല അറിയിച്ചു. ഒന്നാം റാങ്ക് ലഭിച്ചയാൾക്കു സർവകലാശാല അപ്പോയിന്റ്മെന്റ് മെമ്മോ ആണ് നൽകുന്നത്. കഴിഞ്ഞമാസം 26ന് ആണ് മെമ്മോ നൽകിയത്. 27ന് ഇദ്ദേഹം വകുപ്പു മേധാവിയുടെ മുന്നിൽ ഹാജരായി, ജോലിക്കു ചേർന്നു. ഉദ്യോഗാർഥി ജോലിക്കു ചേർന്ന് രണ്ടുമൂന്നു മാസങ്ങൾക്കു ശേഷമാണു വിസിയുടെ അപ്പോയിന്റ്മെന്റ് ഓർഡർ നൽകുന്നത്. വകുപ്പു തലവന്റെ ജോയിനിങ് റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയായിരിക്കുമിത്. ഇതിൽ, സേവന, വേതന വ്യവസ്ഥകളും നിയമനത്തിനെതിരെ കേസുണ്ടെങ്കിൽ അന്തിമ വിധിക്കു വിധേയമായിട്ടാകും നിയമനമെന്നുമൊക്കെ വ്യക്തമാക്കും. ജോലിക്കു ചേരുന്ന സമയത്ത്, ഇദ്ദേഹത്തിന്റെ നിയമന വിഷയത്തിൽ കേസൊന്നുമുണ്ടായിരുന്നില്ലെന്ന് സർവകലാശാല വ്യക്തമാക്കി.

English Summary:

Complaint against kannur university registrar to governor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com