ADVERTISEMENT

കൊച്ചി∙ കെഎംആർഎൽ മാസപ്പടി ആരോപണത്തിൽ നടക്കുന്ന കേന്ദ്ര അന്വേഷണത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന് ക്ലീൻ ചിറ്റ് ലഭിക്കുക എളുപ്പമല്ലെന്ന്  മാത്യു കുഴൽനാടൻ എംഎൽഎ. കേന്ദ്ര കോർപറേറ്റ് മന്ത്രാലയത്തിന്റെ അന്വേഷണത്തേക്കുറിച്ചുള്ള സംശയങ്ങൾ ആവർത്തിച്ച കുഴൽനാടൻ വീണയെ സംരക്ഷിക്കാൻ ശ്രമിച്ചാൽ കേന്ദ്ര ഏജൻസി തുറന്നുകാട്ടപ്പെടുമെന്നും അഭിപ്രായപ്പെട്ടു. ഓൺമനോരമയുടെ ‘വാട്‍സ് യുവർ പോയിന്റ്?’ അഭിമുഖത്തിലാണ് മൂവാറ്റുപുഴ എംഎൽഎയുടെ പരാമർശം.

Read Also: മാസപ്പടി വിവാദം: അന്വേഷണം പൊതുമേഖലാ സ്ഥാപനത്തിലേക്കും; കെഎസ്‌ഐഡിസി ഓഫിസില്‍ പരിശോധന

‘‘മുൻകാല സംഭവങ്ങളിലെ കേന്ദ്ര ഏജൻസികളുടെ സമീപനം വിലയിരുത്തുമ്പോൾ, കേന്ദ്ര സർക്കാരും കേന്ദ്ര ഏജൻസികളും അന്വേഷണം നടത്തുന്നതിൽ സത്യസന്ധത പുലർത്തുന്നില്ലെന്ന് വിശ്വസിക്കാൻ ഞങ്ങൾക്ക് ന്യായമായ കാരണങ്ങളുണ്ട്. കേന്ദ്ര ഏജൻസികൾക്ക് നേരിട്ട് ഇടപെട്ട് ബന്ധപ്പെട്ടവരെ പിടികൂടാമായിരുന്ന കൂടുതൽ വിവാദമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ എല്ലായ്‌പ്പോഴും അവർ മെല്ലെപ്പോക്ക് സമീപനമാണ് സ്വീകരിച്ചത്. അതുകൊണ്ടാണ് ഈ അന്വേഷണത്തിന്റെ ഫലത്തേക്കുറിച്ച് ഞങ്ങൾ സംശയിക്കുന്നത്’’ –മാത്യു കുഴൽനാടൻ പറഞ്ഞു.

‘ കേസില്‌‍ വീണ വിജയന് ക്ലീൻ ചിറ്റ് നൽകുന്നത് ബുദ്ധിമുട്ടായിരിക്കും. അതിന് ഏജൻസികൾ ശ്രമിച്ചാൽ അവരും തുറന്നു കാട്ടപ്പെടും. പ്രകടമായ നിയമലംഘനങ്ങൾ നടന്നിട്ടുണ്ട്. ഭാഗ്യവശാലോ നിർഭാഗ്യവശാലോ പല ഇടപാടുകളും ഡിജിറ്റലാണ്. അത് രേഖകളിൽനിന്ന് നീക്കം ചെയ്യാൻ കഴിയില്ല. കേസ് വലിയൊരു പരിധിവരെ തെളിയിക്കപ്പെട്ടു കഴിഞ്ഞു. പ്രതികൾക്കെതിരെ കേസെടുത്ത് ശിക്ഷിക്കുന്നതിൽ നിയമം ഉചിതമായ നടപടി സ്വീകരിക്കുമോ എന്നത് മാത്രമാണ് ചോദ്യം.’

മുഖ്യമന്ത്രിയെ താൻ ശത്രുവായിട്ടല്ല, രാഷ്ട്രീയ എതിരാളിയായി മാത്രമേ കണക്കാക്കുന്നുള്ളൂവെന്ന് കുഴൽനാടൻ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരായ സമീപനത്തിൽ താൻ ശരിയായ പാതയിലാണെന്ന് വിശ്വസിക്കുന്നതായി അദ്ദേഹം പറഞ്ഞു.‘മുഖ്യമന്ത്രിയുടേയും കുടുംബാംഗങ്ങളുടേയും നിയമവിരുദ്ധമായ പല നടപടികളും ചോദ്യം ചെയ്യാൻ അവസരം ലഭിച്ചിട്ടുണ്ട്. ഒരു നിയമസഭാംഗമെന്ന നിലയിൽ അതിൽ സന്തോഷമുണ്ട്.  തന്റെ ജോലി കഴിയുന്നത്ര കൃത്യമായി ചെയ്യുന്നുണ്ടെന്നും കുഴൽനാടൻ പറഞ്ഞു.

50 സെന്റ് ഭൂമി കൈയേറിയെന്ന ആരോപണത്തിൽ  റവന്യൂ വകുപ്പ് നടത്തിയ അന്വേഷണത്തിൽ ഉണ്ടായേക്കാവുന്ന നടപടിയേക്കുറിച്ച് തനിക്ക് ആശങ്കയില്ലെന്നു വ്യക്തമാക്കിയ കുഴൽനാടൻ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ആരോപണങ്ങൾ ഉന്നയിക്കാൻ തുടങ്ങിയതുമുതൽ തന്നെ സർക്കാർ വേട്ടയാടുകയാണെന്ന് ജനങ്ങൾക്കറിയാമെന്നും അവകാശപ്പെട്ടു. തന്റെ കൈവശമുണ്ടെന്ന് ആരോപിക്കപ്പെടുന്ന അധികഭൂമി സർക്കാർ ഏറ്റെടുത്താലും അത് തിരിച്ചടിയാകില്ല. നിയമത്തെ പൂർണമായും ബഹുമാനിക്കുന്നു. തന്റെ നിലപാട് ജനങ്ങളോട് വിശദീകരിക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

English Summary:

Case against Veena Vijayan proven so far, only question about punishment: Mathew Kuzhalnadan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com