ADVERTISEMENT

തിരുവനന്തപുരം ∙ ഗതാഗതമന്ത്രി കെ.ബി.ഗണേഷ്കുമാറുമായി അഭിപ്രായവ്യത്യാസമില്ലെന്നും കൂടുതൽ ചുമതലകൾ ആരോഗ്യത്തെ ബാധിക്കുന്നതിനാലാണ് കെഎസ്ആർടിസി സിഎംഡി സ്ഥാനവും ഗതാഗത സെക്രട്ടറി സ്ഥാനവും ഒഴിയാൻ താൽപര്യമുണ്ടെന്ന് സർക്കാരിനെ അറിയിച്ചതെന്നും ബിജു പ്രഭാകർ. 

മികച്ചൊരു ടീം ഉദ്യോഗസ്ഥർ കെഎസ്ആർടിസിയുടെ തലപ്പത്തുണ്ട്. അതുകൊണ്ടാണ് സ്ഥാനമൊഴിയാൻ തീരുമാനിച്ചത്. പുതിയ മന്ത്രി കെ.ബി.ഗണേഷ്കുമാർ ചുമതലയേറ്റെടുത്ത് അദ്ദേഹവുമായി ആദ്യ കൂടിക്കാഴ്ചയിൽ തന്നെ സ്ഥാനമൊഴിയുന്ന കാര്യം പറഞ്ഞിരുന്നു. മന്ത്രി എതിർത്തു. ഇന്നലെ അദ്ദേഹത്തോട് ഇക്കാര്യം നേരിട്ടു പറ‍ഞ്ഞപ്പോഴും സ്ഥാനമൊഴിയരുത്, തുടരണമെന്നാണു മന്ത്രി നിർദേശിച്ചതെന്നും ബിജു പ്രഭാകർ ‘മനോരമ’യോട് പറഞ്ഞു. ചീഫ് സെക്രട്ടറിയെ ബോധ്യപ്പെടുത്തിയ ശേഷമാണ് കത്തു നൽകിയതെന്നും സർക്കാരിന്റെ തീരുമാനത്തിനു കാത്തിരിക്കുകയാണെന്നും ബിജു പ്രഭാകർ പറഞ്ഞു. വ്യക്തിപരമായ ആവശ്യങ്ങൾ ഉള്ളതിനാൽ 10 ദിവസം അവധിയും മന്ത്രിയുടെ അനുമതിയോടെ എടുത്തു. 

6 ചുമതലകളാണ് ഇപ്പോൾ വഹിക്കുന്നത് – ഗതാഗത വകുപ്പിൽ തന്നെ സെക്രട്ടറി, കെഎസ്ആർടിസിയുടെയും സ്വിഫ്റ്റിന്റെയും സിഎംഡി, കെടിഡിഎഫ്സി ചെയർമാൻ എന്നീ സ്ഥാനങ്ങൾക്കു പുറമേ ഗുരുവായൂർ ദേവസ്വം കമ്മിഷണറും കൂടൽമാണിക്യം ദേവസ്വം കമ്മിഷണറുമാണ്. കെഎസ്ആർടിസി സിഎംഡി സ്ഥാനം മാത്രമല്ല, ഗതാഗത സെക്രട്ടറി സ്ഥാനവും ഒഴിയുന്നതിന് മുൻമന്ത്രിയുടെ കാലത്ത് കഴിഞ്ഞ ജനുവരിയിൽ ആവശ്യപ്പെട്ടിരുന്നതാണ്.

കെഎസ്ആർടിസിയിൽ മുൻപ് റെക്കോർഡ് കലക്‌ഷൻ വന്നത് 2019ൽ ആയിരുന്നു –  213 കോടി. ഇപ്പോൾ അത് മാസം 245 കോടിയിലെത്തി. ദിവസവരുമാന  റെക്കോർഡ് 8.5 കോടിയായിരുന്നത് 9 കോടിയെത്തി – ബിജു പ്രഭാകർ പറഞ്ഞു.

കെഎസ്ആർടിസി വരുമാനം ഇരട്ടിയോളം

തിരുവനന്തപുരം ∙ ഏറ്റവും കൂടുതൽ വരുമാനം നേടിയ അഞ്ചു പൊതു മേഖലാ സ്ഥാപനങ്ങളുടെ പട്ടികയിൽ കെഎസ്ആർടിസിയും. 2022 - 2023 ൽ കെഎസ്ആർടിസിയുടെ വരുമാനം 2410 കോടി രൂപയാണ്. 2021– 2022ൽ ലഭിച്ച 1217 കോടിയിൽ നിന്നാണ് ഇരട്ടിയോളമുള്ള കുതിപ്പ്. ലാഭത്തിലുള്ള മറ്റു കോർപറേഷനിൽ ഒന്നിനുപോലും ഇത്രയും വരുമാന വളർച്ചയില്ലെന്നതും കെഎസ്ആർടിസിക്ക് അഭിമാനിക്കാം. ബജറ്റ് ടൂറിസം, ടിക്കറ്റിതര വരുമാനത്തിന് വിവിധ പദ്ധതികൾ തുടങ്ങിയവ കൂടി വന്നതോടെയാണ് ഇൗ നേട്ടം.

English Summary:

KSRTC CMD Biju Prabhakar has gone on Leave

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com