ADVERTISEMENT

കോണ്‍ഗ്രസ് നേതൃത്വം നൽകിയ യുപിഎ സർക്കാരിലും സംസ്ഥാന സര്‍ക്കാരിലും മന്ത്രിയായിരുന്നിട്ടുണ്ട് കെ.വി.തോമസ്. കേന്ദ്ര ഭക്ഷ്യ, പൊതുവിതരണ മന്ത്രിയായിരുന്നപ്പോള്‍ ദേശീയ ഭക്ഷ്യസുരക്ഷാ നിയമം പാസാക്കാൻ നേതൃത്വം നല്‍കിയ മന്ത്രിയെന്ന ക്രെഡിറ്റും അദ്ദേഹത്തിനുണ്ട്. ടൂറിസം രംഗത്തും അദ്ദേഹം മികവു പ്രകടിപ്പിച്ചു. പല തവണയായി അഞ്ചു വട്ടം എറണാകുളത്തെ ലോക്സഭയിൽ പ്രതിനിധീകരിച്ചു. 2019 ല്‍ കോണ്‍ഗ്രസ് നേതൃത്വം സീറ്റ് നിഷേധിച്ചതോടെ അദ്ദേഹം കോണ്‍ഗ്രസുമായി അകന്നു തുടങ്ങി. സീറ്റ് നിഷേധിച്ചതല്ല, സംസ്ഥാന നേതൃത്വം തന്നെ അപമാനിച്ചു എന്നാണ് തോമസ് മാഷ് എന്നു വിളിപ്പേരുള്ള കെ.വി.തോമസ് പറയുന്നത്. 2021 ല്‍ നിയമസഭയിലേക്ക് മത്സരിക്കാന്‍ ആലോചിച്ചെങ്കിലും അതും നടന്നില്ല. സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വവുമായി അകന്ന കെ.വി.തോമസ് ഇന്ന് ഡൽഹിയിൽ‍ ക്യാബിനറ്റ് പദവിയോടെ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയാണ്. വീണ്ടുമൊരു ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ കെ.വി.തോമസ് വീണ്ടും മത്സരത്തിനിറങ്ങുമോ? എങ്ങനെയാണ് സിപിഎമ്മുമൊത്തുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനം? കോൺഗ്രസ് രാഷ്ട്രീയത്തെ അദ്ദേഹം എങ്ങനെ വിശേഷിപ്പിക്കുന്നു? ‘മനോരമ ഓൺലൈനി’ൽ കെ.വി.തോമസ് മനസ്സു തുറക്കുന്നു.  

kv-thomas-potrait

∙കേരളത്തോടുള്ള അവഗണനയ്ക്കെതിരെ സംസ്ഥാന സർക്കാർ ഡൽഹിയിൽ സംഘടിപ്പിച്ച പ്രതിഷേധം വളരെ ശ്രദ്ധിക്കപ്പെട്ട ഒന്നാണ്. അതിന്റെ സംഘാടനത്തിൽ സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധി എന്ന നിലയില്‍ താങ്കളും മുഖ്യപങ്കു വഹിച്ചിട്ടുണ്ട്. എങ്ങനെയായിരുന്നു ഇതിന്റെ ഒരുക്കങ്ങൾ?

അത് ഒരാളും ഒറ്റയ്ക്കു െചയ്ത കാര്യമല്ല, എളമരം കരീമും എം.എ.ബേബിയും എ.വിജയരാഘവനും ഞാനുമൊക്കെ ഒരുമിച്ചിരുന്നു പ്രവർത്തിച്ചപ്പോള്‍ നടന്നതാണ്. 31 നാണ് മുഖ്യമന്ത്രി വിളിച്ച് കാര്യം പറയുന്നത്. സിപിഎമ്മുകാർ മാത്രമല്ല സംഘാടനത്തിൽ ഉണ്ടായിരുന്നത്, ഈ സമരത്തോട് ആഭിമുഖ്യമുള്ള വിവിധ സംഘടനകളുടെയും സഹായമുണ്ടായിരുന്നു. സംസ്ഥാനത്തിന്റെ കാര്യത്തിൽ അത് അത്യാവശ്യമാണ്. 

∙ഒരു വർഷമായി ഡൽഹിയില്‍ സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധിയാണ്. എങ്ങനെയുണ്ട് എല്‍ഡിഎഫ് സർക്കാരിനൊപ്പമുള്ള പ്രവർത്തനം? 

ഒരു ബുദ്ധിമുട്ടുമില്ല. ഞാൻ ഈ ജോലികൾ മുമ്പും ചെയ്തിട്ടുണ്ട്. 2009 ല്‍ കേന്ദ്രമന്ത്രിയായപ്പോഴാണ് ഭക്ഷ്യസുരക്ഷാ നിയമം കൊണ്ടുവന്നത്. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഹങ്കാരത്തോടെ പറയുന്ന ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കിയത് യുപിഎ സര്‍ക്കാരാണ്. അന്നു പലരും ചോദിച്ചു, ‘ഒന്നേകാല്‍ ലക്ഷം കോടി രൂപ വേണം, 2 ലക്ഷം മെട്രിക് ടൺ ഭക്ഷ്യധാന്യം സൂക്ഷിച്ചു വയ്ക്കണം, ഇത് സാധ്യമാകുമോ’ എന്ന് ചോദിച്ചവരുണ്ട്. അത് നടപ്പായില്ലേ. ഞാനത് ഒരു വെല്ലുവിളിയായിട്ടാണ് എടുത്തത്. അതുപോലെ ടൂറിസം വകുപ്പിൽ മന്ത്രിയായി. അതുവരെ കാര്യമായി ശ്രദ്ധ കൊടുക്കാതിരുന്ന ആ മേഖലയിൽ കേരളം ഒരുപാട് മുന്നോട്ടു പോയി. കുമ്പളങ്ങി രാജ്യത്തെ തന്നെ ടൂറിസത്തിൽ മാതൃകാഗ്രാമമാണ്. കഴിഞ്ഞ ഒരാഴ്ച ബംഗാൾ ഗവര്‍ണർ സി.വി.ആനന്ദബോസ് അവിടെ താമസിച്ചു. കുമ്പളങ്ങിയില്‍‍ എങ്ങനെയാണ് ഈ മാറ്റം കൊണ്ടുവന്നത് എന്നതിനെപ്പറ്റിയും ഹോംസ്റ്റേകളെ കുറിച്ചും പഠിക്കാൻ സംഘത്തെ അയയ്ക്കാമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഈ കാര്യങ്ങളിലൊക്കെ നമുക്കൊരു കാഴ്ചപ്പാടുണ്ടാകണം, പ്രതിബദ്ധത ഉണ്ടാവണം. 

കെ.വി.തോമസും മുഖ്യമന്ത്രി പിണറായി വിജയനും
കെ.വി.തോമസും മുഖ്യമന്ത്രി പിണറായി വിജയനും (ഫയൽ ചിത്രം∙മനോരമ)

ഞാൻ പിണറായി വിജയനുമായി അടുക്കാൻ കാരണം, രാഷ്ട്രീയമായ താല്‍പര്യത്തിനപ്പുറത്ത് അദ്ദേഹത്തിന്റെ പ്രവര്‍ത്തനശേഷിയും കഴിവും കൊണ്ടുകൂടിയാണ്. ഞാന്‍ കേന്ദ്രമന്ത്രിസഭയില്‍ ഉള്ളപ്പോഴാണ് ഗെയില്‍ വരുന്നത്. അത് ഗുജറാത്തിലാണ് ആദ്യം വന്നത്. അതു കണ്ടപ്പോള്‍ ഞാൻ എ.കെ.ആന്റണിയോടും വയലാർ രവിയോടും പറഞ്ഞു, ‘നമുക്കും അതു വേണം’. അങ്ങനെ ഞങ്ങളാണ് അത് കൊണ്ടുവന്നത്. എന്നാല്‍ ഗുജറാത്തിലേത് പ്രവർത്തനം ആരംഭിച്ചിട്ടും ഇവിടെ ഒന്നും നടന്നില്ല. ഒട്ടേറെ പ്രശ്നങ്ങളായിരുന്നു. അത് നടപ്പാക്കിയത് ആരാ? പിണറായി വിജയൻ. ദേശീയപാത 30 മീറ്റർ മതിയെന്ന് ഏകകണ്ഠമായി നിയമസഭ പ്രമേയം പാസാക്കിയ സംസ്ഥാനമാണ് കേരളം.

കൊച്ചി പാലാരിവട്ടത്ത് എൽഡിഎഫ് തൃക്കാക്കര മണ്ഡലം തിരഞ്ഞെടുപ്പ് കൺവൻഷനിലെത്തിയ  കെ.വി.തോമസിനെ ഇ.പി. ജയരാജൻ ഷാൾ പുതപ്പിച്ചപ്പോൾ.  മന്ത്രി പി. രാജീവ്, സ്ഥാനാർഥി ഡോ. ജോ ജോസഫ്  എന്നിവർ സമീപം. ചിത്രം : ജോസ്കുട്ടി പനയ്ക്കല്‍ ∙ മനോരമ
കൊച്ചി പാലാരിവട്ടത്ത് എൽഡിഎഫ് തൃക്കാക്കര മണ്ഡലം തിരഞ്ഞെടുപ്പ് കൺവൻഷനിലെത്തിയ കെ.വി.തോമസിനെ ഇ.പി. ജയരാജൻ ഷാൾ പുതപ്പിച്ചപ്പോൾ. മന്ത്രി പി. രാജീവ്, സ്ഥാനാർഥി ഡോ. ജോ ജോസഫ് എന്നിവർ സമീപം. ചിത്രം : ജോസ്കുട്ടി പനയ്ക്കല്‍ ∙ മനോരമ

എന്നാൽ ഇന്ന് 45 മീറ്റർ പാതയും ആകാശപ്പാതയുമൊക്കെ ആയി നമ്മൾ മുന്നോട്ടു പോകുന്നു. അതുപോലെ കൊച്ചി മെട്രേോ, അത് ഉമ്മൻ ചാണ്ടിയുടെ സംഭാവനയാണ്. അന്ന് ഉമ്മൻ ചാണ്ടി എന്നോടു പറഞ്ഞു, ‘ആരും എടുക്കാനില്ല, നമുക്ക് അദാനിയോട് ഒന്നു സംസാരിക്കാം’ എന്ന്. ഞാൻ അങ്ങനെ ഔദ്യോഗികമായിത്തന്നെ അവരോടു സംസാരിക്കുകയും ചെയ്തിരുന്നു. പാലാരിവട്ടം വരെ ഉമ്മൻ ചാണ്ടി കൊണ്ടുവന്നു. പിന്നീട് അത് മുന്നോട്ടു കൊണ്ടുപോയത് പിണറായിയാണ്. ഇപ്പോള്‍ രണ്ടാം ഘട്ടം നടപ്പാക്കുന്നതും പിണറായിയാണ്. അദ്ദേഹത്തിന് അങ്ങനെയൊരു കാഴ്ചപ്പാടുണ്ട്. 

kv-thomas-1
കെ.വി.തോമസ് (ഫയൽ ചിത്രം∙മനോരമ)

ഞാന്‍ സിപിഎമ്മിൽ ചേർന്ന ഒരാളല്ല. ഞാൻ ഇന്നും കോൺഗ്രസില്‍ അംഗത്വമുള്ളയാളാണ്. എന്നെ ഇവിടെയുള്ള ആളുകള്‍ വിളിക്കുകയോ അടുപ്പിക്കുകയോ ചെയ്യാറില്ല, എന്നാൽ സോണിയാ ഗാന്ധിയും മല്ലികാർജുൻ ഖർഗെയുമൊക്കയായി നല്ല അടുപ്പമുണ്ട്. എന്നോടു പറഞ്ഞത് ഞാൻ സിപിഎമ്മിന്റെ പാർട്ടി കോൺഗ്രസിനോട് അനുബന്ധിച്ച സെമിനാറില്‍ പങ്കെടുത്തതാണ് പ്രശ്നമെന്നാണ്. അത് സ്റ്റാലിനൊപ്പമാണ് പങ്കെടുത്തത്. ഞാനാണോ ഇത്തരം പരിപാടിക്ക് ആദ്യമായി പങ്കെടുത്തത്? അതിനു മുമ്പ് ആരും പോയിട്ടില്ലേ? അതിനു ശേഷവും ആരും പോയിട്ടില്ലേ? അപ്പോൾ അത് എന്നെ വെട്ടാനുള്ള വാളായി ഉപയോഗിച്ചു. പി.ടി.തോമസ് മരിച്ച ശേഷം തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് വന്നപ്പോൾ സ്ഥാനാർഥിയാകുന്ന കാര്യം ഉമ എന്റെ ഭാര്യയെ വിളിച്ചു പറഞ്ഞിരുന്നു. 

ഞങ്ങള്‍ തമ്മിൽ വലിയ അടുപ്പമുള്ള ആളുകളാണ്. ഞാൻ ഉമയോടൊപ്പം നിന്ന ആളാണ്. പിന്നെ അവര് പറഞ്ഞു മാഷ് വരേണ്ടെന്ന്. ഇങ്ങനെ ഓരോ ഘട്ടത്തിലും നമ്മളെ തള്ളി  മാറ്റുകയായിരുന്നു. 2019ല്‍ എനിക്ക് സീറ്റ് നിഷേധിച്ചതെന്തിനാണ്? അത് എന്നോടു കൂടിയൊന്നു പറയണ്ടേ? ഇങ്ങനെെയാരു സാഹചര്യമുള്ളതു കൊണ്ടാണെന്നു പറഞ്ഞാല്‍ ഞാൻ സഹകരിച്ചേനെ. 2021 ൽ ഞാൻ എറണാകുളത്തുനിന്ന് നിയമസഭയിലേക്ക് മത്സരിക്കാൻ പോയതാ. അപ്പോള്‍ സോണിയാ ഗാന്ധി വേണ്ടെന്നു പറഞ്ഞു. അങ്ങനെയാണ് വർക്കിങ് പ്രസിഡന്റാക്കിയത്. പിന്നെ എന്റെ വർക്കിങ് പ്രസിഡന്റ് സ്ഥാനം എടുത്തുകളഞ്ഞത് എന്തിനാണ്? മറ്റു രണ്ടു വർക്കിങ് പ്രസിഡന്റുമാരായ കെ.സുധാകരനെയും കൊടിക്കുന്നില്‍ സുരേഷിനെയും നിലനിർത്തി. എന്നെ പുറത്താക്കി. അങ്ങനെ അപമാനിക്കപ്പെടുന്ന  സാഹചര്യമുണ്ടായി. 

മുഖ്യമന്ത്രി പിണാറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനുമൊപ്പം കെ.വി.തോമസ് (File Photo: Sameer A Hameed/Manorama)
മുഖ്യമന്ത്രി പിണാറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനുമൊപ്പം കെ.വി.തോമസ് (File Photo: Sameer A Hameed/Manorama)

പിന്നീട് മുഖ്യമന്ത്രി പിണറായി വിജയൻ എന്നോടു പറഞ്ഞു, ‘മാഷ് സിപിഎമ്മിലൊന്നും ചേരണ്ട, മാഷ് മാഷായിത്തന്നെ നിന്നാൽ‍ മതി, അതാണ് ഞങ്ങൾക്ക് വേണ്ടത്’. അതുകൊണ്ട് ഞാനിപ്പോൾ കേരളത്തിനു വേണ്ടി പ്രവർത്തിക്കുന്നു. കരുണാകരന്റെ കൂടെ ജോലി ചെയ്ത ആളാണ് ഞാന്‍. അത്രയും കടുപ്പക്കാരനായ ഒരാളാണ്. ഞാൻ  ഇഷ്ടപ്പെട്ടത് ലീഡറെയാണ്. അതുപോലെയൊരു ബന്ധമാണ് പിണറായി വിജയനുമായുള്ളത്. അദ്ദേഹം പറയുന്ന കാര്യങ്ങളിൽ ചെയ്യാൻ സാധിക്കുന്നത് ചെയ്തു കൊടുക്കുന്നു. 

∙കേരളത്തിന്റെ ആവശ്യങ്ങള്‍ക്കു വേണ്ടിയായിരുന്നു ഡല്‍ഹിയിലെ സമരം. എന്നാൽ കോൺഗ്രസ് നേതൃത്വം ഇതില്‍ പങ്കെടുത്തില്ല. അവരെ പങ്കെടുപ്പിക്കാൻ താങ്കളുടെ ഭാഗത്തുനിന്ന് ശ്രമമുണ്ടായോ?

മുഖ്യമന്ത്രി എഴുതിയ കത്ത് ഖർഗെയ്ക്ക് കൊടുത്തു, ക്ഷണിച്ചു. എന്നാല്‍ അവർ പങ്കെടുത്തില്ല. ഇനി സിപിഎമ്മിന്റെ കൂടെയോ എൽഡിഎഫിന്റെ കൂടെയോ സമരത്തില്‍ പങ്കെടുക്കാൻ പറ്റില്ലെങ്കിൽ വേണ്ട, കർണാടക ചെയ്തതു പോലെ ഇവർക്ക് ചെയ്തു കൂടായിരുന്നോ? ഒരു 10 എംഎൽഎമാർക്ക് വന്ന് സമരം ചെയ്തുകൂടെ? ഇവർ ആരുടെ കൂടെയാണ്? ജനങ്ങളുടെ കൂടെയോ ബിജെപിയുടെ കൂടെയോ? അതിന് അവർ മറുപടി പറയണ്ടേ? പാർലമെന്റിൽ‍ എന്താണ് നടന്നത്? രാമക്ഷേത്ര ചർച്ച വന്നപ്പോൾ ഒന്നിച്ചു നിൽക്കേണ്ടവരല്ലേ പ്രതിപക്ഷം? മുസ്‍ലിം ലീഗും കേരള കോൺഗ്രസുമൊക്കെ അതിൽ ഇടപെടാതെ മാറി നിന്നു. കോൺഗ്രസ് ചർച്ചയിൽ പങ്കെടുത്തു. എന്താണ് കോൺഗ്രസിന്റെ നയം? ഏതെങ്കിലും കാര്യത്തിൽ ഇപ്പോൾ കോൺഗ്രസിന് ഒരു വ്യക്തതയുണ്ടോ?

∙കേരളത്തില്‍ കോൺഗ്രസിന് ഒരു തലമുറ മാറ്റം വന്നു കഴിഞ്ഞു. ഉമ്മൻ ചാണ്ടി അന്തരിച്ചു. എ.െക.ആന്റണി സജീവരാഷ്ട്രീയം അവസാനിപ്പിച്ച് കേരളത്തിലേക്ക് തിരികെ വന്നു. വി.ഡി.സതീശനും കെ.സുധാകരനുമാണ് ഇപ്പോള്‍ നേതൃത്വത്തിൽ.

അവർ അത് കൊണ്ടുനടക്കട്ടെ. സതീശൻ എന്റെ വിദ്യാര്‍ഥിയാണ്. സുധാകരൻ എന്റെ സുഹൃത്താണ്. എനിക്ക് സന്തോഷമേയുള്ളൂ. അവരത് കൊണ്ടുനടക്കണം. പലരുടെയും തലവെട്ടി താഴെയിട്ടിട്ടല്ല നേതൃത്വം കൊടുക്കേണ്ടത്, എല്ലാവരേയും കൂട്ടിയോജിപ്പിച്ചു കൊണ്ടുപോകുന്നതാണ് നേതൃത്വം. കോൺഗ്രസിൽ വൃദ്ധനേതൃത്വമെന്നോ ഇന്നലെ ജനിച്ചവരെന്നോ ഇല്ലല്ലോ. ഒരു കേ‍ഡർ പാർട്ടിയായ സിപിഎമ്മിൽ പോലും പല പദവികൾക്കും പ്രായപരിധിയും മറ്റും നിശ്ചയിച്ചിട്ടുണ്ട്. എങ്കിലും അങ്ങനെയുള്ളവരെയും അവർ പ്രയോജനപ്പെടുത്തുന്നുണ്ട്. കോണ്‍ഗ്രസിൽ അതാണോ? വെട്ടിനിരത്തിയിട്ട് പിന്നെ ഐക്യം പറഞ്ഞിട്ടെന്താണ് കാര്യം? ഇപ്പോൾ ആരാണ് നേതാവ്? ലീഡറും ആന്റണിയും ഉള്ളപ്പോൾ അവർക്ക് അവരുടേതായ വ്യക്തിത്വമുണ്ടായിരുന്നു, യോജിപ്പുമുണ്ടായിരുന്നു. ഇപ്പോഴുണ്ടോ? 

kv-thomas

ചിലർ ചോദിക്കാറുണ്ട്, പിണറായി വിജയനെതിരെ ഒട്ടേറെ പരാതികൾ ഉയരുന്നുണ്ടല്ലോ എന്ന്. ലീഡർക്കെതിരെ ഇല്ലായിരുന്നോ? തൃശൂരിൽ എവിടെയെങ്കിലും ഒരു രണ്ടുനില കെട്ടിടം വന്നാൽ അപ്പോൾ പറയുമായിരുന്നു, അത് മുരളിയുടേതാണ്, തോമസ് മാഷ് ആണ് ചെയ്തിരിക്കുന്നത്. വൈപ്പിൻ ഭാഗത്തൊക്കെ എന്തെങ്കിലും പറമ്പു കച്ചവടം നടന്നാലും പറയുമായിരുന്നു അത് മാഷിന്റെയാണ്. സിയാലിന്റെ അടുത്തുള്ള ഭൂമി മുഴുവൻ വാങ്ങിയിട്ടിരിക്കുകയാണ് എന്നായിരുന്നു മറ്റൊന്ന്. അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഇങ്ങനെ വന്നുകൊണ്ടിരിക്കും. ഞാനൊക്കെ 4 കേസിൽ പ്രതിയായ ആളാണ്. എന്തെങ്കിലും തെളിയിക്കാൻ പറ്റിയോ? ആരോപണങ്ങൾ കേൾക്കുമ്പോള്‍ വിഷമമുണ്ടാകും. ഇപ്പോഴത്തെ ആരോപണങ്ങൾക്ക് പിന്നിൽ മുഖ്യമന്ത്രിയെ തകർക്കുക എന്ന അജൻഡയുണ്ട്. അതിനൊപ്പം കോൺഗ്രസ് നിന്നുകൊടുക്കണോ? തെറ്റു ചെയ്തത് ആരായാലും ചോദ്യം ചെയ്യപ്പെടണം. അതു വേണ്ടെന്ന് ഞാനും പറയില്ല. കെ.കരുണാകരനെതിരെ എത്ര ആരോപണങ്ങൾ കൃത്രിമമായുണ്ടാക്കി. ‍പാമോയിൽ കേസ് അങ്ങനെയല്ലേ? ചാരക്കേസ് അങ്ങനെയല്ലേ? രാജൻ കേസിൽ ലീഡറെ വെട്ടിലാക്കിയതല്ലേ? ഞാന്‍ ലീഡർക്കൊപ്പം നിന്നയാളാണ്. എന്റെ മുന്നിൽ ഇതെല്ലാം ഉണ്ടല്ലോ. രാജൻ കേസ് വന്നപ്പോൾ പിന്നീട് കേസ് നടത്താൻ കാശില്ലായിരുന്നു. ലീഡര്‍ അവിഹിതമായി 10 പൈസ ഒരു കാലത്തും ഉണ്ടാക്കിയിട്ടില്ല. എന്റെ വിശ്വാസം പിണറായിയും അങ്ങനെ തന്നെയാണ് എന്നാണ്. 

സിപിഎം സെമിനാറിൽ പങ്കെടുക്കാനെത്തിയ കെ.വി.തോമസിന്, കുരിശുമരണത്തിനു മുൻപ് ഗത്‌സമൻ തോട്ടത്തിൽ പ്രാർഥിക്കുന്ന യേശുക്രിസ്തുവിന്റെ ചിത്രം കോടിയേരി ബാലകൃഷ്ണൻ സമ്മാനിച്ചപ്പോൾ.
സിപിഎം സെമിനാറിൽ പങ്കെടുക്കാനെത്തിയ കെ.വി.തോമസിന്, കുരിശുമരണത്തിനു മുൻപ് ഗത്‌സമൻ തോട്ടത്തിൽ പ്രാർഥിക്കുന്ന യേശുക്രിസ്തുവിന്റെ ചിത്രം കോടിയേരി ബാലകൃഷ്ണൻ സമ്മാനിച്ചപ്പോൾ.

∙സിപിഎമ്മും ബിജെപിയുമായി ഒരു രഹസ്യധാരണ ഉണ്ടെന്നാണ് കോൺഗ്രസ് ആരോപണം. താങ്കൾക്കാണെങ്കിൽ നരേന്ദ്ര മോദിയുമായും അടുപ്പമുണ്ട്.


ഒരു കാര്യം തിരിച്ചു ചോദിക്കട്ടെ, എൻ.െക.പ്രേമചന്ദ്രനെ അവർ പറഞ്ഞുവിട്ടതാണോ പ്രധാനമന്ത്രിക്കൊപ്പം ഭക്ഷണം കഴിക്കാൻ? പ്രേമചന്ദ്രൻ പോയാൽ വ്യക്തിബന്ധം, കെ.വി.തോമസ് പോയാൽ വേറെ കുഴപ്പം. എനിക്ക് മോദിയുമായുള്ള ബന്ധം 2001ല്‍ ഞാൻ കേരളത്തില്‍ ഫിഷറീസ് മന്ത്രിയായിരിക്കുമ്പോൾ മുതലുള്ളതാണ്. പിന്നീട് ഞാൻ കേന്ദ്രമന്ത്രിയായപ്പോഴും അദ്ദേഹം മുഖ്യമന്ത്രിയാണ്. അന്ന് ഭക്ഷ്യസാധന വില നിശ്ചയിക്കുന്ന കമ്മിറ്റിയുടെ ചെയർമാൻ അദ്ദേഹമാണ്. അന്ന് ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് അദ്ദേഹം പ്രധാനമന്ത്രിയായപ്പോൾ ഞാൻ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാനാണ്. നോട്ട് നിരോധനം വന്നപ്പോൾ അത് ശരിയല്ല എന്നു ഞാൻ പറഞ്ഞു, താങ്കളെ പിഎസി മുമ്പാെക വിളിപ്പിക്കുമെന്നും. ജിഎസ്ടി വന്നപ്പോഴും ഞാൻ അദ്ദേഹത്തോടു പറഞ്ഞു, ചെയ്ത രീതി ശരിയല്ല എന്ന്. പക്ഷേ വ്യക്തിബന്ധം ഉണ്ട്. അപ്പോൾ എനിക്ക് വ്യക്തിബന്ധം പാടില്ല, എന്റെ വ്യക്തിബന്ധത്തിലുള്ള ഗുണകരമായ കാര്യങ്ങള്‍ സംസ്ഥാനത്തിന് ഉപയോഗിക്കാൻ പാടില്ല എന്നാണ്. കോൺഗ്രസിനൊപ്പം കൈകോർത്തു പിടിച്ചു നടക്കുന്നവർക്ക് പോയി കാപ്പി കുടിച്ചാലും കെട്ടിപ്പിടിച്ചാലും ഒരു കുഴപ്പവുമില്ല. 

∙അപ്പോ‍ൾ ഇരു കൂട്ടർക്കുമിടയിൽ താങ്കൾ ഇടനില നില്‍ക്കാറുണ്ടോ? അങ്ങനെ ആരോപണങ്ങളുണ്ട്.

എന്തുവേണമെങ്കിലും പറയട്ടെ. ഞാൻ എന്തിന്റെ ഇടനിലക്കാരനാണ്? കെ റെയിൽ വേണമെന്ന് ആവശ്യപ്പെടുന്നതും എയിംസ് അനുവദിക്കണമെന്നു പറയുന്നതും ജിഎസ്ടിയിലെ അപാകതകൾ മാറ്റണമെന്നു പറയുന്നതുമൊക്കെ ഇടനിലക്കാരനായിട്ടാണോ?

∙2019 താങ്കളുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കിയ വർഷമാണ്. 5 വർഷത്തിനിപ്പുറം മറ്റൊരു തിരഞ്ഞെടുപ്പു വരാൻ പോകുന്നു. എറണാകുളത്ത് താങ്കളുടെ പേരും കേട്ടു തുടങ്ങിയിട്ടുണ്ട്. 

2019 ല്‍ത്തന്നെ, ഇനി മത്സരിക്കാനില്ല എന്നു കരുതിയതാണ്. 2021 ൽ നിയമസഭയിലേക്ക് മത്സരിക്കണം എന്നുണ്ടായിരുന്നു. പിന്നെ തീരുമാനിച്ചു ഇനി ഈ രംഗത്തേക്കില്ല എന്ന്. അതാണ് എന്റെ നിലപാട്. പിന്നെ, എന്നെ ഭീഷണിപ്പെടുത്തി ഒഴിവാക്കാം എന്നു വിചാരിക്കണ്ട. അതു തന്നെയാണ് കണ്ണൂരിന്റെ കാര്യത്തിലും ഉണ്ടായത്. പോകണ്ട എന്നു പാര്‍ട്ടി പറഞ്ഞപ്പോൾ ഞാന്‍ പോകാതിരുന്നതാണ്. എന്നാൽ, പോയാല്‍ തലവെട്ടിക്കളയും, കാലു വെട്ടിക്കളയും എന്നൊക്കെ ഭീഷണിപ്പെടുത്തിയപ്പോഴാണ് പോയത്. എന്നെ സംബന്ധിച്ചിടത്തോളം പാർലമെന്ററി തിരഞ്ഞെടുപ്പിന്റെ സമയം കഴിഞ്ഞു. പക്ഷേ ഞാനൊരിക്കലും ഉത്തരവാദിത്തത്തിൽനിന്ന് ഒളിച്ചോടില്ല. 

KV-Thomas-with-Hibi-Eden

∙സിപിഎം മത്സരിക്കാൻ ആവശ്യപ്പെട്ടാൽ താങ്കൾ ഉണ്ടാകുമോ? 

എന്റെ നിലപാട് അവർക്ക് അറിയാമല്ലോ. എനിക്കിനി മത്സരിക്കാൻ താൽപര്യമില്ല എന്നു പറഞ്ഞുകഴിഞ്ഞു. മത്സരിക്കാനുള്ള എന്റെ സമയം കഴിഞ്ഞു, അതാണ് എന്റെ വിശ്വാസം. ഇനി മറിച്ചെന്തെങ്കിലും വന്നാൽ അത് അപ്പോൾ നോക്കാം. 

എന്താണ് എറണാകുളം മണ്ഡലത്തിലെ ഒരു രാഷ്ട്രീയ സ്ഥിതി? 

എറണാകുളം കോൺഗ്രസിന് സ്വാധീനമുള്ള മണ്ഡലമാണ്. അത് ഞാൻ തന്നെ ഉണ്ടാക്കിയെടുത്തിട്ടുള്ളതാണ്. അതിലെനിക്ക് സന്തോഷവുമുണ്ട്. ഞാൻ 1985ൽ ഡിസിസി പ്രസിഡന്റായ ആളാണ്. അന്ന് 14 നിയമസഭാ മണ്ഡലങ്ങളില്‍ 3 എണ്ണമേ കോണ്‍ഗ്രസിനുള്ളൂ. 11 എണ്ണത്തിൽ സിപിഎമ്മാണ്. എ.എം.തോമസ് ചേട്ടനൊക്കെ മത്സരിക്കുമ്പോൾ പതിനായിരത്തിന്റെ ഭൂരിപക്ഷമേ ഉള്ളൂ. ഞാനാണത് ഒരു ലക്ഷത്തിനടുത്തേക്ക് എത്തിച്ചത്. ഞാൻ ഗ്രൂപ്പൊന്നും ഉണ്ടാക്കിയിട്ടില്ല. എല്ലാവരേയും ഒരുമിച്ച് നിർത്തി. 2001ൽ ഞാൻ ഒഴിയുമ്പോൾ കോൺഗ്രസിന് 13 സീറ്റ് ഉണ്ടായിരുന്നു. കോൺഗ്രസ് ശക്തമായിരുന്നു. എന്നാല്‍ ഇന്ന് എന്താ സ്ഥിതി? കോണ്‍ഗ്രസിന് നഷ്ടപ്പെടും എന്നൊന്നും ഞാൻ പറയുന്നില്ല. പക്ഷേ അമിതമായ ആത്മവിശ്വാസം കാണിച്ചാൽ ചിലപ്പോള്‍ നഷ്ടപ്പെടും. നഷ്ടപ്പെട്ട അവസരങ്ങൾ ഉണ്ടായിട്ടുണ്ട് ഇവിടെ. ആർക്കുവേണ്ടിയും എഴുതിവച്ച മണ്ഡലമൊന്നുമല്ല. ജനങ്ങൾ‍ തീരുമാനിക്കും. 

KV-Thomas-Sonia-Gandhi
കെ.വി.തോമസ് സോണിയ ഗാന്ധിക്കൊപ്പം (ഫയൽ ചിത്രം)

∙ഇതുപോലെ തന്നെ പറഞ്ഞുകേൾക്കുന്നതാണ് താങ്കളുടെ മകളുടെ പേരും പരിഗണനയിലുണ്ട് എന്ന്.

ഇത് ഞാൻ അന്നേ പറഞ്ഞതാണ്. 2019 ൽ എനിക്ക് സീറ്റ് നിഷേധിച്ചപ്പോൾ ഇവർ പറഞ്ഞു ഞാൻ മകൾക്കുവേണ്ടിയാണ് ചോദിക്കുന്നത് എന്ന്. 2021 ലും ഇതു തന്നെ കേട്ടു. മകൾക്ക് ഇതിൽ താൽപര്യമില്ലെന്ന് ഞാൻ അന്നും പറഞ്ഞു. അവൾക്ക് സ്വന്തമായി ബിസിനസും മറ്റുമുണ്ട്. ഇപ്പോഴും അവള്‍ അതൊക്കെ ചെയ്യുന്നു. പിന്നെ, നാളെ മകൾ എന്താകുമെന്ന് എനിക്കു പറയാൻ പറ്റില്ല. സ്വതന്ത്രരായ മനുഷ്യരാണ്. മികച്ച വനിതാ സംരംഭകയാണ്. എന്തായാലും ഞാൻ ഉണ്ടാക്കിക്കൊടുത്തതാണെന്ന് ആരും പറയില്ല. 

∙അങ്ങനെയൊരു സാധ്യത ഇല്ല എന്നാണോ? 

സാധ്യത ഉണ്ടോ ഇല്ലയോ എന്നല്ല ഞാൻ പറഞ്ഞത്. മകൾ അവളുടെ വ്യക്തിത്വം തെളിയിച്ച ആളാണ്. വെല്ലുവിളികളുള്ള വ്യവസായ സംരംഭം നടത്തുന്ന ആളാണ്. പത്തുനൂറു ജീവനക്കാരുണ്ട്, വാഹനങ്ങളുണ്ട്, ആളുകളുമായി ബന്ധങ്ങളുണ്ട്. പിന്നെ, നാളെ രാഷ്ട്രീയത്തിലേക്കു വരുമോ എന്നു ചോദിച്ചാൽ അതിൽ തീരുമാനമെടുക്കേണ്ടത് അവളാണ്. അതിനുള്ള വ്യക്തിത്വവും പക്വതയുമുണ്ട്. പിന്നെ സംഘടനാ തലത്തിലും പ്രവർത്തിച്ചിട്ടുണ്ട്; വ്യാപാരി വ്യവസായി അസോസിയേഷനിലൊക്കെ. ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ കൊച്ചി പ്രസിഡന്റാണ്. ഒരു ട്രസ്റ്റ് നടത്തുന്നുണ്ട് ഞങ്ങൾ. 50,000 കുട്ടികൾക്ക് ഞങ്ങൾ ഭക്ഷണം കൊടുത്തിരുന്നു. വീണ്ടും അത് ആരംഭിക്കാൻ പോവുകയാണ്. 10,000 കുട്ടികൾക്ക് സ്കോളർഷിപ്പ് കൊടുക്കുന്നുണ്ട്. അതൊക്കെ നോക്കി നടത്തുന്നത് മകളാണ്. എന്റെ മക്കളെല്ലാം നല്ല നിലയിൽ അവരുടെ കഴിവ് തെളിയിച്ചവരാണ്. മകൻ ബാങ്കിങ് മേഖലയിൽ മികച്ച രീതിയിൽ ജോലി ചെയ്യുന്നു. ഇളയ മകൻ അറിയപ്പെടുന്ന ഡോക്ടറാണ്. ഇതൊക്കെ കെ.വി.തോമസിന്റെ രാഷ്ട്രീയം കൊണ്ടുണ്ടായതാണ് എന്നു പറയാൻ പറ്റുമോ? 

കെ.വി.തോമസ് കെ.കരുണാകരനൊപ്പം (ഫയൽ ചിത്രം)
കെ.വി.തോമസ് കെ.കരുണാകരനൊപ്പം (ഫയൽ ചിത്രം)

∙നിലവിലെ എറണാകുളം എംപിയുടെ പ്രവർത്തനങ്ങളെ എങ്ങനെ വിലയിരുത്തുന്നു? 

ഞാനാരെയും കുറ്റമൊന്നും പറയില്ല. ജനം തീരുമാനിക്കട്ടെ. എന്റെ ഒരു സഹപ്രവർത്തകനെ വച്ച് താരതമ്യം ചെയ്യുന്നതോ കുറ്റം പറയുന്നതോ എനിക്കിഷ്ടമല്ല. ജനം തീരുമാനിക്കട്ടെ. എന്റെ ജോലികൾ ഞാൻ ചെയ്യുന്നു. 

എങ്ങനെയാണ് കേരളത്തിലെ ലോക്സഭാ തിരഞ്ഞെടുപ്പിനെ നോക്കിക്കാണുന്നത്? 

എൽഡിഎഫ് മെച്ചപ്പെട്ട പ്രവർത്തനം കാഴ്ചവയ്ക്കും. കഴിഞ്ഞ തവണ ഒരു സീറ്റേ കിട്ടിയുള്ളൂ. രാഹുൽ ഗാന്ധി ഇവിടെ വന്ന് മത്സരിച്ചു, കോൺഗ്രസ് ഭരണത്തിൽ‍ വരും എന്ന പ്രതീതിയുണ്ടായി, ഈയൊരു പശ്ചാത്തലത്തിലാണ് അത് സംഭവിച്ചത്. ഇത്തവണ അതുണ്ടാവില്ല. പിന്നെ, ബിജെപിക്ക് സീറ്റ് കിട്ടുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല, എന്തൊക്കെ ചെയ്താലും. കേരളത്തിന്റെ മണ്ണ് ബിജെപിക്ക് യോജിച്ചതല്ല. 

Rahul-Gandhi-KV-Thomas-Oommen-Chandy
ഫയൽ ചിത്രം

∙ദേശീയതലത്തിെല കോണ്‍ഗ്രസിനെ എങ്ങനെ വിലയിരുത്തുന്നു?

കോൺഗ്രസ് ദുർബലമാകുന്നതിൽ ദുഃഖിക്കുന്ന ഒരാളാണ് ഞാൻ. ഇപ്പോഴിതാ കമൽനാഥ് പാർട്ടി വിടുന്നു എന്നു കേൾക്കുന്നു. ഗുലാം നബി ആസാദിനെ ഇടയ്ക്ക് കണ്ടിരുന്നു. എല്ലാവരും ദുഃഖത്തോടെയാണ് കാണുന്നത്. രാഹുൽ ഗാന്ധിയാണ് കോൺഗ്രസിനു നേതൃത്വം വഹിക്കുന്നത്. എനിക്ക് അദ്ദേഹത്തോടാണ് അഭിപ്രായവ്യത്യാസമുള്ളത്. സോണിയാ ഗാന്ധിയോട് അതില്ല. അവർ എല്ലാവരെയും കൂട്ടിപ്പിടിച്ചു നിർത്തിയവരാണ്. രാഹുൽ ഗാന്ധി കഠിനാധ്വാനിയാണ്. അതിൽ സംശയമൊന്നുമില്ല. എന്നാൽ എല്ലാവരെയും ഒരുമിപ്പിച്ചു കൊണ്ടുപോകാൻ പറ്റണം. അതാണ് നേതൃപാടവം എന്നു പറയുന്നത്. രാഹുലിന് അത് പറ്റുന്നില്ല. ഇപ്പോൾ തിര‍ഞ്ഞെടുപ്പിലേക്ക് പോകുന്നതിനിടയിൽ രണ്ടാം യാത്രയ്ക്ക് എന്താണു പ്രസക്തി?

ആളുകള്‍ കൊഴിഞ്ഞു പൊയ്ക്കൊണ്ടിരിക്കുകയല്ലേ. അത് തടയേണ്ടത് രാഹുൽ ഗാന്ധിയല്ലേ. വ്യക്തിപരമായി അദ്ദേഹവുമായി യാതൊരു പ്രശ്നവുമില്ല. രാഹുലിനെയും പ്രിയങ്കയെയും സ്വന്തം കുടുംബാംഗങ്ങളെപ്പോലെയാണ് കാണുന്നത്. കോൺഗ്രസിന് ബദലായി വേറൊരു സംഘടനയില്ല. പക്ഷേ ഇപ്പോഴത്തെ കോൺഗ്രസിന്റെ പോക്കിൽ ദുഃഖമുണ്ട്. ഇപ്പോഴത്തെ ബിജെപിയുടെ പോക്കും പ്രധാനമന്ത്രിയുടെ പോക്കും ഇന്ത്യന്‍ ജനാധിപത്യത്തിനു ഗുണകരമാണെന്ന് വിശ്വസിക്കുന്ന ആളല്ല ഞാൻ. അതു തടയാൻ കോൺഗ്രസ് ശക്തിപ്പെടണം. അതിന് എല്ലാവരും യോജിച്ചു നിൽക്കണം. പോകുന്നവർ എല്ലാം പൊയ്ക്കോട്ടെ, ഞങ്ങൾ കുറച്ചുപേര്‍ മതി എന്നാണ് കരുതുന്നത് എങ്കിൽ ബുദ്ധിമുട്ടാണ്. 

∙ഖര്‍ഗെ വന്നതിനുശേഷം?

അദ്ദേഹം നല്ല ആളാണ്. പക്ഷേ പരിമിതികൾ ഉണ്ടല്ലോ. എന്തായാലും തീരുമാനമെടുക്കുന്നത് രാഹുൽ ഗാന്ധിയാണ്. അദ്ദേഹം ആരോടു സംസാരിച്ചിട്ടാണ് തീരുമാനമെടുക്കുന്നത് എന്നു ഞാന്‍ പറയേണ്ടല്ലോ. കോൺഗ്രസിന്റെ ദയനീയാവസ്ഥയാണത്. വിഷയങ്ങൾ ഉണ്ടാകുമ്പോൾ ചർച്ച ചെയ്യണം. രാഹുല്‍ ഗാന്ധി പാർലമെന്റിൽ വരികയും ചർച്ചകളിൽ പങ്കെടുക്കുകയും ചെയ്യണം. പാര്‍ലമെന്റിൽ ചർച്ച നടക്കുന്നതിന്റെ ഗുണം പ്രതിപക്ഷത്തിനാണ്, അല്ലെങ്കില്‍ സര്‍ക്കാര്‍‍ ബില്ലുകള്‍ എല്ലാം പാസ്സാക്കി എടുക്കും.

കെ.വി. തോമസ്
കെ.വി. തോമസ്

2009 ൽ മന്ത്രിസഭയില്‍ വന്നപ്പോള്‍ ഞാന്‍ രാഹുല്‍ ഗാന്ധിയോടു പറഞ്ഞതാണ്, മന്ത്രിസഭയില്‍ ചേരണമെന്ന്. 2014ല്‍ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കാൻ പറഞ്ഞു, ഇതിനൊന്നും പക്ഷേ അദ്ദേഹം തയാറല്ലല്ലോ. അദ്ദേഹം എല്ലാവരേയും കേൾക്കണം, ഒരു മിനിറ്റ് എങ്കില്‍ ഒരു മിനിറ്റ്. സോണിയാ ഗാന്ധിക്ക് ആ ഗുണമുണ്ടായിരുന്നു. ഇന്ദിരാ ഗാന്ധിക്കും രാജീവ് ഗാന്ധിക്കും അതുണ്ടായിരുന്നു. എന്തുെകാണ്ട് ആ കുടുംബവുമായി അടുത്തു നിന്നിരുന്നവര്‍ വരെ വിട്ടുപോയി എന്ന് അന്വേഷിക്കണ്ടേ? 

∙വീണ്ടും ചോദിച്ചാൽ, സംസ്ഥാനത്തിന്റെ പ്രത്യേക പ്രതിനിധിയായി തുടരുമോ അതോ ലോക്സഭയിലെ 5 വർഷമാണോ മുന്നിലുള്ളത്? 

ഇനി പാര്‍ലമെന്റിലേക്കു മൽസരിക്കേണ്ടെന്ന് 2019ൽ തീരുമാനിച്ചതാണ് ഞാൻ. മതി. തിരഞ്ഞെടുപ്പുകാലത്ത് വണ്ടിയില്‍ കയറിയിരിക്കുന്ന ആളല്ല ഞാൻ. ഓടിനടന്ന്, വീടുകൾ കയറി, ആളുകളെ കണ്ട് പ്രവർത്തിക്കുന്ന ആളാണ്. ഇന്ന് എന്നെ തിരഞ്ഞെടുത്താല്‍ അടുത്ത തിരഞ്ഞെടുപ്പിലേക്ക് ഇപ്പോഴേ പ്രവർത്തനം തുടങ്ങുന്ന ആളാണ് ഞാൻ. അതുകൊണ്ടു തന്നെ 2019 എന്നെ ഒത്തിരി ദുഃഖിപ്പിച്ചു. എന്നോടൊന്നു പറയാമായിരുന്നു. ഒരുപാട് പ്രതിസന്ധിയുണ്ടായി. സാമ്പത്തികമായും മറ്റും ഒരുപാട് ചെലവു വന്നു. ഒരു വാക്കു പറഞ്ഞിരുന്നു എങ്കില്‍ ഒരുപാട് ആശ്വാസം കിട്ടുമായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പു വന്നപ്പോഴും ഞാൻ പറഞ്ഞു, തോൽക്കുന്ന 5 സീറ്റുകളിൽ ഒരെണ്ണം തരൂ. വൈപ്പിനിലൊക്കെ എന്താണ് സംഭവിച്ചത്? സ്ഥാനാർഥി നിർണയം നടത്തിയത് എന്തിന്റെ അടിസ്ഥാനത്തിലാണ്?

16 കൊല്ലം ഡിസിസി പ്രസിഡന്റും 5 വട്ടം എംപിയും ആയിരുന്ന എന്നോട് ഈ മണ്ഡലങ്ങളുടെ ഒക്കെ കാര്യത്തിൽ ഒരു വാക്ക് ചോദിച്ചുകൂടായിരുന്നോ? കൊച്ചിൻ കോർപറേഷൻ തിരഞ്ഞെടുപ്പ് വന്നപ്പോള്‍ 73 ൽ ഒരു സീറ്റ് ഞാൻ എഴുതിക്കൊടുത്തു. അത് കീറിക്കളയുകയാണ് ചെയ്തത്. അതാണ് ഇവിടുത്തെ നേതൃത്വം. സിപിഎമ്മിൽനിന്നു കോർപറേഷൻ തിരിച്ചുപിടിച്ച ആളാണ് ഞാൻ. ഇപ്പോൾ കോര്‍പറേഷൻ വീണ്ടും സിപിഎമ്മിന് പോയില്ലേ. എന്നെ ബഹുമാനിക്കണ്ട, പക്ഷേ അപമാനിക്കരുത്. 

∙എന്താണ് കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും ഇടപെടലിലും പ്രവര്‍ത്തനങ്ങളിലും കണ്ട വ്യത്യാസങ്ങൾ?

സിപിഎമ്മുമായിട്ടാകുമ്പോൾ, നമ്മൾ ഒരുപാട് കാര്യങ്ങളില്‍ ഇടപെടേണ്ടതില്ല. വേണ്ട കാര്യങ്ങള്‍ അവർ പറയും. അവിടെ കേൾക്കാനാളുണ്ട്. മുഖ്യമന്ത്രിയെ വിളിക്കുന്നു, അദ്ദേഹത്തെ കിട്ടിയില്ലെങ്കിൽ തിരിച്ചു വിളിക്കും, ഗോവിന്ദന്‍ മാഷെ വിളിക്കുന്നു, കിട്ടിയില്ലെങ്കിൽ തിരിച്ചുവിളിക്കും. ചിലപ്പോള്‍ നമ്മള്‍ പറയുന്നതു മുഴുവൻ കേള്‍ക്കണമെന്നില്ല, പക്ഷേ പ്രതികരണം ഉണ്ടാവും. അത് മാന്യമായി പറയും.

English Summary:

KV Thomas about upcoming lok sabha election and his association with CPM

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com