ADVERTISEMENT

തിരുവനന്തപുരം∙ നിയമസഭാ ചോദ്യങ്ങൾക്ക് പൂർണമായി ഉത്തരം നൽകുന്ന രീതി ധനമന്ത്രി ഉള്‍പ്പെടെയുള്ള എല്ലാ മന്ത്രിമാരും സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സ്പീക്കർ എ.എൻ.ഷംസീർ. ഇനിയും മറുപടി നല്‍കാനുള്ള എല്ലാ ചോദ്യങ്ങള്‍ക്കും എത്രയും പെട്ടെന്ന് മറുപടി നല്‍കണമെന്നും സ്പീക്കർ റൂളിങ് നൽകി. ചോദ്യങ്ങള്‍ക്ക് യഥാസമയം മറുപടി ലഭ്യമാകാത്തതു സംബന്ധിച്ചു പ്രതിപക്ഷ നേതാവ് ഉന്നയിച്ച ക്രമപ്രശ്നത്തിന്‍മേലാണ് സ്പീക്കറുടെ റൂളിങ്.

15–ാം കേരള നിയമസഭയുടെ ഒന്നു മുതല്‍ 9 വരെയുള്ള സമ്മേളനങ്ങളില്‍ ധനമന്ത്രി മറുപടി പറയേണ്ട ആകെ 3199 നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങളില്‍ 2943 ചോദ്യങ്ങള്‍ക്ക് ഇതിനകം മറുപടി ലഭ്യമാക്കിയതായി സ്പീക്കർ പറഞ്ഞു. ഇനിയും 256 മറുപടികള്‍ അവശേഷിക്കുന്നു. സഭയുടെ നടപ്പു സമ്മേളനത്തില്‍ ആകെയുള്ള 199 നക്ഷത്രചിഹ്നമിടാത്ത ചോദ്യങ്ങളില്‍ ഒന്നിനുപോലും മറുപടി ലഭ്യമാക്കിയിട്ടില്ല.

ചോദ്യങ്ങള്‍ക്കുള്ള മറുപടികള്‍ നിയമസഭാ സെക്രട്ടേറിയറ്റിനു കൈമാറേണ്ട സമയത്തെ സംബന്ധിച്ച് പ്രതിപാദിക്കുന്ന ചട്ടം 47 പ്രകാരം ചോദ്യോത്തര ദിവസത്തിന്റെ തൊട്ടു തലേദിവസം 5 മണിക്കു മുൻപായി അവ ലഭ്യമാക്കേണ്ടതാണ്. ഏതെങ്കിലും സാഹചര്യത്തില്‍ പ്രസ്തുത സമയപരിധിക്കുള്ളില്‍ ലഭ്യമാക്കുവാന്‍ കഴിയാത്ത സാഹചര്യത്തില്‍ മാത്രമാണ് 15 ദിവസത്തെ കാലദൈര്‍ഘ്യത്തിന് അര്‍ഹത വരുന്നത്. ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതില്‍ 15 ദിവസത്തെ കാലദൈർഘ്യം സ്ഥിരമായി ഉപയോഗപ്പെടുത്തുന്നതിനോട് യോജിക്കുന്നില്ലെന്നും സ്പീക്കർ വ്യക്തമാക്കി.

English Summary:

Speakers Ruling over giving answers to unstarred questions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com