ADVERTISEMENT

മലപ്പുറം∙ കേരളത്തെ സാമ്പത്തികമായി എല്‍.ഡി.എഫ് സര്‍ക്കാര്‍ തകര്‍ത്ത് തരിപ്പണമാക്കി എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ ശരി വയ്ക്കുന്നതാണ് സി.എ.ജി ഓഡിറ്റ് റിപ്പോര്‍ട്ട്. ബജറ്റിനു പുറത്ത് കിഫ്ബിയും പെന്‍ഷന്‍ കമ്പനിയും ഉണ്ടാക്കി 25,874 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാക്കിയെന്നാണ് സി.എ.ജിയുടെ കണ്ടെത്തല്‍. 25,874 കോടിയുടെ ഈ അധിക ബാധ്യത സര്‍ക്കാര്‍ മറച്ചു വച്ചെന്ന് റിപ്പോര്‍ട്ടിലുണ്ടെന്നും സതീശൻ പറഞ്ഞു. 

Read Also: ‘മൂന്നാം സീറ്റ് വേണമെന്ന ലീഗിന്റെ ആവശ്യം ന്യായം, യുഡിഎഫിൽ കലഹമില്ല; രാഹുൽ വയനാട്ടിൽ വേണം’

ബജറ്റിനു പുറത്തുള്ള കടമെടുപ്പ് അപകടം ഉണ്ടാക്കുമെന്ന് പ്രതിപക്ഷം മുന്നറിയിപ്പ് നല്‍കിയതാണെന്നും അദ്ദേഹം വ്യക്തമാക്കി. ‘‘സഞ്ചിത നിധിയില്‍ നിന്നുള്ള പണമെടുത്താണ് കിഫ്ബി വരുത്തുന്ന നഷ്ടം നികത്തുന്നത്. കഴിഞ്ഞ ബജറ്റിനും ഈ ബജറ്റിനും ഇടയില്‍ രണ്ട് തവണ വൈദ്യുതി ചാര്‍ജ് കൂട്ടി. കെട്ടിട നികുതിയും വെള്ളക്കരവും ഇന്ധന നികുതിയും എല്ലാ സേവനങ്ങളുടെയും നിരക്കുകള്‍ കൂട്ടി. ജപ്തി നടപടികള്‍ ഏറ്റവും കൂടുതല്‍ ഉണ്ടായതും കഴിഞ്ഞ വര്‍ഷമാണ്. ഇതിനിടയില്‍ രൂക്ഷമായ വിലക്കയറ്റമുണ്ടായി. പൊതുവിപണിയില്‍ ഇടപെട്ട് വിലക്കയറ്റം പിടിച്ചുനിര്‍ത്തേണ്ട സപ്ലൈകോയെയും ഈ സര്‍ക്കാര്‍ തകര്‍ത്തു. 3000 കോടിയാണ് സപ്ലൈകോയുടെ നഷ്ടം. സബ്‌സിഡി നല്‍കേണ്ട 13 നിത്യോപയോഗ സാധനങ്ങള്‍ സപ്ലൈകോയിലില്ല. അധികാരത്തില്‍ എത്തിയാല്‍ സപ്ലൈകോയിലെ നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധിപ്പിക്കില്ലെന്ന് പറഞ്ഞവരാണ് സബ്‌സിഡി വെട്ടിക്കുറച്ച് വില കൂട്ടിയത്. മാവേലി സ്റ്റോറുകളില്‍ ഉണ്ടാകുന്ന വിലക്കയറ്റത്തിന്റെ പ്രതിഫലനം പൊതുവിപണിയിലും വിലക്കയറ്റമുണ്ടാക്കും. ഈ സര്‍ക്കാര്‍ സ്വീകരിക്കുന്ന എല്ലാ തീരുമാനങ്ങളും സാധാരണക്കാരെ സങ്കടപ്പെടുത്തുന്നതാണ്. അതിനാല്‍ സപ്ലൈകോയിലെ നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധിപ്പാക്കാനുള്ള തീരുമാനം അടിയന്തിരമായി പിന്‍വലിക്കാന്‍ തയാറാകണം.’’– സതീശൻ ആവശ്യപ്പെട്ടു.  

കേരളീയത്തിന്റെയും നവകേരള സദസിന്റെയും പേരില്‍ നടന്ന പിരിവിനു കണക്കില്ലെന്നും അദ്ദേഹം ആരോപിച്ചു . ‘‘ഉദ്യോഗസ്ഥരെ ഉപയോഗിച്ച് വ്യാപകമായി കള്ളപ്പിരിവ് നടത്തി. രാഷ്ട്രീയ പ്രചരണം നടത്താന്‍ ഉദ്യോഗസ്ഥരെ ഇറക്കി പിരിവ് നടത്തുകയാണ്. നികുതി വെട്ടിപ്പ് തടയേണ്ട ഉദ്യോഗസ്ഥനാണ് ഏറ്റവും കൂടുതല്‍ പണം പിരിച്ചത്. കേരളത്തില്‍ ഏതെങ്കിലും കാലത്ത് ഇതുപോലൊരു പിരിവ് നടന്നിട്ടുണ്ടോ?’’– പ്രതിപക്ഷ നേതാവ് ചോദിച്ചു.  തിരഞ്ഞെടുപ്പ് കാലത്ത് സര്‍ക്കാര്‍ പരിപാടി എന്ന പേരില്‍ രാഷ്ട്രീയ പ്രചരണമാണു സംഘടിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഒരു കോടി പിരിക്കുന്ന ചില ഉദ്യോഗസ്ഥർ പത്തു ലക്ഷം മാത്രമാണ് നല്‍കുന്നത്. ഉദ്യോഗസ്ഥര്‍ ജനങ്ങളെ പേടിപ്പിച്ചാണ് പണപ്പിരിവ് നടത്തുന്നതെന്നും സതീശൻ കൂട്ടിച്ചേർത്തു. 

English Summary:

CAG Report Unveils Kerala Government's Extra-Budgetary Blunders, Says V.D. Satheesan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com