ADVERTISEMENT

കൊച്ചി ∙ 2022–23 സാമ്പത്തിക വർഷം സിപിഎമ്മിന് കേരളത്തിൽനിന്ന് ഏറ്റവും കൂടുതൽ സംഭാവന ലഭിച്ചത് സർക്കാരുമായി നിരന്തരം കൊമ്പുകോർക്കുന്ന കിറ്റെക്സ് ഗ്രൂപ്പിൽനിന്ന്! സംഭാവന നൽകിയവരുടെ വിശദാംശങ്ങൾ ഉൾപ്പെടുത്തി സിപിഎം തിരഞ്ഞെടുപ്പു കമ്മിഷനു സമർപ്പിച്ച റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച വിവരമുള്ളത്. മുപ്പതുലക്ഷം രൂപയാണ് ചെക്ക് വഴി കിറ്റെക്സ് സിപിഎമ്മിനു കൈമാറിയത്. ദേശീയ തലത്തിൽ സംഭാവന നൽകിയവരുടെ പട്ടികയിൽ രണ്ടാമതാണ് കമ്പനി. 56.8 ലക്ഷം രൂപ സംഭാവന നൽകിയ സിഐടിയു കർണാടക സംസ്ഥാന കമ്മിറ്റിയാണ് പട്ടികയിൽ ഒന്നാമത്.

പാർട്ടിയുടെ വരവ്–ചെലവ് കണക്കുകൾ‌ക്കും സംഭാവനകൾ സംബന്ധിച്ച പ്രസ്താവനയ്ക്കുമൊപ്പം സമർപ്പിച്ച ഫോം 24 ലാണ് സംഭാവന നൽകിയവരുടെ വിവരങ്ങളുള്ളത്. 20,000 രൂപയ്ക്ക് മേൽ സംഭാവന നൽകുന്നവരുടെ വിവരങ്ങളാണ് ഈ ഫോമിൽ രേഖപ്പെടുത്തുക. ഇങ്ങനെ സിപിഎമ്മിന് ആകെ ലഭിച്ചത് 6.2 കോടി രൂപയാണ്.

സിപിഎമ്മിനു സംഭാവന നൽകിയത് സാമാന്യ മര്യാദയുടെ പേരിലാണെന്നാണ് ഇതുസംബന്ധിച്ച് കിറ്റെക്സ് ചെയർമാൻ സാബു ജേക്കബ് പ്രതികരിച്ചത്. ‘‘അവർ തിരഞ്ഞെടുപ്പു ഫണ്ട് ചോദിച്ച് സമീപിച്ചിരുന്നു. ഞങ്ങൾ സാമാന്യ മര്യാദയുടെ പേരിൽ‌ സംഭാവന നൽകി. അത് തികച്ചും സ്വാഭാവികമായ നടപടിയാണ്. അല്ലാതെ അവരെ പേടിയുള്ളതുകൊണ്ടല്ല പണം നൽകിയത്. പണം വാങ്ങിയ ശേഷവും അവർ ഞങ്ങൾക്കു നേരെ വരുന്നുണ്ടെങ്കിൽ ചോദ്യം ചെയ്യേണ്ടത് അവരുടെ തത്വങ്ങളെയാണ്.’’ സാബു ജേക്കബ് പറഞ്ഞു. ബാങ്ക് അക്കൗണ്ടുകൾ വഴി മാത്രമാണ് സംഭാവന നൽകിയതെന്നും തൃക്കാക്കര ഉപതിരഞ്ഞെടുപ്പു സമയത്തായിരുന്നു അതെന്നും സാബു വ്യക്തമാക്കി.

എന്നാൽ, ഇതു സംബന്ധിച്ച് തനിക്ക് ഒന്നുമറിയില്ലെന്നും സംഭാവനകൾ സംബന്ധിച്ച വിവരങ്ങൾ കൈകാര്യം ചെയ്യുന്നത് അക്കൗണ്ട്സ് വിഭാഗമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. കേരളത്തിൽനിന്ന് വ്യക്തികൾ, സ്വർണവ്യാപാരികൾ, ബിൽഡർമാർ എന്നിവരിൽനിന്നാണ് സിപിഎമ്മിന് സംഭാവനകൾ ഏറെയും ലഭിച്ചത്.

English Summary:

CPM's biggest fund contributor in Kerala was KITEX Group in 2022-23

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com