ADVERTISEMENT

തിരുവനന്തപുരം∙ വന്യമൃഗശല്യവുമായി ബന്ധപ്പെട്ട അന്തർസംസ്ഥാന കരാറിൽ കേരളവും കർണാടകയും ഒപ്പിട്ടു. മനുഷ്യ – മൃഗ സംഘർഷ മേഖല അടയാളപ്പെടുത്തുക ഉള്‍പ്പെടെയുള്ള നാലുനിർദേശങ്ങളാണു കരാറിലുള്ളത്. വന്യമൃഗപ്രശ്നങ്ങളിൽ ഇടപെടുന്നതിലെ കാലതാമസം ഒഴിവാക്കും. സംസ്ഥാന വനം മന്ത്രി എ.കെ.ശശീന്ദ്രൻ, കർണാടക വനം മന്ത്രി ഈശ്വര്‍ ഖണ്‍ഡ്രെ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്. തമിഴ്നാട്ടിൽനിന്ന് മുതുമലൈ ഫീല്‍ഡ് ഡയറക്ടറായ മുതിർന്ന വനം വകുപ്പ് ഉദ്യോഗസ്ഥനാണ് എത്തിയത്. കേരള-കര്‍ണാടക വനം വകുപ്പ് മന്ത്രിമാരാണ് ചാര്‍ട്ടറില്‍ ഒപ്പിട്ടത്. തമിഴ്നാട്ടില്‍നിന്നുള്ള വനം മന്ത്രി എം. മതിവേന്ദൻ യോഗത്തില്‍ എത്താത്തതിനാല്‍ ഒപ്പിട്ടിട്ടില്ല.

Read Also: വയനാട്ടിൽ വന്യജീവി ആക്രമണത്തിൽ ഒരാൾക്ക് പരുക്ക്

വന്യമൃഗ ശല്യം തടയാൻ ഏതെല്ലാം തലത്തിൽ സഹകരണം സാധ്യമാകും എന്നാണ് യോഗം പ്രധാനമായും വിലയിരുത്തിയത്. വന്യമൃഗശല്യത്തില്‍ വേഗത്തിലുള്ള ഇടപെടലിനും ഏകോപനത്തിനുമായി അന്തര്‍ സംസ്ഥാന ഏകോപന സമിതിയും രൂപവത്കരിക്കാൻ യോഗത്തില്‍ തീരുമാനിച്ചു. റെയിൽ ഫെൻസിങ്ങിനു കേന്ദ്രം സഹായം നൽകുന്നില്ലെന്നു കർണാടക വനംമന്ത്രി വ്യക്തമാക്കി. വന്യജീവി നിയമത്തിൽ കാലോചിതമായ മാറ്റം വേണമെന്നു വനംമന്ത്രി എ.കെ. ശശീന്ദ്രൻ ആവശ്യപ്പെട്ടു. 

ചാർട്ടറിൽ ഉൾപ്പെടുത്തിയ 4 ലക്ഷ്യങ്ങൾ

  1. മനുഷ്യ – വന്യമൃഗ സംഘർഷ മേഖല അടയാളപ്പെടുത്തുക. വന്യമൃഗ ശല്യത്തിന്‍റെ അടിസ്ഥാന കാരണം കണ്ടെത്തുക. പ്രശ്നം ലഘൂകരിക്കുന്നതിനുള്ള വഴികള്‍ തേടുക.
  2. പ്രശ്നങ്ങളില്‍ നടപടിയെടുക്കുന്നതിലെ കാലതാമസം ഒഴിവാക്കുക. അതിവേഗ ഇടപെടലിനു നടപടി.
  3. വിഭവ സഹകരണം വിവരം വേഗത്തിൽ കൈമാറല്‍, വിദഗ്ധ സേവനം ഉറപ്പാക്കല്‍. വിഭവശേഷി വികസനം, അടിസ്ഥാന സൗകര്യ വികസനം, കാര്യക്ഷമത എന്നിവ കൂട്ടുക.
  4. അന്തര്‍സംസ്ഥാന ഏകോപന സമിതിയുടെ പ്രവര്‍ത്തന രീതി ICC (interstate coordination committee)
  • നോഡല്‍ ഓഫിസര്‍
  • രണ്ടു സംസ്ഥാനങ്ങളെ തമ്മിൽ ബന്ധിപ്പിക്കാൻ അസി. നോഡല്‍ ഓഫിസർമാർ
  • ഒരു ഉപദേശക സമിതി
  • മൂന്ന് സംസ്ഥാനത്തുനിന്നും അംഗങ്ങൾ
  • വർക്കിങ് ഗ്രൂപ്പ്‌ (പ്രശ്ന മേഖലയിൽ ഇടപെടാൻ)

മൂന്നു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ബന്ദിപ്പൂർ, മുതുമലൈ, നാഗർഹോളെ, വയനാട് വന്യജീവി സങ്കേതങ്ങളിൽനിന്നുള്ള ആനകൾ പലഭാഗത്തും നാട്ടിലിറങ്ങുന്നുണ്ട്. വ്യാപക കൃഷിനാശവും പതിവാണ്. ഈ സാഹചര്യത്തിലാണ് യോഗം ചേര്‍ന്നത്. മൂന്ന് സംസ്ഥാനങ്ങൾക്കും ബാധകമായ നയരൂപീകരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയായി. ബേലൂർ മഖ്നയുണ്ടാക്കിയ പ്രശ്നങ്ങൾക്കു പിന്നാലെയാണ് യോഗം ചേരാൻ തീരുമാനം ഉണ്ടായത്.

അതേസമയം, വന്യമൃഗശല്യം തടയുന്നതിന് കേന്ദ്ര സഹായം കിട്ടുന്നില്ലെന്ന് കര്‍ണാടക വനം മന്ത്രി ഈശ്വര്‍ ഖണ്‍ഡ്രെ ആരോപിച്ചു. റെയിൽ ഫെൻസിങിനു കേന്ദ്ര സഹായം കിട്ടുന്നില്ലെന്നും പിന്നെ എങ്ങനെ കാട്ടാനകള്‍ നാട്ടിലിറങ്ങുന്നത് തടയാൻ കഴിയുമെന്നും ഈശ്വര്‍ ഖണ്‍ഡ്രെ ചോദിച്ചു.

English Summary:

Kerala and Karnataka Unite for Wildlife Management: Explore the Groundbreaking Agreement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com