ADVERTISEMENT

കോട്ടയം ∙ മുതിർന്ന നേതാക്കളായ പി.സി.ജോർജും തുഷാർ വെള്ളാപ്പള്ളിയും തമ്മിലുള്ള ഭിന്നത എൻഡിഎയ്ക്ക് തലവേദനയാകുന്നു. കോട്ടയത്തു നടന്ന എൻഡിഎ തിരഞ്ഞെടുപ്പ് പ്രചാരണ കൺവൻഷൻ പി.സി. ജോർജ് ബഹിഷ്കരിച്ചു. ബിഡിജെഎസ് നേതാവും സ്ഥാനാർഥിയുമായ തുഷാർ വെള്ളാപ്പള്ളിയുമായുള്ള അഭിപ്രായ ഭിന്നതയാണ് ബഹിഷ്കരണത്തിനു പിന്നിലെന്നാണ് വിവരം. വിളിക്കാത്ത കല്യാണത്തിന് ചോറുണ്ണാൻ പോകുന്ന പാരമ്പര്യം തനിക്കില്ലെന്ന് പി.സി.ജോർജ് പ്രതികരിച്ചു

‘‘ഞാനിപ്പോൾ ബിജെപിയുടെ പ്രവർത്തകനാണ്. ഘടക കക്ഷികളുടെ യോഗത്തിന് ക്ഷണിച്ചാലല്ലേ പോകാൻ പറ്റൂ. എന്നെ ആരും വിളിച്ചിട്ടില്ല. വിളിക്കാത്ത കല്യാണത്തിന് ചോറുണ്ണാൻ പോകുന്ന പാരമ്പര്യം എനിക്കില്ലല്ലോ’’ – പി.സി.ജോർജ് പറഞ്ഞു. നേരത്തെ ഇരുകൂട്ടരും രമ്യമായി പോകണമെന്നും പരസ്യ പ്രതികരണങ്ങൾ പാടില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നിർദേശിച്ചിരുന്നു. പത്തനംതിട്ടയിൽ അനിൽ ആന്റണിയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതോടെ അതിനെതിരെ പി.സി.ജോർജ് രംഗത്തുവന്നു. തുഷാറിന്റെ സ്ഥാനാർഥിത്വത്തിനു പിന്നാലെ ‘സ്മോൾ ബോയ്’ എന്ന വിശേഷണമാണ് പി.സി നൽകിയത്.

തുഷാറിന്റെ റോഡ് ഷോയിൽനിന്നും പി.സി വിട്ടുനിന്നിരുന്നു. ഇതിനു പിന്നാലെയാണ് ഞായറാഴ്ച കെ.സുരേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുത്ത കൺവൻഷനിൽനിന്നും വിട്ടുനിന്നത്. എൻഡിഎ കൺവൻഷന്‍ ഉദ്ഘാടനം ചെയ്ത കെ.സുരേന്ദ്രൻ, എൽഡിഎഫിനെയും യുഡിഎഫിനെയും രൂക്ഷമായി വിമർശിച്ചു. ജനങ്ങളുമായി ബന്ധമില്ലാത്ത കാര്യങ്ങളാണ് ഇരുമുന്നണികളും ചര്‍ച്ച ചെയ്യുന്നതെന്നും നേതാക്കൾ അഴിമതിക്കാരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

English Summary:

Rift with Thushar Vellappally; PC George Boycotted NDA Convention

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com