ADVERTISEMENT

താനെ∙ ഇരുപത്തിമൂന്നു ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് ഒൻപതു വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. പുതിയ വീട് പണിയുന്നതിന് പണം കണ്ടെത്തുന്നതിന് വേണ്ടിയാണ് പ്രതിയായ സൽമാൻ മൗലവി കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ‌‌

സൽമാന്റെ അയൽക്കാരനായിരുന്നു ഇബാദ് എന്ന ഒൻപതുവയസ്സുകാരൻ. പുതിയ വീട് പണിയുന്നതിന് പണം കണ്ടെത്താൻ സാധിക്കാതെ വന്നതോടെ ഇബാദിനെ തട്ടിക്കൊണ്ടുപോയി വലിയ തുക മോചനദ്രവ്യമായി ആവശ്യപ്പെടാൻ സൽമാൻ പദ്ധതിയിട്ടു. വീടിന് സമീപമുള്ള പള്ളിയിൽ നിന്ന് വൈകുന്നേരത്തെ പ്രാർഥന കഴിഞ്ഞ് പുറത്തിറങ്ങിയ കുട്ടിയെ സൽമാൻ തട്ടിക്കൊണ്ടുപോവുകയായിരുന്നു. 

പള്ളിയിൽ നിന്നും കുട്ടി തിരികെയെത്താതായതോടെ വീട്ടുകാർ തിരച്ചിൽ ആരംഭിച്ചു. അതിനിടയിലാണ് 23 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടുകൊണ്ട് ഇബാദിന്റെ പിതാവ് മുദ്ദസിറിന് ഫോൺ വരുന്നത്. എന്നാൽ കൂടുതൽ വിവരങ്ങൾ ചോദിച്ചറിയുന്നതിന് മുൻപേ കോൾ വിച്ഛേദിക്കപ്പെട്ടു. കുട്ടിയെ കാണാനില്ലെന്ന വാർത്ത പരന്നതോടെ ഗ്രാമവാസികളും തിരച്ചലിനായി ഇറങ്ങി. ഇതോടെ സമ്മർദ്ദത്തിലായ പ്രതി രക്ഷപ്പെടുന്നതിന് വേണ്ടി തന്റെ സിം കാർഡുകൾ‌ മാറ്റാൻ ശ്രമിച്ചു. 

തിങ്കളാഴ്ച ഉച്ചയോടെ പൊലീസ് സൽമാന്റെ ലൊക്കേഷൻ കണ്ടെത്തി. തുടർന്നുനടത്തിയ തിരച്ചിലിൽ സൽമാന്റെ വീട്ടിലെ ഒരു ചാക്കിൽ നിന്ന് ഇബാദിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ‘‘പ്രതി ഞങ്ങളുടെ കസ്റ്റഡിയിലുണ്ട്. കുട്ടിയെ കൊലപ്പെടുത്തിയതിന് പിന്നിലെ കാരണം അന്വേഷിച്ചുവരികയാണ്.’’ താനെ പൊലീസ് സൂപ്രണ്ട് ഡോ.ഡി.എസ്. സ്വാമി പറഞ്ഞു. 

കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിന് സൽമാനൊപ്പം സഹോദരൻ സഫുവാനെയും പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. സൽമാനെ പ്രധാനപ്രതിയാക്കി എഫ്ഐആർ‌ രജിസ്റ്റർ ചെയ്തു. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നതുൾപ്പടെയുള്ള കാര്യങ്ങളിൽ അന്വേഷണം പുരോഗമിക്കുകയാണ്. 

English Summary:

A nine year old boy was kidnapped and killed by local tailor for 23 lakhs ransom

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com