ADVERTISEMENT

മുംബൈ∙ േദവേന്ദ്ര ഫഡ്നാവിസുമായുള്ള അഭിപ്രായ ഭിന്നതയെത്തുടർന്ന് ബിജെപി വിട്ട് എൻസിപി ശരദ് പവാർ വിഭാഗത്തിൽ ചേർന്ന മുൻ പ്രതിപക്ഷനേതാവും മുൻ മന്ത്രിയുമായ ഏക്നാഥ് ഖഡ്സെ തിരികെ ബിജെപിയിലേക്കു നീങ്ങിയേക്കുമെന്നു സൂചന. ഫഡ്നാവിസ് മുഖ്യമന്ത്രിയായിരിക്കേ, റവന്യു മന്ത്രിയായിരുന്നു ഖഡ്സെ. അഴിമതിക്കേസിൽ ഉൾപ്പെട്ടെന്ന് ആരോപിച്ച് ഫഡ്നാവിസാണ് മന്ത്രിസ്ഥാനത്തുനിന്ന് 2016ൽ നീക്കിയത്. പൊലീസ് മുതൽ ഇ.ഡി വരെ ഖഡ്സെക്കെതിരെ രംഗത്തെത്തിയതോടെ ബിജെപി വിട്ട അദ്ദേഹം 2020ൽ ശരദ് പവാറുമായി കൈകോർക്കുകയായിരുന്നു. നിലവിൽ എൻസിപിയുടെ നിയമസഭാ കൗൺസിൽ അംഗമാണ്. 

എല്ലാ പ്രതിസന്ധികളിലും സംരക്ഷിച്ച ശരദ് പവാറിനെ കൈവിട്ടാണ് ഇപ്പോൾ വീണ്ടും ബിജെപി പാളയത്തിലേക്കു ഖഡ്സെ നീങ്ങുന്നത്. സിറ്റിങ് എംപിയായ മരുമകൾ രക്ഷാ ഖഡ്സെയാണ് ഇത്തവണയും ജൽഗാവിലെ റാവേറിൽനിന്നുള്ള ബിജെപി സ്ഥാനാർഥി. അവർക്കെതിരെ എൻസിപി സ്ഥാനാർഥിയായി ശരദ് പവാർ ഏക്നാഥ് ഖഡ്സെയെ മത്സരിപ്പിക്കാൻ പദ്ധതിയിട്ടിരുന്നു. എന്നാൽ, അദ്ദേഹം വിസമ്മതിച്ചു. പിന്നാലെയാണ് ബിജെപിയിലേക്ക് എന്ന സൂചന പുറത്തുവന്നത്. ഖഡ്സെയുടെ മകൾ രോഹിണി എൻസിപി (ശരദ് പവാർ) വനിതാ വിഭാഗം പ്രസിഡന്റാണ്. 

ഉത്തര മഹാരാഷ്ട്രയിൽ ബിജെപിയെ വളർത്തിയതിൽ നിർണായക പങ്കുവഹിച്ച ഖഡ്സെ പ്രതിപക്ഷനേതാവായിരിക്കെയാണ് 2014ൽ മഹാരാഷ്ട്രയിൽ ബിജെപി അധികാരം പിടിച്ചത്. അദ്ദേഹം മുഖ്യമന്ത്രിയാകുമെന്ന് ഏവരും കരുതി. എന്നാൽ, കേന്ദ്രനേതൃത്വം അപ്രതീക്ഷിതമായി ദേവേന്ദ്ര ഫഡ്നാവിസിനെ മുഖ്യമന്ത്രിക്കസേരയിലെത്തിച്ചു. ഇതിൽ നിരാശനായിരുന്ന ഖഡ്സെയെ പിന്നീട് ഫഡ്നാവിസും പാർട്ടി കേന്ദ്രനേതൃത്വവും തീർത്തും അവഗണിക്കുകയായിരുന്നു.

English Summary:

Eknath Khadse is now hinting at a potential return to BJP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com