ADVERTISEMENT

തിരുവനന്തപുരം∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ എസ്‌ഡിപിഐ പിന്തുണ സ്വീകരിക്കേണ്ടെന്നു യുഡിഎഫ് തീരുമാനം. കെപിസിസി ആക്ടിങ് പ്രസിഡന്റ് എം.എം. ഹസൻ കൂടി പങ്കെടുത്ത വാർത്താ സമ്മേളനത്തിൽ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് ഇക്കാര്യം അറിയിച്ചത്. ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയതകൾ ഒരുപോലെയാണെന്ന് സതീശൻ വ്യക്തമാക്കി. കോൺഗ്രസിന് മുഖ്യമന്ത്രി പിണറായി വിജയൻ സ്റ്റഡി ക്ലാസ് എടുക്കേണ്ടെന്നും സതീശൻ പറഞ്ഞു. അതൊക്കെ എകെജി സെന്ററിൽ മതി. മുഖ്യമന്ത്രിക്ക് ബിജെപിയെ ഭയമാണ്. ബിജെപിക്ക് ഇടമുണ്ടാക്കാനും അവരെ സന്തോഷിപ്പിക്കാനുമാണ് പിണറായിയുടെ ശ്രമമെന്ന ആരോപണവും സതീശൻ ഉയർത്തി.

‘‘ആർക്കുവേണമെങ്കിലും വോട്ട് ചെയ്യാം. സിപിഎമ്മും ബിജെപിയുമൊക്കെ ചങ്ങാതിമാരായി. ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയതകൾ ഒരുപോലെയാണ്. അവരുടെ പിന്തുണ സ്വീകരിക്കില്ല. എസ്ഡിപിഐയുടെ കാര്യത്തിലും അതുപോലെ തന്നെ. പിണറായി വിജയനു ബിജെപിയെ ഭയമാണ്. ഗവർണറുമായി സർക്കാർ ധാരണയിലെത്തി. അതാണ് കേരള ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസായിരുന്ന മണികുമാറിനെ മനുഷ്യാവകാശ കമ്മിഷൻ ചെയർമാനാക്കിയത്’’ – വാർത്താ സമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി.

രാഹുൽ ഗാന്ധി നാമനിർദ്ദേശ പത്രിക സമർപ്പിക്കാനായി എത്തിയ സമയത്ത് കൽപറ്റയിൽ നടത്തിയ റോഡ് ഷോയിൽ കോൺഗ്രസ് പതാക ഉപയോഗിച്ചില്ലെന്ന വിമർശനങ്ങൾക്ക് എം.എം. ഹസൻ മറുപടി നൽകി. ഇതു പാർട്ടിയിലും യുഡിഎഫിലും ആലോചിച്ചു കൈക്കൊണ്ട തീരുമാനമാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തവണ പതാക വിഷയം ബിജെപിയാണു ചർച്ചയാക്കിയതെന്നു പറഞ്ഞ അദ്ദേഹം, ഇത്തവണ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇതു ചർച്ചയാക്കുന്നതെന്നും ചൂണ്ടിക്കാട്ടി.

English Summary:

UDF says no SDPI support: VD Satheeshan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com