ADVERTISEMENT

ബത്തേരി∙ കാറില്‍ മാരക മയക്കുമരുന്നായ എംഡിഎംഎ വച്ച് മുന്‍ ഭാര്യയെയും ഭര്‍ത്താവിനെയും കേസില്‍ കുടുക്കാൻ ശ്രമിച്ച സംഭവത്തിൽ മുഖ്യപ്രതി പിടിയിൽ. ചീരാൽ സ്വദേശിയായ കുണ്ടുവായിൽ ബാദുഷ (25) ആണ് പിടിയിലായത്. വിദേശത്തേക്ക് കടക്കാൻ ശ്രമിക്കവേ ബത്തേരി പൊലീസ് ചെന്നൈ വിമാനത്താവളത്തിൽ വച്ചാണ് ഇയാളെ പിടികൂടിയത്. ഒളിവിലായിരുന്ന ഇയാൾക്കെതിരെ ബത്തേരി പൊലീസ് ലുക്കൗട്ട്‌  സർക്കുലർ പുറപ്പെടുവിച്ച് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലേക്കും അയച്ചു നൽകിയിരുന്നു.

ഇതേത്തുടർന്നാണ് വെള്ളിയാഴ്ച വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗം ഇയാളെ തടഞ്ഞുവച്ച് ബത്തേരി പൊലീസിനു കൈമാറിയത്. 10,000 രൂപ വാങ്ങി കാറില്‍ എംഡിഎംഎ വച്ച ബാദുഷയുടെ സുഹൃത്തായ ചീരാല്‍ പുത്തന്‍പുരക്കല്‍ പി.എം. മോന്‍സിയെ (30) സംഭവം നടന്നതിനു തൊട്ടുപിന്നാലെ പൊലീസ് പിടികൂടിയിരുന്നു. വില്‍പനയ്ക്കായി വെബ്സൈറ്റിൽ നൽകിയിരുന്ന കാര്‍ ടെസ്റ്റ് ഡ്രൈവ് ചെയ്യാനെന്ന പേരില്‍ വാങ്ങിയാണ് മോൻസി ഡ്രൈവര്‍ സീറ്റിനു മുകളിൽ എംഡിഎംഎ ഒളിപ്പിച്ചുവച്ചത്. ഇതിനുശേഷം പൊലീസിനു രഹസ്യവിവരം നല്‍കി ദമ്പതികളെ കുടുക്കാനായിരുന്നു ശ്രമം.

ഇക്കഴിഞ്ഞ മാർച്ച് 17ന് വൈകിട്ടായിരുന്നു സംഭവം. പുല്‍പ്പള്ളി-ബത്തേരി ഭാഗത്തുനിന്നും വരുന്ന കാറില്‍ എംഡിഎംഎ കടത്തുന്നുണ്ടെന്ന രഹസ്യവിവരം ഉച്ചയോടെയാണ് ബത്തേരി സ്‌റ്റേഷനില്‍ ലഭിക്കുന്നത്. വിവരമറിഞ്ഞയുടന്‍ ബത്തേരി പൊലീസ് കോട്ടക്കുന്ന് ജംക്‌ഷനില്‍ പരിശോധന നടത്തി. അതുവഴി വന്ന അമ്പലവയല്‍ സ്വദേശികളായ ദമ്പതികള്‍ സഞ്ചരിച്ച കാറില്‍ നിന്നും 11.13 ഗ്രാം എംഡിഎംഎ കണ്ടെടുക്കുകയും ചെയ്തു.

എന്നാല്‍, തുടര്‍ന്നുള്ള ചോദ്യംചെയ്യലില്‍ ഇവരുടെ നിരപരാധിത്വം പൊലീസിനു ബോധ്യപ്പെട്ടു. തുടര്‍ന്ന് ഇവരോട് എവിടെനിന്ന് വരികയാണ് എന്ന് ചോദിച്ചറിഞ്ഞു. വിൽക്കാനിട്ടിരിക്കുന്ന ഇവരുടെ വാഹനം ടെസ്റ്റ് ഡ്രൈവിനായി ശ്രാവണ്‍ എന്നൊരാള്‍ക്ക് കൊടുക്കാന്‍ പോയതാണെന്ന് അറിയിച്ചു. ഉറപ്പുവരുത്താനായി ശ്രാവണിന്റെ നമ്പര്‍ വാങ്ങി പൊലീസ് വിളിച്ചു നോക്കിയപ്പോള്‍ സ്വിച്ച് ഓഫ് ആയിരുന്നു. ഇതില്‍ സംശയം തോന്നിയ പൊലീസ് നമ്പറിന്റെ ലൊക്കേഷന്‍ കണ്ടെത്തി ഇയാളെ പിടികൂടിയപ്പോഴാണ് സത്യം പുറത്തുവന്നത്.

ശ്രാവണ്‍ എന്നത് മോന്‍സിയുടെ കള്ളപ്പേരാണ് എന്നും ബാദുഷയ്ക്ക് ദമ്പതികളോടുള്ള വിരോധം മൂലം കേസില്‍ കുടുക്കാനുള്ള പദ്ധതിയുടെ ഭാഗമായി സുഹൃത്ത് മോന്‍സിക്ക് പണം നൽകി കാറില്‍ എംഡിഎംഎ ഒളിപ്പിച്ചുവയ്ക്കാന്‍ നിര്‍ദേശിക്കുകയുമായിരുന്നെന്നും പൊലീസ് കണ്ടെത്തി. എസ്ഐ സി.എം. സാബു, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ എൻ.വി. ഗോപാലകൃഷ്ണൻ, എൻ.വി. മുരളിദാസ്, സി.എം. ലബ്‌നാസ് എന്നിവർ പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു.

English Summary:

Police Foil Deadly Drug Trap: Main Suspect in MDMA Case Arrested Before Fleeing the Country

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com