ADVERTISEMENT

കണ്ണൂർ∙ ബോംബ് നിർമിച്ച് കൈയും കാലും പോയ പാർട്ടി പ്രവർത്തകരെ തള്ളിപ്പറയുന്ന സിപിഎം നേതൃത്വം, വലിയ അഴിമതികൾ ചെയ്ത പാർട്ടി നേതാക്കളുടെ മക്കളെ തള്ളിപ്പറയുന്നില്ലെന്ന വിമർശനവുമായി മുസ്‍ലിം ലീഗ് നേതാവ് കെ.എം. ഷാജി രംഗത്ത്. ഇത്തവണ കാര്യമായി വോട്ടു ചെയ്ത് വിജയിപ്പിച്ചില്ലെങ്കിൽ പാർട്ടിയുടെ ചിഹ്‍നം എലിപ്പെട്ടിയായി പോകുമെന്ന് എ.കെ. ബാലൻ ആശങ്കപ്പെടുമ്പോൾ, തിരഞ്ഞെടുപ്പിൽ പാർട്ടി ചിഹ്‍നം ബോംബ് ആക്കിയാൽ എല്ലാ പ്രശ്നവും തീരുമെന്ന് ഷാജി പരിഹസിച്ചു. നേതാക്കളുടെ മക്കൾ ബോംബുണ്ടാക്കി കൈയും കാലും കളയാൻ പോകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയ ഷാജി, പകരം അവർ പണമുണ്ടാക്കാനാണ് പോകുന്നതെന്നും അഭിപ്രായപ്പെട്ടു. കണ്ണൂരിൽ ബോംബ് നിർമാണത്തിനിടെ അപകടത്തിൽപ്പെട്ടവരെ തള്ളിപ്പറഞ്ഞ സിപിഎം, വലിയ കുറ്റകൃത്യം നടത്തിയ മുഖ്യമന്ത്രിയുടെ മകളെ ഇതുവരെ തള്ളിപ്പറഞ്ഞിട്ടില്ലെന്നും ഷാജി ചൂണ്ടിക്കാട്ടി.

‘‘എല്ലാ പാർട്ടി നേതാക്കളുടെ മക്കളും ഇതിനൊന്നും പോകുന്നില്ല. അവർ ബോംബുണ്ടാക്കാൻ പോകുന്നില്ല. കുഴപ്പമുണ്ടാക്കാൻ പോകുന്നില്ല. അവർ പൈസയുണ്ടാക്കാനേ പോകുന്നുള്ളൂ. ബോംബുണ്ടാക്കി കൈ പോകാനും കാലു പോകാനുമുള്ള പണിക്കൊന്നും ഒരു സിപിഎം നേതാവിന്റെ മക്കളും പോകുന്നില്ല. അതുകൊണ്ട് അവരെയൊന്നും തള്ളിപ്പറയേണ്ട ഗതികേട് സിപിഎമ്മിനില്ല.

‘‘ഗതികേട് എന്നു പറഞ്ഞാൽ അഴിമതിക്കേസിലൊന്നും തള്ളിപ്പറയില്ല. പക്ഷേ ഈ കേസിൽ തള്ളിപ്പറയും. കാരണം എന്താണെന്ന് അറിയാമോ? കൈയും കാലും പോയവനെ ഇനി പാർട്ടിക്ക് എന്തിനാണ്? സിപിഎമ്മിലെ വലിയ ക്രിമിനലുകളുടെ കൂടെ ഇവർ നിൽക്കുന്ന ഫോട്ടോ കണ്ടു. അവരുടെ ക്രിമിനൽ സംഘത്തിലെ അംഗമാണ് അവൻ.

‘‘കഴിഞ്ഞ ദിവസം ഞാൻ ഒരു മരണവുമായി ബന്ധപ്പെട്ട് കർണാടകയിൽ പോയി. തിരിച്ചുവരുന്ന വഴി പലതവണ വാഹനം തടഞ്ഞ് പരിശോധന നടത്തി. രാജ്യം ഇത്ര ജാഗ്രതയോടെ നിൽക്കുന്ന സമയത്താണ് ഇവിടെ ബോംബുണ്ടാക്കിയതും സ്ഫോടനത്തിൽ ഒരാളുടെ കൈ അറ്റുപോയതും. ഉടൻ ഉയരുന്ന വാദം എന്താണ്? ഇയാൾ ഞങ്ങളുടെ പാർട്ടിക്കാരനല്ല, ഷൈലജ ടീച്ചറുടെ കൂടെ ആർക്കും ഫോട്ടോ എടുത്തുകൂടേ എന്നൊക്കെയാണ്. അല്ലെങ്കിലും ഈ പ്രതികളെയെല്ലാം എപ്പോഴാണ് സിപിഎം ഏറ്റെടുത്തിട്ടുള്ളത്? ഏതു തരത്തിലാണ് അവരുടെ ആളാണ് എന്നു പറഞ്ഞിട്ടുള്ളത്? അവരുടെ ആൾ ആരാണെന്ന് അറിയാമോ?

‘‘പിണറായി വിജയന്റെ മകൾ വലിയ കുറ്റം ചെയ്തു. അതേക്കുറിച്ച് എസ്എഫ്ഐഒ അന്വേഷിക്കുകയാണ്. പാർട്ടി ഇതുവരെ തള്ളിപ്പറഞ്ഞിട്ടില്ല. അവർ പാർട്ടിക്കാരിയല്ലെന്നും പറഞ്ഞിട്ടില്ല. ഇ.പി. ജയരാജന്റെ മകന്റെ പേരിൽ റിസോർട്ടുമായി ബന്ധപ്പെട്ട് ആരോപണം വന്നു. വലിയ വിവാദമായി. ഈ പാർട്ടിക്കു ബന്ധമില്ലെന്ന് പറഞ്ഞിട്ടില്ല.

‘‘എ.കെ. ബാലൻ സഖാക്കളോട് പറഞ്ഞത് എന്താണ്? നിങ്ങൾ എന്തെങ്കിലും കാട്ടി വോട്ടു ചെയ്യണമെന്നാണ്, അല്ലെങ്കിൽ പാർട്ടിയുടെ ചിഹ്‍നം എലിപ്പെട്ടിയായി പോകുമെന്നാണ്. ബാലൻ ഇനി പേടിക്കുകയേ വേണ്ട. നല്ലൊരു ചിഹ്‍നമുണ്ട്. പാർട്ടിയുടെ ചിഹ്‍നം ബോംബ് ആക്കിയാൽ മതി. തിരഞ്ഞെടുപ്പിൽ സിപിഎമ്മിന് ഏറ്റവും യോജിച്ച ചിഹ്‍നം ബോംബാണ്. അത് അങ്ങോട്ട് അംഗീകരിച്ചു കൊടുത്താൽ ആ ആശങ്ക വേണ്ടല്ലോ. 

‘‘എന്തൊരു പാർട്ടിയാണിത്? ഇതിന്റെയൊക്കെ കാരണം നോക്കിയാൽ ഒറ്റ ഉത്തരമേയുള്ളൂ. ഇപ്പോൾ ഭരിക്കുന്നവരുടെ ഉദ്ദേശ്യം എന്താണ്? പാർട്ടി സെക്രട്ടറി ആരാണ്? ഇവരുടെ പശ്ചാത്തലം എന്താണ്? വെട്ട്, കുത്ത്, അഴിമതി, ബോംബ് എന്നതൊക്കെയാണ് ഇവരുടെ പശ്ചാത്തലം. ഇവരിൽനിന്ന് എങ്ങനെയാണ് സത്യസന്ധമായ ഒരു നിലപാട് പ്രതീക്ഷിക്കാനാകുക?’ – ഷാജി ചോദിച്ചു.

English Summary:

KM Shaji Calls Out CPM for Double Standards on Worker Sacrifice and Scandals Among Leaders' Children

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com