ADVERTISEMENT

‘10 വർഷത്തോളമായി കോട്ടയം മുതൽ തിരുവനന്തപുരം വരെ സ്ഥിരം സഞ്ചരിക്കുന്ന ഞാൻ ഇപ്പോഴും ഭീതിയോടെയാണ് ഓരോ ദിവസവും യാത്ര ചെയ്യുന്നത്’’.  ഇതു പറയുമ്പോൾ  തിരുവനന്തപുരം സ്വദേശിനിയും കോട്ടയത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയുമായ ഷീബയുടെ കണ്ണുകളിലും ആ ഭയം കാണാം. ‘തിരുവനന്തപുരത്തേക്ക് പോകാൻ വൈകിട്ട് ആറേമുക്കാലോടെ കോട്ടയത്ത് എത്തുന്ന വേണാട് എക്സ്പ്രസിലെ ലേഡീസ് കമ്പാർട്ട്മെന്റിൽ തിരക്കു മറികടന്ന് ഒരു വിധമാണ് കയറിപ്പറ്റുന്നത്. കൊല്ലം എത്താറാകുമ്പോഴേക്കും സമയം ഒൻപതോടടുക്കും. അതോടെ ലേഡീസ് കമ്പാർട്ട്മെന്റ്  ഏകദേശം ഒഴിയും. തുടർന്ന് ഓരോ സ്റ്റോപ്പ് എത്തുമ്പോഴും ഇരിക്കുന്ന സീറ്റിന് പിൻവശത്തും മുൻവശത്തും ആധിയോടെ എത്തിനോക്കിയാണ് സമയം പിന്നിടുന്നത്. 

ശല്യം ചെയ്യാനോ ഉപദ്രവിക്കാനോ ആരെങ്കിലുമുണ്ടോ എന്ന ഭീതിയാണ്. തിരുവനന്തപുരം എത്തുമ്പോഴേക്കും പലപ്പോഴും കമ്പാർട്ട്മെന്റിൽ ആളൊഴിഞ്ഞിരിക്കും. അതിരാവിലെ അഞ്ചിനുള്ള ഇതേ വേണാടിന് കോട്ടയത്തേക്ക് യാത്ര തിരിക്കുന്നതിനാൽ അതിയായ ക്ഷീണം ഉണ്ടെങ്കിലും പേടിച്ചിട്ട് ഒന്നു മയങ്ങാൻ പോലും കഴിയാത്ത അവസ്ഥയാണ്. തീരെ ചെറിയ കുഞ്ഞുങ്ങൾ ആയതിനാലും  അവരെ നോക്കാൻ ആളില്ലാത്തതിനാലുമാണ് ഈ ദുരിതക്കയം താണ്ടി ജോലിക്ക് എത്തുന്നത്.’’ – ഷീബ വിവരിച്ചു. നിത്യേനയുള്ള യാത്രക്കാരിൽ ഒന്നോ, രണ്ടോ, പത്തോ, നൂറോ യാത്രക്കാരുടെ ദുരിതക്കഥയല്ലിത്. ദിവസവും ട്രെയിൻ ഗതാഗതത്തെ ആശ്രയിക്കുന്ന യാത്രക്കാരായ സ്ത്രീകളിൽ പലരുടെയും മുഖങ്ങളിൽ ഈ ഭീതി കാണാം. ഇതരസംസ്ഥാനക്കാരനായ ഭിന്നശേഷിക്കാരൻ ടിക്കറ്റ് പരിശോധകനെ ട്രെയിനിൽനിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ വാർത്ത കൂടി വന്നതോടെ എല്ലാവരിലും ഇത് കൂടുതൽ ഭീതി നിറയ്ക്കുന്നു.

അറസ്റ്റിലായ രജനികാന്ത, മരിച്ച വിനോദ്
അറസ്റ്റിലായ രജനികാന്ത, മരിച്ച വിനോദ്

‘അയാൾ പൊലീസിനെ കീഴ്പ്പെടുത്തി, പിന്നെയാണോ ’

 
ട്രെയിനിൽ ഭിക്ഷാടനം നിരോധിച്ചിട്ടുണ്ടെങ്കിലും ഭൂരിഭാഗം സമയത്തും ട്രെയിനിൽ ഇവരുടെ വിളയാട്ടമാണ്.  ട്രെയിനിൽ വടിയും പിടിച്ച് അന്ധരായി അഭിനയിച്ച് ഭിക്ഷ യാചിക്കുന്ന പലരും ചില സ്റ്റേഷനുകളിലെ പ്ലാറ്റ്ഫോമുകളിൽ കൂൾ ആയി നടന്നു പോകുന്നത് കണ്ടിട്ടുണ്ടെന്ന് സ്ഥിരം യാത്രക്കാരായവർ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ട്രെയിനിൽ കയറിയാൽ പിന്നെ അഭിനയിച്ചു തകർക്കുന്നവരാണ് പലരും. ലേഡീസ് കമ്പാർട്ട്മെന്റിലൂടെ യഥേഷ്ടമാണ് ഇവർ വിഹരിക്കുന്നതും. ട്രെയിനിൽ പൊലീസ് ഉണ്ടെങ്കിലും അവരും പലപ്പോഴും ഇതൊക്കെ കണ്ടില്ലെന്ന് നടിക്കുന്നു. ട്രെയിനിലെ ഇത്തരം വലിഞ്ഞുകയറ്റക്കാരോട് വെറുതെ ഉടക്കിടേണ്ട  എന്ന നയമാണ് പൊലീസുകാർക്കും. അവരെയും കുറ്റം പറയാനാകില്ല. യാചക വേഷത്തിലും,  ഇതരസംസ്ഥാനത്തു നിന്ന് 'അതിഥി'കളായി എത്തുന്ന പലരും മദ്യപിച്ച് ലക്കില്ലാതെയോ  മറ്റുള്ള ലഹരിവസ്തുക്കൾ ഉപയോഗിച്ചിട്ടോ ആയിരിക്കും ട്രെയിനുകളിൽ സഞ്ചരിക്കുക. ഇവരിൽ പലർക്കും യാത്രാടിക്കറ്റും കാണില്ല. 

നേത്രാവതി എക്സ്പ്രസിലെ പിറകിലുള്ള റിസർവേഷൻ കംപാർട്മെന്റിലെ തിരക്ക്.(2)തിരൂരിലെത്തിയ നേത്രാവതി എക്സ്പ്രസിൽ കയറാൻ നിൽക്കുന്നവർ.
നേത്രാവതി എക്സ്പ്രസിലെ പിറകിലുള്ള റിസർവേഷൻ കംപാർട്മെന്റിലെ തിരക്ക്.(2)തിരൂരിലെത്തിയ നേത്രാവതി എക്സ്പ്രസിൽ കയറാൻ നിൽക്കുന്നവർ.

ഇടപെടുന്നവരെപോലും നാണംകെടുത്തുന്ന തരത്തിലാണ് യാചകർ പോലും പെരുമാറുന്നത്. ചോദ്യം ചെയ്യാൻ ചെന്ന ടിടിആറിന് രക്ഷയില്ല. പിന്നെയാണ് പൊലീസ്. ഇക്കഴിഞ്ഞ ദിവസം വൈകിട്ടുള്ള പാസഞ്ചർ ട്രെയിനിൽ കുടിച്ച് ബോധമില്ലാതെ മറ്റ് യാത്രക്കാരെ ശല്യം ചെയ്ത് അങ്ങോട്ടുമിങ്ങോട്ടും ആടിയുലഞ്ഞ് നടന്ന ഒരു ഇതരസംസ്ഥാനക്കാരനെ ട്രെയിനിൽ ഉണ്ടായിരുന്ന ഒരു പൊലീസുകാരൻ ഒറ്റയ്ക്ക് പിടിച്ചിട്ട് ഒന്നും നടന്നില്ല. അവസാനം പൊലീസുകാരനെ അവൻ മറിച്ചിടും എന്ന അവസ്ഥയായപ്പോൾ യാത്രക്കാർ ഇടപെട്ടാണ് അവനെ മെരുക്കിയതെന്ന് എറണാകുളം കായംകുളം റൂട്ടിലെ സ്ഥിരം യാത്രക്കാരനായ രാജ്മോഹൻ പറഞ്ഞു.

‘തെറിച്ചു വീണ യാത്രക്കാരന്റെ മൃതദേഹം കിട്ടിയത് 3 ദിവസം കഴിഞ്ഞല്ലേ’ 

മുൻ വർഷങ്ങളിലെ കണക്കുകൾ പരിശോധിച്ചാൽ സീസൺ ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർധനയാണ് ഉണ്ടായത്. യാത്രക്കാർ കൂടിയെങ്കിലും ജനറൽ കമ്പാർട്ട്മെന്റുകൾ കുറയ്ക്കുന്ന തിരക്കിലാണ് റെയിൽവേ. ഉള്ള ജനറൽ കമ്പാർട്ട്മെന്റുകൾ കൂടി ഇല്ലാതാക്കുന്ന രീതി. ട്രെയിനുകളിൽ ജനറൽ കമ്പാർട്ട്മെന്റുകൾ വെട്ടിക്കുറയ്ക്കുന്ന റെയിൽവേയുടെ കിരാത നിലപാട് തന്നെയാണ് ഇതര സംസ്ഥാനക്കാരെയടക്കം വേണ്ട ടിക്കറ്റില്ലാതെ റിസർവേഷൻ കമ്പാർട്ട്മെന്റുകളിൽ കയറാൻ പ്രേരിപ്പിക്കുന്നതെന്ന് റെയിൽവേ യാത്രക്കാരുടെ ഗ്രൂപ്പ് ആയ ഫ്രണ്ട്സ് ഓൺ റെയിൽസ് പ്രതിനിധി ലിയോൺസ് പറഞ്ഞു. ട്രെയിൻ യാത്രകൾ സംബന്ധിച്ച് എല്ലാ അപ്ഡേറ്റുകളും ഇവരുടെ വാട്സാപ് ഗ്രൂപ്പ് വഴി നൽകുന്നുണ്ട്. 

ഒരു ടിക്കറ്റ് പരിശോധകന് അപ്രതീക്ഷിതമായ ദുരന്തം സംഭവിച്ചപ്പോൾ വിലപിക്കാൻ ആളുണ്ട്. ടിക്കറ്റ് പരിശോധകന്റെ ജീവനും ട്രെയിനുകളിൽ ദിവസേന യാത്ര ചെയ്യുന്ന സാധാരണക്കാരുടെ ജീവനും ഒരേ വിലയാണുള്ളതെന്ന് ഇനിയെങ്കിലും റെയിൽവേ അധികൃതർ ഓർക്കണമെന്നാണ് കരുനാഗപ്പള്ളി സ്വദേശിനി മെഹറുവിന്റെ അഭിപ്രായം. കഴിഞ്ഞ ആഴ്ച ശബരി എക്സ്പ്രസിലെ തിരക്കിനിടെ പുറത്തേക്ക് തെറിച്ചു വീണ് പരവൂർ സ്വദേശിയായ അൻപതുകാരൻ മരിച്ചിരുന്നു. അതൊരു സാധാരണക്കാരനായതിനാൽ അനുശോചനം അറിയിക്കാൻ പോലും ആരും ഉണ്ടായില്ല. പുറത്തേക്ക് തെറിച്ചുവീണ അദ്ദേഹത്തിന്റെ മൃതദേഹം മൂന്നു ദിവസത്തെ തിരച്ചിലിന് ശേഷമാണ് ലഭിച്ചതും പിന്നീട് തിരിച്ചറിഞ്ഞതും.

ലേഡീസ് കമ്പാർട്ട്‍മെന്റിലെങ്കിലും ഒരു പൊലീസ് വേണ്ടേ

ടിക്കറ്റ് പരിശോധകന് പോലും ട്രെയിനിൽ രക്ഷയില്ലെങ്കിൽ സാധാരണക്കാരുടെ അവസ്ഥ അതിലും പരിതാപകരമല്ലേ എന്ന ചോദ്യമാണ് എല്ലാവരും ഉയർത്തുന്നത്. കാശ് കൊടുത്ത് കടിക്കുന്ന നായയെ വാങ്ങുന്ന അവസ്ഥയിലാണ് യാത്രക്കാരെന്ന് തിരുവല്ലയിൽ സർക്കാർ ജീവനക്കാരിയായ അഞ്ജു പറഞ്ഞു. ടിക്കറ്റില്ലാത്ത അനധികൃത യാത്രക്കാരെ പിടികൂടാൻ റെയിൽവേ കാണിക്കുന്ന ശുഷ്കാന്തി യാത്രക്കാരുടെ സുരക്ഷയിലും കാണിച്ചാൽത്തന്നെ ഇത്തരം അപകട സാധ്യതകൾ പലതും ഇല്ലാതാകും. കൂടുതൽ വന്ദേഭാരത് എക്സ്പ്രസും മറ്റും രംഗത്തിറക്കി മികവു കാട്ടാൻ വ്യഗ്രത കാണിക്കുന്നതിനൊപ്പം റെയിൽവേയുടെ കീശ നിറയ്ക്കുന്നത് സാധാരണക്കാരന്റെ കാശാണെന്ന് മറക്കാതിരിക്കണമെന്നാണ് യാത്രക്കാർ അഭിപ്രായപ്പെടുന്നത്. 

സുരക്ഷാ വാതിലുകൾ വന്ദേഭാരതിൽ പോകുന്നവർക്ക് മാത്രമാക്കാതെ മറ്റു ട്രെയിനുകളിലും  ഉൾപ്പെടുത്തിയാൽ തന്നെ കുത്തിനിറച്ച് വാതിലിൽ തൂങ്ങിയാടുന്ന യാത്രയും പുറത്തേക്ക് തെറിച്ചു വീണുള്ള ദാരുണ മരണങ്ങളും ട്രെയിൻ നീങ്ങിത്തുടങ്ങിയ ശേഷം പ്ലാറ്റ്ഫോമുകളിൽ നിന്നുള്ള ചാടിക്കയറ്റവുമെല്ലാം നിയന്ത്രിക്കാനാകുമെന്നും ഇവർ പറയുന്നു. ആകെയുള്ള പൊലീസുകാരെ ട്രെയിനിന്റെ അങ്ങേയറ്റം മുതൽ ഇങ്ങേയറ്റം വരെ നടന്നു നോക്കി ആളെണ്ണാൻ വിടാതെ ലേഡീസ് കമ്പാർട്ട്മെന്റടക്കമുള്ള സ്ഥലങ്ങളിൽ സ്ഥിരമായി ഒരു സുരക്ഷാ ഉദ്യോഗസ്ഥനെ നിയമിക്കാനുള്ള സന്മനസ് ഇനിയെങ്കിലും റെയിൽവേയ്ക്കുണ്ടാകണമെന്ന ആത്മാർഥമായ ആഗ്രഹത്തോടെയാണ് പലരും ട്രെയിനുകളുടെ ചൂളം വിളിക്ക് കാതോർക്കുന്നതും.

English Summary:

No security in Railway Travel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com