ADVERTISEMENT

തിരുവനന്തപുരം∙ കേരളത്തിൽ റോഡപകടങ്ങൾ മൂലം മരിച്ചവരുടെ എണ്ണം മുൻവർഷത്തെ അപേക്ഷിച്ച് കുറഞ്ഞതായി മോട്ടർ വാഹന വകുപ്പ് (എംവിഡി). എഐ ക്യാമറ, മോട്ടർ വാഹന വകുപ്പ് ഉൾപ്പെടെയുള്ള വകുപ്പുകൾ നടത്തുന്ന എൻഫോഴ്സ്മെന്റ്, റോഡ് സുരക്ഷാ പ്രവർത്തനങ്ങൾ, ഹെൽമറ്റ്, സീറ്റ് ബെൽറ്റ് തുടങ്ങിയ ജീവൻരക്ഷാ സംവിധാനങ്ങൾ പൊതുജനം ശീലമാക്കിയത് എന്നിവയാണു മരണസംഖ്യ കുറയാൻ കാരണമെന്ന് എംവിഡി പറയുന്നു. 

2022ൽ മരണസംഖ്യ 4317 ആയിരുന്നെങ്കിൽ 2023ൽ അത് 4010 ആയി; 307 പേരുടെ കുറവ്. കഴിഞ്ഞ കുറച്ചു വർഷങ്ങളുടെ കണക്കെടുത്താൽ ഇത് വലിയ നേട്ടമാണെന്ന് എംവിഡി ചൂണ്ടിക്കാട്ടുന്നു.  2018 ൽ 4303, 2019 ൽ 4440, 2020 ൽ 2979, 2021 ൽ 3429 (2020, 21 വർഷങ്ങൾ കോവിഡ് കാലഘട്ടമായിരുന്നു) 2022 ൽ 4317 എന്നിങ്ങനെയാണ് അപകട മരണങ്ങളുടെ കണക്ക്.

‘‘2020ന്റെ തുടക്കത്തിലുണ്ടായിരുന്ന 1.40 കോടി വാഹനങ്ങളുടെ എണ്ണം നിലവിൽ ഒന്നേമുക്കാൽ കോടിയോടടുക്കുന്ന സാഹചര്യത്തിലാണ്  ഇങ്ങനെ കുറവ് എന്നതു ശ്രദ്ധേയമാണ്. കഴിഞ്ഞ വർഷം പകുതിയോടെ പ്രവർത്തനമാരംഭിച്ച എഐ ക്യാമറ അപകടമരണങ്ങൾ കുറയാനുള്ള കാരണമായിട്ടുണ്ട്. റോഡുസുരക്ഷാ പ്രവർത്തനങ്ങളും ഭൂരിഭാഗം ആളുകളും ഹെൽമറ്റ്, സീറ്റ് ബെൽറ്റ് തുടങ്ങിയ ജീവൻ രക്ഷാ സംവിധാനങ്ങൾ ശീലമാക്കാൻ തുടങ്ങി എന്നത് നല്ല  പ്രതീക്ഷയാണ് നൽകുന്നത്.’’– സമൂഹമാധ്യമത്തിൽ കുറിപ്പിൽ എംവിഡി അഭിപ്രായപ്പെട്ടു.

English Summary:

The number of deaths due to road accidents in Kerala has decreased compared to the previous year, according to the Motor Vehicles Department

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com