ADVERTISEMENT

പട്ന ∙ ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിന്റെ പുത്രിമാർക്ക് ലോക്സഭാ തിരഞ്ഞെടുപ്പു പോരാട്ടം കടുപ്പം. പാടലിപുത്ര മണ്ഡലത്തിൽ മിസ ഭാരതിയും സാരനിൽ രോഹിണി ആചാര്യയും ഏറ്റുമുട്ടുന്നതു ബിജെപിയുടെ സിറ്റിങ് എംപിമാരോട്. ആർജെ‍ഡിയിൽ ലാലുവിന്റെ കുടുംബ താൽപര്യം മാത്രമേയുള്ളുവെന്ന ആരോപണം ഉയർത്തിയാണു ബിജെപിയുടെ പ്രചാരണം. 

∙സാരൻ: ലാലു യാദവിന്റെ തട്ടകമായിരുന്ന സാരൻ തിരിച്ചു പിടിക്കുകയെന്ന ദൗത്യമാണു രാഷ്ട്രീയത്തിലെ പുതുമുഖമായ രോഹിണി ആചാര്യയുടേത്. അച്ഛന്റെ ജീവരക്ഷയ്ക്കായി വൃക്കദാനം ചെയ്ത മകളെന്ന സഹതാപം രോഹിണിക്ക് അനുകൂല ഘടകമാണ്. സാരൻ മണ്ഡലത്തിൽ പയറ്റിത്തെളിഞ്ഞ മുൻ കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡിയാണ് രോഹിണിയുടെ എതിരാളി. 

മണ്ഡല പുനർനിർണയത്തിനു മുൻപുള്ള ചപ്രയിൽ 1996ലും 1999ലും വിജയിച്ച റൂഡി 2004ൽ ലാലുവിനോടു തോറ്റു. സാരൻ മണ്ഡലം രൂപീകരിച്ച ശേഷം 2009ൽ ലാലുവിനോടു വീണ്ടും പരാജയപ്പെട്ടെങ്കിലും 2014ൽ ലാലുവിന്റെ പത്നി റാബ്റി ദേവിയെ തോൽപിച്ചു മണ്ഡലം കയ്യടക്കി. 2019ൽ തേജ് പ്രതാപ് യാദവിന്റെ ഭാര്യാപിതാവ് ചന്ദ്രികാ റായിയെ തോൽപിച്ചാണു റൂഡി മണ്ഡലം നിലനിർത്തിയത്. കേന്ദ്ര മന്ത്രിസഭയിൽ നിന്നൊഴിവാക്കപ്പെട്ടെങ്കിലും റൂഡിക്കു സാരൻ മണ്ഡലത്തിലുള്ള സ്വാധീനം പരിഗണിച്ചാണു വീണ്ടും സ്ഥാനാർഥിയാക്കിയത്. സമൂഹ മാധ്യമങ്ങളിലെ കുറിക്കു കൊള്ളുന്ന രാഷ്ട്രീയ പരാമർശങ്ങളിലൂടെ ഏറെ വിവാദങ്ങൾക്കു തിരി കൊളുത്തിയിട്ടുള്ള രോഹിണിയുടെ തിരഞ്ഞെടുപ്പു വീറും പോരും ഉറ്റു നോക്കുകയാണു ബിഹാർ. 

∙ പാടലിപുത്ര: ലോക്സഭയിലേക്കുള്ള മൂന്നാമങ്കത്തിലും മിസ ഭാരതിക്ക് എതിരാളിയായെത്തുന്നതു ബിജെപിയുടെ റാം കൃപാൽ യാദവ്. കഴിഞ്ഞ രണ്ടു തവണയും തോൽക്കാനായിരുന്നു മിസയുടെ വിധി. രാജ്യസഭാംഗമാണെങ്കിലും ലോക്സഭയിലെത്താനുള്ള വാശിയോടെ വീണ്ടുമിറങ്ങുകയാണ് മിസ ഭാരതി. പാടലിപുത്രയിലെ തനിയാവർത്തന മൽസരത്തിൽ ജനവിധിയും ആവർത്തിക്കുമോയെന്നാണു കണ്ടറിയേണ്ടത്. റാം കൃപാൽ യാദവിനു പകരം മകനെ സ്ഥാനാർഥിയാക്കാൻ ബിജെപി ആലോചിച്ചിരുന്നതാണ്. മൽസരം കടുക്കുമെന്ന കണ്ടതിനാലാണു റാം കൃപാൽ യാദവിനെ തന്നെ കളത്തിലിറക്കിയത്. 

English Summary:

Former Bihar CM Lalu Prasad Yadav's daughters contesting against BJP sitting MPs'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com