ADVERTISEMENT

ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിനു രണ്ടാഴ്ച മാത്രം ശേഷിക്കെ കോൺഗ്രസിനും ഇന്ത്യാ സഖ്യത്തിനും മുന്നറിയിപ്പുമായി രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. ഭരണകക്ഷിയായ ബിജെപിയോ പ്രധാനമന്ത്രി നരേന്ദ്ര മോദിയോ അജയരല്ലെന്നു പറഞ്ഞ പ്രശാന്ത് കിഷോർ പ്രതിപക്ഷം തങ്ങൾക്കു ലഭിച്ച അവസരം നഷ്ടപ്പെടുത്തിയെന്നും വ്യക്തമാക്കി. ഉത്തരേന്ത്യയിലും പടിഞ്ഞാറൻ ഇന്ത്യയിലും കൂടുതൽ സീറ്റുകളിൽ വിജയിക്കുന്നതിലൂടെ ദക്ഷിണേന്ത്യയിലെയും കിഴക്കേ ഇന്ത്യയിലെയും തിരിച്ചടികൾ ബിജെപി മറികടക്കുമെന്നും പ്രശാന്ത് കിഷോർ വ്യക്തമാക്കി. 

‘‘രാജ്യത്തിന്റെ വടക്കും പടിഞ്ഞാറുമുള്ള നൂറു സീറ്റുകളിലെങ്കിലും ബിജെപിയുടെ തോൽവി ഉറപ്പിക്കാൻ പ്രതിപക്ഷത്തിനു കഴിഞ്ഞെങ്കിൽ മാത്രമേ 2024ലെ തിരഞ്ഞെടുപ്പിന്റെ ചൂട് ബിജെപി അറിയുകയുള്ളൂ. എന്നാൽ അതു സംഭവിക്കാൻ പോകുന്നില്ല. ഈ മേഖലകളിൽ ഇപ്പോഴും ബിജെപിക്കാണു സ്വാധീനമുള്ളത്. കിഴക്കേ ഇന്ത്യയും ദക്ഷിണേന്ത്യയും പിടിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ഇടയ്ക്കിടെ ആ പ്രദേശങ്ങളിൽ സന്ദർശനങ്ങൾ നടത്തുകയാണ്. എന്നാൽ‌ ബിജെപിക്കു സ്വാധീനമുള്ള സ്ഥലങ്ങളിൽ പ്രതിപക്ഷം യാതൊരു പരിശ്രമവും നടത്തുന്നില്ല. നരേന്ദ്ര മോദി കഴിഞ്ഞ അഞ്ചു വർഷത്തിനിടെ എത്രതവണ തമിഴ്നാട്ടിൽ പോയെന്നു നോക്കൂ. അതേസമയം തന്നെ രാഹുൽ ഗാന്ധിയോ സോണിയ ഗാന്ധിയോ മറ്റേതെങ്കിലും പ്രതിപക്ഷ നേതാക്കളോ പോരാട്ടം നടക്കുന്ന സംസ്ഥാനങ്ങളിലേക്കു പോയതിന്റെ കണക്കും നോക്കൂ. ഉത്തർപ്രദേശിലും മധ്യപ്രദേശിലും ബിഹാറിലുമാണു പോരാട്ടം നടക്കുന്നത്. എന്നാൽ പ്രതിപക്ഷ നേതാക്കൾ യാത്ര നടത്തുന്നത് മണിപ്പൂരിലും മേഘാലയയിലും ഒക്കെയാണ്. പിന്നെങ്ങനെ ഇവർ‌ വിജയിക്കും?’ – പ്രശാന്ത് കിഷോർ ചോദിക്കുന്നു.

‘‘തെലങ്കാന, ഒഡീഷ, ബംഗാൾ, തമിഴ്നാട്, ആന്ധ്രാ പ്രദേശ്, കേരളം എന്നീ ആറു സംസ്ഥാനങ്ങളിലെ 164 സീറ്റുകളിൽ 2019ൽ ബിജെപി നേടിയത് 30 സീറ്റുകൾ മാത്രമാണ്. വിജയിച്ചില്ലെങ്കിൽ പോലും ഇവിടങ്ങളിൽ വോട്ടുനില വർധിപ്പിക്കാൻ ഇത്തവണ ബിജെപിക്കു കഴിയും. ബംഗാളിൽ ബിജെപി ഒന്നാമതെത്തിയേക്കാം. കഴിഞ്ഞ പത്തു വർഷമായി തന്റെ പാർട്ടിയെ നയിക്കാൻ കഴിയാതെ വന്നിട്ടും രാഹുൽ ഗാന്ധിക്കു മാറിനിൽക്കാൻ കഴിഞ്ഞില്ല. എന്റെ അഭിപ്രായത്തിൽ ഇത് ജനാധിപത്യ വിരുദ്ധം കൂടിയാണ്. കഴിഞ്ഞ 10 വർഷമായി നിങ്ങൾ ഒരു വിജയവുമില്ലാതെ ഒരേ ജോലി ചെയ്യുമ്പോൾ, ഇടവേള എടുക്കുന്നതിൽ കുഴപ്പമില്ല. അഞ്ചു വർഷത്തേക്ക് അതു മറ്റാരെയെങ്കിലും ചെയ്യാൻ അനുവദിക്കണം’’ – പ്രശാന്ത് കിഷോർ പറഞ്ഞു. 

English Summary:

Prashant Kishor Big poll prediction

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com