ADVERTISEMENT

തിരുവനന്തപുരം ∙ ഓൺലൈൻ തട്ടിപ്പു പിടിക്കപ്പെടുന്നതു തടയാൻ തട്ടിപ്പു സംഘങ്ങൾ ബാങ്ക് അക്കൗണ്ടുകൾ വാടകയ്ക്ക് എടുക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് 1511 ബാങ്ക് അക്കൗണ്ടുകൾ പൊലീസ് മരവിപ്പിച്ചു. തട്ടിപ്പു സംഘങ്ങൾക്ക് വാടകയ്ക്കു തങ്ങളുടെ അക്കൗണ്ടുകൾ നൽകിയ 50 പേർ ഇതുവരെ അറസ്റ്റിലായി. ഈ വർഷം മാർച്ച് അവസാനംവരെ, തട്ടിപ്പു നടത്തിയ 1730 സിം കാർഡുകൾ ബ്ലോക്ക് ചെയ്തു. 2128 ഐഎംഇഐ നമ്പരുകളും മരവിപ്പിച്ചു. മലയാളികള്‍ക്കു 148 കോടി രൂപയാണ് ഈ വർഷം തട്ടിപ്പുകളിലൂടെ നഷ്ടമായതെന്നാണു കണക്ക്. ഇതിൽ 21.70 കോടിരൂപ തിരിച്ചുപിടിച്ചു. 10,343 പരാതികളാണ് പൊലീസിനു മൂന്നു മാസത്തിനിടെ ലഭിച്ചത്. കൂടുതൽ പേർക്കെതിരെ അന്വേഷണം തുടരുന്നു.

തട്ടിപ്പിന്റെ പുതിയ വഴി വാടക അക്കൗണ്ട്

ഓൺലൈൻ തട്ടിപ്പു സംഘങ്ങൾക്കു തട്ടിപ്പു നടത്താനായി ഇതര സംസ്ഥാനക്കാർ ബാങ്ക് അക്കൗണ്ടുകൾ നൽകിയിരുന്നതു പഴംകഥയാകുന്നു. തട്ടിപ്പുകാർക്ക് ഇപ്പോൾ കമ്മിഷൻ അടിസ്ഥാനത്തിൽ ബാങ്ക് അക്കൗണ്ടുകൾ നൽകി സഹായിക്കുന്നതു മലയാളികളാണ്. തട്ടിപ്പു സംഘങ്ങൾക്കു ബാങ്ക് അക്കൗണ്ട് നൽകിയതിനു മലപ്പുറം, കാസർകോട്, കോഴിക്കോട് ജില്ലകളിൽനിന്നു രണ്ടു മാസത്തിനിടെ അറസ്റ്റിലായത് അൻപതിലധികം പേരാണ്. തട്ടിയെടുക്കുന്ന തുക ബാങ്ക് അക്കൗണ്ടിലെത്തിയാൽ സംഘങ്ങൾ പണം പിൻവലിച്ചശേഷം അക്കൗണ്ട് ഉടമയ്ക്കു കമ്മിഷൻ നൽകുന്നതാണു രീതി. ഹരിയാന, ഡൽഹി തുടങ്ങിയ സ്ഥലങ്ങളിലെ തട്ടിപ്പുകാർ അവരുടെ സ്ഥലങ്ങളിലെ ആളുകളുടെ ബാങ്ക് അക്കൗണ്ടാണ് തട്ടിപ്പിനായി ഉപയോഗിച്ചിരുന്നത്. പൊലീസ് പിടിമുറുക്കിയതോടെ ഇപ്പോൾ വിദേശത്തിരുന്നാണു പലരും തട്ടിപ്പിനു നേതൃത്വം നൽകുന്നത്. പരിചയമുള്ള മലയാളികളുടെയോ ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ അക്കൗണ്ടുകളാണു തട്ടിപ്പു സംഘങ്ങൾ ഉപയോഗിക്കുന്നത്. അക്കൗണ്ട് നൽകുന്നതിനു പ്രതിഫലമായി കമ്മിഷൻ നൽകും. സഹകരണ ബാങ്ക് അക്കൗണ്ടുകളും തട്ടിപ്പിനായി ഉപയോഗിക്കുന്നുണ്ട്. യുഎഇ കേന്ദ്രീകരിച്ചാണു തട്ടിപ്പ് സംഘങ്ങൾ കൂടുതലും പ്രവർത്തിക്കുന്നത്.

ആദ്യം കമ്മിഷൻ, പിന്നെ കൈയാമം

കേരളത്തിലുള്ളവരുടെ പണം തട്ടിയെടുക്കാന്‍ കേരളത്തിലുള്ളവരുടെ അക്കൗണ്ട് ഉപയോഗിക്കുന്ന രീതിയാണു പുതുതായി കണ്ടുവരുന്നതെന്ന് സൈബർ പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. തട്ടിപ്പ് വിവരം അറിയാമെങ്കിലും കമ്മിഷൻ മോഹിച്ചാണ് മലയാളികൾ അക്കൗണ്ട് വിവരങ്ങൾ നൽകുന്നത്. പിടിയിലാകുന്നത് അക്കൗണ്ട് ഉടമയായിരിക്കും. തട്ടിപ്പുകാർ അതിനോടകം പുതിയ സ്ഥലത്തേക്കു മാറിയിരിക്കും. ലോണുകൾ വാഗ്ദാനം ചെയ്തു പണം തട്ടുന്ന 436 ആപ്പുകളാണ് ഫെബ്രുവരി മുതൽ സൈബർ വിഭാഗം നീക്കം ചെയ്തത്. ഇതിൽ 157 എണ്ണം കേന്ദ്രത്തിന്റെ സഹായത്തോടെ നീക്കം ചെയ്തു. തട്ടിപ്പു നടത്തുന്ന 6011 വെബ്സൈറ്റുകളും ബ്ലോക്ക് ചെയ്തു. വലിയ കമ്പനികൾ സൗജന്യങ്ങൾ നൽകുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സംഘങ്ങൾ തട്ടിപ്പ് നടത്തുന്നത്. ലിങ്കിൽ ക്ലിക്ക് ചെയ്ത് അവർ ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകുന്നതോടെ പണം നഷ്ടമാകും. വലിയ ഷോപ്പിങ് സൈറ്റുകളുടെ വ്യാജ ലിങ്കുകൾ അയച്ചും തട്ടിപ്പ് നടത്തുന്നുണ്ട്. കെവൈസി, പാൻകാര്‍ഡ് അപ്ഡേഷന്റെ പേരിലും തട്ടിപ്പുകൾ നടക്കുന്നു.

English Summary:

Fraud Groups Taking Bank Accounts From Malayalis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com