ADVERTISEMENT

നിലമ്പൂർ ∙ സിപിഎം നിയന്ത്രണത്തിലുള്ള സർവീസ് സഹകരണ ബാങ്കിന് നിയമന ക്രമക്കേടിനെ തുടർന്ന് 25 ലക്ഷം രൂപ നഷ്ടം സംഭവിച്ചതായി വിജിലൻസ് കണ്ടെത്തൽ. നഷ്ടം വന്ന തുക ഭരണസമിതി അംഗങ്ങളിൽനിന്ന് തിരിച്ചു പിടിക്കാൻ  വിജിലൻസ് ശുപാർശ ചെയ്തു. ചോക്കാട് സർവീസ് സഹകരണ ബാങ്കിലെ താൽക്കാലിക നിയമനങ്ങളിൽ അഴിമതി ആരോപിച്ച് സ്ഥാപകാംഗങ്ങളിൽ ഒരാളായ എം.കെ. അബൂബക്കർ 2017ൽ നൽകിയ പരാതിയിലാണ് നടപടി.  സിപിഎം ഏരിയാ സെക്രട്ടറി ഇ.പത്മാക്ഷൻ ആണ് നിലവിൽ ബാങ്കിന്റെ സെക്രട്ടറി ഇൻ ചാർജ്. 

ഒഴിവുകൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയോ സ്ഥിരം നിയമനത്തിലൂടെയോ നികത്താതെ ഇഷ്ടക്കാരെ താൽക്കാലിക ജീവനക്കാരായി നിയമിക്കുന്നെന്നാണ് പരാതി. അവർക്ക് ഉയർന്ന ദിവസ വേതനം നൽകുന്നതായി രേഖപ്പെടുത്തി തുച്ഛമായ കൂലി നൽകി, ബാക്കി പണം ഭരണസമിതി അംഗങ്ങളും സെക്രട്ടറിയും വീതംവച്ചെടുക്കുന്നതായി പരാതിയിൽ പറയുന്നു. വിജിലൻസ് പരിശോധനയിൽ 2015 മുതൽ വിവിധ കാലയളവുകളിൽ താൽക്കാലികക്കാരായി 8 പേർ ജോലി ചെയ്തതായും നിലവിൽ 5 പേർ ഉണ്ടെന്നും കണ്ടെത്തി. നിയമനങ്ങളിലൂടെ 25,00,800 രൂപ ബാങ്കിന് സാമ്പത്തിക നഷ്ടമുണ്ടായെന്ന് വിജിലൻസ് റിപ്പോർട്ട് ചെയ്തു. 

2011 - 16 കാലയളവിലെ ഭരണസമിതി അംഗങ്ങളായ ടി.ശിവശങ്കരൻ, എ.എം. മാത്യു, കെ.കദീജ, സീനത്ത് അബ്ബാസ്, പി.കെ.ഉമ്മർ, കെ.സൽമത്ത്, എം.കെ. അഹമ്മദ് കുട്ടി, 2016 മുതൽ 21വരെ അംഗങ്ങളായ ശിവശങ്കരൻ, കദീജ, പി.വേലായുധൻ, എം. പ്രീതി, ഉമ്മർ, എ.എ.വല്ലൻ, എം.അബ്ദുൽ റസാഖ്, സൽമത്ത്, എം.കെ.അഹമ്മദ് കുട്ടി എന്നിവരും നിലവിലെ ഭരണസമിയിലെ പി.കെ. ഉമ്മർ, വി.അൽഷാബ്, വി.എം.അബ്ദുൽ റഷീദ്, പി.ഹസൻ, പ്രീതി, ഫെബിന, വല്ലൻ, സൗമിനി, രാജൻ എന്നിവരിൽനിന്ന് നഷ്ടപ്പെട്ട പണം തിരിച്ചു പിടിക്കാനുമാണ് ശുപാർശ. തുടർനടപടികൾക്ക് സഹകരണ ജോയിന്റ് രജിസ്ട്രാറെ ചുമതലപ്പെടുത്തിയതായി മാർച്ച് 26ന് അയച്ച കത്തിൽ ഗവ. സെക്രട്ടറി അബൂബക്കറിനെ അറിയിച്ചു. 

ബാങ്കിൽ സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി, കാഷ്യർ, അക്കൗണ്ടന്റ്, ബ്രാഞ്ച് മാനേജർ തസ്തികകളിലാണ് ഒഴിവുള്ളത്. സീനിയർ ക്ലർക്കായ പത്മാക്ഷനെതിരെ അബൂബക്കർ നൽകിയ പരാതി കോഴിക്കോട് വിജിലൻസ് കോടതിയുടെ പരിഗണനയിലാണ്. 2007-2008 വർഷം ജെഡിസി കോഴ്സിന് പഠിക്കവെ ബാങ്കിൽ മുഴുവൻ സമയം ജോലി ചെയ്തായി രേഖയുണ്ടാക്കി ശമ്പളം  കൈപ്പറ്റിയെന്നാണ് പരാതി. പത്മാക്ഷനെ ന്യായീകരിച്ച്  2 തവണ പൊലീസ് റിപ്പോർട്ട് നൽകിയെങ്കിലും കോടതി സ്വീകരിച്ചില്ല. ഏരിയ സെക്രട്ടറി മുഴുവൻ സമയ പ്രവർത്തകനാകണമെന്ന തീരുമാനം  ലംഘിച്ച്, തിരഞ്ഞെടുപ്പ് കാലത്തും പത്മാക്ഷൻ ബാങ്കിൽ ജോലി ചെയ്യുന്നത് പാർട്ടിയിലും ചർച്ചയായി. വിഷയത്തിൽ പ്രതികരിക്കാൻ പത്മാക്ഷൻ ഇതുവരെ തയാറായിട്ടില്ല.

English Summary:

CPM controlled Chokkad Co-operative Bank lost Rs 25 lakh in appointment irregularity

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com