ADVERTISEMENT

മുംബൈ∙ ആഴ്ചകൾ നീണ്ട അഭ്യൂഹങ്ങൾക്ക് പരിസമാപ്തി. ബിജെപി–ശിവസേന (ഷിൻഡെ)–എൻസിപി (അജിത് പവാർ) സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ച് മഹാരാഷ്ട്ര നവനിർമാൺ സേന നേതാവ്  രാജ് താക്കറെ. നരേന്ദ്രമോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാകണം എന്നുപറഞ്ഞ ആദ്യ വ്യക്തി താനായിരുന്നെന്നും അദ്ദേഹം അവകാശപ്പെട്ടു. 

‘‘നവനിർമാൺ സേന നിരുപാധികം ബിജെപി–ശിവസേന–എൻസിപി സഖ്യത്തിന് പിന്തുണ നൽകുന്നു. ഈ പിന്തുണ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും എൻഡിഎ സഖ്യത്തിനും മാത്രമാണ്. എല്ലാവരും തിരഞ്ഞെടുപ്പിന് തയാറായിക്കൊള്ളൂ.’’ – രാജ് താക്കറെ പറഞ്ഞു. തൊണ്ണൂറുകൾ മുതൽ ബിജെപിയുമായി അടുത്തബന്ധമാണ് രാജ് താക്കറെയ്ക്കുള്ളത്. 

‘‘ ഗോപിനാഥ് മുണ്ഡെയും പ്രമോദ് മഹാജനുമായി എനിക്ക് വളരെ അടുപ്പമുണ്ടായിരുന്നു. ഞാൻ ഗുജറാത്തിൽ പോകുകയും മോദിയുമായുള്ള എന്റെ ബന്ധം വളർത്തുകയും ചെയ്തിരുന്നു. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു മോദി. ഗുജറാത്തിൽ നിന്ന് മടങ്ങിവന്ന എന്നോട് പലരും അവിടെ എങ്ങനെയുണ്ടെന്ന് ചോദിച്ചു. ഗുജറാത്തിൽ വികസനം നടക്കുന്നുണ്ടെന്നായിരുന്നു എന്റെ മറുപടി. എന്നാൽ മഹാരാഷ്ട്ര വളരെ മുൻപിലായിരുന്നു. നരേന്ദ്രമോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാകണം എന്നുപറഞ്ഞ ആദ്യവ്യക്തി ഞാനായിരുന്നു.’’ രാജ് താക്കറെ പറയുന്നു.

പ്രതിപക്ഷത്തായിരുന്നപ്പോഴും മോദിക്കെതിരെ വ്യക്തിപരമായ പരാമർശമങ്ങൾ ഉയർത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘‘ആർട്ടിക്കിൾ 370 നെ പിന്തുണച്ചുകൊണ്ടുള്ള ആദ്യ ട്വീറ്റ് എന്റെ ആയിരുന്നു. സിഎഎ, എൻആർസിയെ പിന്തുണച്ചുകൊണ്ടുള്ള റാലിയിൽ ഞാൻ പങ്കെടുക്കാൻ പോവുകയാണ്. ഉദ്ധവ് താക്കറെയും സഞ്ജയ് റാവത്തും മോദിയെ കുറ്റപ്പെടുത്തുന്ന രീതിയിൽ ഒരിക്കലും സംസാരിച്ചിട്ടില്ല. ലോകത്ത് ഏറ്റവും ചെറുപ്പം ഇന്ത്യക്കാണ്. മറ്റെല്ലാം വിട്ട് മോദി യുവത്വത്തെ ശ്രദ്ധിക്കണം. അതാണ് രാജ്യത്തിന്റെ ഭാവി.’’ രാജ് താക്കറെ കൂട്ടിച്ചേർത്തു. 

സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ച രാജ് താക്കറെയ്ക്ക് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ നന്ദി അറിയിച്ചു. അതേസമയം രാജ് താക്കറെയെ പരിഹസിച്ച് കോൺഗ്രസ് രംഗത്തെത്തി. രാജ് ബിജെപിയുമായി ചേർന്നുപ്രവർത്തിക്കുമെന്നുള്ളത് തങ്ങൾക്ക് ഉറപ്പായിരുന്നുവെന്നും ഒരു കടുവ ഇത്രപെട്ടെന്ന് ആട്ടിൻകുട്ടിയായി മാറുമെന്ന് കരുതിയില്ലെന്നും കോൺഗ്രസ് പറഞ്ഞു. രാജ് താക്കറെയെ പോലൊരു പോരാളിക്ക് എങ്ങനെ അടിമയാകാൻ കഴിയുമെന്നായിരുന്നു കോൺഗ്രസിന്റെ ചോദ്യം. 

English Summary:

‘‘I was the first person in the country who said that Narendra Modi should be the Prime Minister of the country," Says Raj Thackeray

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com