ADVERTISEMENT

ന്യൂഡൽഹി ∙ കണ്ണൂർ സ്വദേശിയായ മലയാളി യുവാവിനെതിരെ മുൻ‌ കാമുകി നൽകിയ ബലാംത്സംഗ കേസ് സവിശേഷാധികാരം (142–ാം വകുപ്പ്) ഉപയോഗിച്ച് സുപ്രീം കോടതി റദ്ദാക്കി. പെൺകുട്ടി മറ്റൊരു വിവാഹം കഴിച്ചതും പരാതിയുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലെന്നു വ്യക്തമാക്കിയതും കണക്കിലെടുത്താണ് സുപ്രീം കോടതിയുടെ നടപടി. ചെന്നൈയിലെ പഠനകാലത്തു നൂറ്റിയമ്പതിലേറെ തവണ പീഡിപ്പിച്ചുവെന്നു ചൂണ്ടിക്കാട്ടിയാണ് മലയാളി പെൺകുട്ടി പരാതി നൽകിയത്. ചെങ്കൽപ്പേട്ട് സെഷൻസ് കോടതിയിൽ കേസിലെ വിചാരണ തുടങ്ങാനിരിക്കുകയായിരുന്നു.

2006-2010 കാലത്തു ചെന്നൈയിൽ എൻജിനീയറിങ്ങിനു പഠിച്ചിരുന്ന ഇരുവരും പ്രണയത്തിലായിരുന്നു. പഠനത്തിനു പിന്നാലെ യുവാവിനു ബെംഗളൂരുവിൽ ജോലി ലഭിച്ചു. യുവതിക്കു ജോലി ലഭിച്ചത് ചെന്നൈയിലും. ജോലി ലഭിച്ച ശേഷവും ബന്ധം തുടർന്ന യുവാവ്, പിന്നീട് വിവാഹവാഗ്ദാനത്തിൽനിന്ന് പിൻമാറി. ഇതോടെയാണ് പെൺകുട്ടി പീഡനപരാതിയുമായി തമിഴ്നാട് പൊലീസിനെ സമീപിച്ചത്. തുടർന്ന് ഈ പെൺകുട്ടിയെത്തന്നെ വിവാഹം ചെയ്യാമെന്ന് പൊലീസിന്റെ സാന്നിധ്യത്തിൽ യുവാവും കുടുംബവും എഴുതി നൽകിയെങ്കിലും, പിന്നീട് അതിൽനിന്ന് പിൻമാറി. ഇതോടെ പൊലീസ് കേസുമായി മുന്നോട്ടുപോയി.

ഇതിനിടെ ജോലി ലഭിച്ച് ദുബായിലേക്കു പോയ യുവാവിനെ റെഡ് കോർണർ നോട്ടിസ് ഉൾപ്പെടെ പുറപ്പെടുവിച്ച് പൊലീസ് അറസ്റ്റ് ചെയ്തു. യുവാവ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. കേസുമായി മുന്നോട്ടു പോകാൻ താൽപര്യമില്ലെന്ന് യുവതി തന്നെ അറിയിച്ചെങ്കിലും, കേസിന്റെ ഗുരുതര സ്വഭാവം പരിഗണിച്ചാണ് മദ്രാസ് ഹൈക്കോടതി ഹർജി അനുവദിക്കാതിരുന്നത്. ഇതോടെ യുവാവ് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. അഭിഭാഷകനായ എം.ആർ. അഭിലാഷാണ് ഹർജിക്കാരനായി ഹാജരായത്.

English Summary:

Supreme Court Exonerates Kerala Youth in Controversial Rape Case as Survivor Withdraws Complaint

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com