ADVERTISEMENT

കൊച്ചി∙ തൃപ്പൂണിത്തുറ നിയമസഭാ തിരഞ്ഞെടുപ്പ് കേസിൽ കെ.ബാബുവിന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന എം.സ്വരാജിന്റെ ഹർജി തള്ളാൻ കോടതി ചൂണ്ടിക്കാട്ടിയത് തെളിവുകളുടെ അഭാവം. അയ്യപ്പന്റെ ചിത്രം പതിച്ച സ്ലിപ്പുകൾ വിതരണം ചെയ്ത് വോട്ടു പിടിച്ചു തുടങ്ങിയ ആരോപണങ്ങളായിരുന്നു സ്വരാജ് ഉയർത്തിയിരുന്നത്. സ്വരാജിന്റെ ഹർജി നിലനിൽക്കുമെന്നായിരുന്നു കെ.ബാബു ഇതിനെതിരെ സമീപിച്ചപ്പോൾ ഹൈക്കോടതി വ്യക്തമാക്കിയത്. ഹൈക്കോടതി വിധി സുപ്രീം കോടതിയും ശരിവച്ചിരുന്നു. എന്നാൽ ഇന്ന് ജസ്റ്റിസ് പി.ജി.അജിത് കുമാർ പുറപ്പെടുവിച്ച 66 പേജുള്ള വിധിയിൽ പറയുന്നത് ബാബുവാണ് ഈ സ്ലിപ്പുകൾ അച്ചടിപ്പിച്ചതെന്നോ വിതരണം ചെയ്തതെന്നോ തെളിയിക്കാൻ പരാതിക്കാരനായ സ്വരാജിന് കഴിഞ്ഞിട്ടില്ലെന്നാണ്. 

സ്വരാജിന്റെ പരാതി

കെ.ബാബുവിന്റെ നിർദേശപ്രകാരം അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് ഏജന്റും മറ്റുള്ളവരും അയ്യപ്പന്റെ ചിത്രമുള്ള സ്ലിപ്പുകള്‍ അച്ചടിച്ച് വിതരണം ചെയ്തു എന്നായിരുന്നു സ്വരാജിന്റെ പരാതി. കെ.ബാബുവിന്റെ തിരഞ്ഞെടുപ്പ് ഏജന്റായിരുന്ന ആർ.വേണുഗോപാല്‍‍ 2021 ഏപില്‍ നാലിന് ആനന്ദ് ഉദയൻ, നവീന്ദർ എന്നിവർക്കൊപ്പം തൃപ്പൂണിത്തുറ തെക്കുംഭാഗം മേഖലയിലുള്ള സജിൽ രാജ്, ഷാൻ, ശേഖരൻ, രാജേഷ് എന്നിവരുടെ വീടുകളിലെത്തി തിരഞ്ഞെടുപ്പു സ്ലിപ്പുകൾ കൈമാറിയെന്നും സ്വരാജ് പരാതിപ്പെട്ടു. ഇതിൽ ‘നിങ്ങളുടെ വോട്ട് അയ്യപ്പന്’ എന്നെഴുതി അയ്യപ്പന്റെ ചിത്രവും ചേർത്തിരുന്നു. ഇതിനു താഴെയായി ബാബുവിന്റെ തിരഞ്ഞെടുപ്പു ചിഹ്നവും ചേർത്ത് അദ്ദേഹത്തിന് വോട്ടുചെയ്യാൻ അഭ്യർഥിക്കുന്നതായിരുന്നു സ്ലിപ്പിൽ ഉണ്ടായിരുന്നത്. സമാനമായ വിധത്തിൽ കോൺഗ്രസിന്റെ ഭാരവാഹികളും പ്രവർത്തകരും കെ.ബാബുവിന്റെ തിര‍‍ഞ്ഞെടുപ്പ് പ്രചാരകരും തൃപ്പൂണിത്തുറയുടെ വിവിധ പ്രദേശങ്ങളിലുള്ള വീടുകൾ സന്ദർശിച്ച് സമാനരീതിയിലുള്ള സ്ലിപ്പുകൾ കൈമാറി. എന്നാൽ ജനപ്രാതിനിധ്യ നിയമത്തിലെ 127–എ വകുപ്പ് അനുശാസിക്കുന്ന വിധത്തിൽ ഈ സ്ലിപ്പിൽ അത് പ്രസിദ്ധീകരിച്ചവരുടെ പേരുവിവരങ്ങൾ ഉണ്ടായിരുന്നില്ല. ബാബുവും അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് ഏജന്റുമാണ് അത് അച്ചടിച്ചത് എന്നായിരുന്നു സ്വരാജിന്റെ വാദം. വലിയ തോതിൽ അയ്യപ്പ ഭക്തരുള്ള മണ്ഡലത്തിൽ വോട്ടർമാരെ സ്വാധീനിക്കാനുള്ള ശ്രമമുണ്ടായി. മതപരമായ ഇത്തരം കാര്യങ്ങൾ നിർമിക്കുകയും അത് ഉപയോഗിച്ച് വോട്ടു തേടുകയും ചെയ്തതു വഴി കെ. ബാബു ജനപ്രാതിനിധ്യ നിയമത്തിലെ 123(3) വകുപ്പ് ലംഘിക്കുകയാണ് ചെയ്തത്. അതിനാൽ ബാബുവിന്റെ വിജയം റദ്ദാക്കണമെന്നും സ്വരാജ് ആവശ്യപ്പെട്ടു. ഇക്കാര്യം അറിഞ്ഞയുടൻ തന്റെ പാർട്ടി പൊലീസിൽ പരാതി നൽ‍കിയെന്നും സ്വരാജ് പറയുന്നു.

കെ. ബാബുവിന്റെ വാദം

എന്നാൽ ആർ.വേണുഗോപാൽ തന്റെ തിരഞ്ഞെടുപ്പ് ഏജന്റാണെങ്കിലും തന്റെയോ അദ്ദേഹത്തിന്റെയോ മറ്റാരുടെയെങ്കിലുമോ സമ്മതത്തോടെ ഇത്തരമൊരു സ്ലിപ് അച്ചടിക്കുകയോ വിതരണം ചെയ്യുകയോ ഉണ്ടായിട്ടില്ല എന്നായിരുന്നു ബാബുവിന്റെ വാദം. സ്ലിപ് വിതരണം ചെയ്യുമ്പോൾ തനിക്ക് വോട്ടു ചെയ്തില്ലെങ്കിൽ ദൈവിക കോപം ഉണ്ടാകുമെന്ന് പറ‍ഞ്ഞതായ ആരോപണവും ശരിയല്ല. ജനപ്രാതിനിധ്യ നിയമം ലംഘിക്കുന്ന ഒന്നും താൻ ചെയ്തിട്ടില്ലെന്നും ബാബു വാദിച്ചു. ഇത്തരത്തിലൊരു പരാതി നൽ‍കാനായി സ്വരാജ് തന്നെ അച്ചടിപ്പിച്ചതാണ് ആ സ്ലിപ് എന്നായിരുന്നു ബാബുവിന്റെ വാദം.

തെളിവുകൾ ഹാജരാക്കാൻ സാധിച്ചിട്ടില്ലെന്ന് കോടതി

ഒരു മതത്തിന്റെയോ വിഭാഗത്തിന്റെയോ ഭാഗമായി രാജ്യത്തെ അടയാളപ്പെടുത്താൻ പാടില്ല എന്നാണ് ഭരണഘടനാ വകുപ്പുകൾ ഉദ്ധരിച്ച് എസ്ആർ ബൊമ്മെ കേസിൽ സുപ്രീം കോടതി പറഞ്ഞിട്ടുള്ളത്. രാജ്യത്തിന്റെ മതനിരപേക്ഷ സ്വഭാവത്തിലേക്ക് മതത്തിന്റെ കടന്നുകയറ്റം കർശനമായി തടഞ്ഞിട്ടുണ്ട്. അതുകൊണ്ട് തിര‍ഞ്ഞെടുപ്പുകളിൽ മതത്തിന്റെയോ ദൈവങ്ങളുടെയോ പേരുകളോ ചിത്രങ്ങളോ ഉൾപ്പെടെ ഉപയോഗിച്ചുള്ള വോട്ടു പ്രചരണം ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമാണ് എന്ന് വിവിധ കോടതി വിധികൾ ഉദ്ധരിച്ചുകൊണ്ട് ഹൈക്കോടതി പറയുന്നു. സമാനമായ വിധത്തിൽ അയ്യപ്പന്റെ ചിത്രം പതിപ്പിക്കുന്നതും അതിന്റെ പേരിൽ വോട്ടഭ്യർഥിക്കുന്നതും നിയമലംഘനമാണ്. എന്നാൽ ഈ കേസിൽ സംഭവിച്ചിട്ടുള്ളത് ഇത്തരത്തിലൊരു സ്ലിപ് വിതരണം ചെയ്തത് ബാബുവാണോ എന്നുള്ളതിനുള്ള തെളിവുകൾ ഹാജരാക്കാൻ സ്വരാജിന് കഴിഞ്ഞിട്ടുണ്ടോ എന്നതാണ്.

വേണുഗോപാലിനു പുറമെ ടി.കെ.ദേവരാജൻ, ശരത്ചന്ദ്രൻ എന്നിവർ പ്രദീപ് കുമാർ എന്നയാളുടെ വീട്ടിലെത്തി സ്ലിപ്പുകൾ കൈമാറിയിരുന്നു എന്നും സ്വരാജ് പറയുന്നു. ശരത്ചന്ദ്രൻ പിന്നീട് എം.എസ്.സാജു, വിനു, ശശി തുടങ്ങിയവർക്ക് സമാനമായ സ്ലിപ് നൽകി. അതുപോലെ വിനോദ്.സി, രവി വർമ എന്നിവർ ഹരിശങ്കർ രാജയുടെ വീട്ടിലെത്തി സ്ലിപ് നൽകി. രവി വർമ പിന്നീട് രഘു യു. മേനോൻ, നന്ദകുമാർ വർമ, ഹരി വർമ തുടങ്ങിയവർക്കും സ്ലിപ് നൽകി. സ്ലിപ് നൽകി എന്നു പറയുന്നത് പരാതിക്കാരനായ സ്വരാജാണ്. അദ്ദേഹത്തിന് ഈ വിവരം കിട്ടുന്നത് രണ്ടാം സാക്ഷിയായ സജിൽ രാജിൽ നിന്നാണ്. ആറാം സാക്ഷിയായ സിപിഎം ഏരിയ കമ്മിറ്റി സെക്രട്ടറിയാണ് പൊലീസിൽ പരാതി നൽകുന്നത്. 2 മുതൽ 5 വരെയുള്ള സാക്ഷികളുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് ഇത്തരത്തിൽ സ്ലിപ്പുകൾ വിതരണം ചെയ്‍തതെന്ന് പരാതിക്കാരൻ പറയുന്നത്. 2 മുതൽ 5 വരെയുള്ള സാക്ഷി മൊഴികൾ ഇക്കാര്യത്തിൽ സമാനമാണ്. തങ്ങളുടെ അയൽ വീടുകളിലും ഇത്തരത്തിലുള്ള സ്ലിപ്പുകൾ വിതരണം ചെയ്തു എന്നും ഇവർ പറയുന്നുണ്ട്. ഇതൊന്നും തന്നെ തെറ്റാണെന്ന് തെളിയിക്കാൻ വിചാരണ സമയത്ത് ബാബുവിന് കഴിഞ്ഞിട്ടില്ലെന്നും സ്വരാജ് വാദിച്ചിരുന്നു.

എന്നാൽ താനോ തന്റെ ഏജന്റുമാരോ ഇത്തരത്തിലുള്ള സ്ലിപ് നിർമിക്കാനോ വിതരണം ചെയ്യാനോ ആരേയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ബാബുവിന്റെ അഭിഭാഷകൻ വാദിച്ചു. അതോടൊപ്പം, 2–5 വരെയുള്ള സാക്ഷികൾ സിപിഎം പ്രവർത്തകരോ അതിന്റെ അനുബന്ധ സംഘടനകളിൽപ്പെട്ടവരോ ആണ്. ബാബുവിന്റെ തിരഞ്ഞെടുപ്പ് ഏജന്റുമാർ തങ്ങൾക്ക് സ്ലിപ്പുകൾ വിതരണം ചെയ്തു എന്ന അവരുടെ മൊഴിയെ പിന്തുണയ്ക്കുന്ന സ്വതന്ത്രമായ തെളിവുകളൊന്നും ഹാജരാക്കപ്പെട്ടിട്ടില്ല എന്ന് ബാബുവിന്റെ അഭിഭാഷകരുടെ വാദവും കോടതി ചൂണ്ടിക്കാട്ടി.

തിരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്ന പ്രചരണ സാമഗ്രികളിൽ പ്രസിദ്ധീകരിക്കുന്നവരുടെ പേരു വിവരങ്ങൾ ഉണ്ടാകണം എന്നാണ്. എന്നാൽ ഹാജരാക്കിയ സ്ലിപ്പുകളിൽ ഇത് ഉണ്ടായിരുന്നില്ല. ഇത് ബാബുവാണ് നിർമിച്ചതെന്ന് സ്വരാജിന്റെ അഭിഭാഷകൻ വാദിച്ചെങ്കിലും ആ സ്ലിപ്പിൽ പേരു വിവരങ്ങൾ ഇല്ല എന്നതിനാൽ തെളിവു ഹാജരാക്കാൻ പറ്റിയിട്ടില്ല. ആരാണ് അത് നിര്‍മിച്ചത് എന്ന വിവരം ഉണ്ടായിരുന്നെങ്കിൽ പരാതിക്കാരന് തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ച് അത് തെളിയിക്കാമായിരുന്നു. അതുപോലെ തങ്ങളാണ് അത് അച്ചടിച്ചത് എങ്കിൽ കമ്മിഷന് നൽകുന്ന ചെലവ് ഇനത്തിൽ ഇതുണ്ടാകുമായിരുന്നു എന്ന ബാബുവിന്റെ അഭിഭാഷകന്റെ വാദവും കോടതി കണക്കിെലടുത്തു. അതിൽ പേരും മറ്റും ഇല്ലാതിരുന്ന സാഹചര്യത്തിൽ അത് കണക്കിൽ പെടാനുള്ള സാധ്യതയും കുറവാണ്. ഈ സാഹചര്യത്തിൽ അതിനുള്ള തെളിവ് ഹാജരാക്കേണ്ടിയിരുന്നത് ഹർജിക്കാരനായിരുന്നു എന്നും കോടതി പറഞ്ഞു.

ഏപ്രിൽ നാലിന് പൊലീസിൽ നൽകിയ പരാതിക്കൊപ്പം ആരോപണ വിധേയമായ സ്ലിപ് സമർപ്പിച്ചിട്ടില്ലെന്നും ബാബുവിന്റെ അഭിഭാഷകൻ വാദിച്ചു. സ്വരാജ് ഫോണിലൂടെ നിർദേശിച്ചതു പ്രകാരമാണ് പരാതി നൽകിയത്. അതുകൊണ്ടു തന്നെ വിവിധ സ്ഥലങ്ങളിൽ സമാനമായ സ്ലിപ്പുകളാണ് വിതരണം ചെയ്തത് എന്നു തെളിയിക്കാൻ പറ്റില്ല എന്നായിരുന്നു ബാബുവിന്റെ വാദം. പരാതിക്കാരനായ സ്വരാജ് ഈ സ്ലിപ് കാണുന്നത് ഏപിൽ നാലിനാണ്. മറ്റൊരു സ്ലിപ് നാലാം സാക്ഷി സ്വരാജിന് നല്‍കിയത് ഏപ്രിൽ ഒമ്പതിനാണ്. അഞ്ചാം സാക്ഷി നൽകിയത് ഏപ്രിൽ 17നും. അതുകൊണ്ടു തന്നെ സമാനമായ മൂന്നു സ്ലിപ്പുകൾ വിതരണം ചെയ്യുന്നതു കണ്ടതിനു ശേഷമാണ് പൊലീസിൽ പരാതി നല്‍കിയത് എന്നത് ശരിയാകാൻ സാധ്യതയില്ല. ഇതടക്കം സാക്ഷി മൊഴികളിൽ പൊരുത്തക്കേടുകളുണ്ടെന്നും തന്റെ വാദങ്ങൾ സമർഥിക്കുന്നതിനുള്ള തെളിവുകൾ ഹാജരാക്കാൻ സാധിച്ചിട്ടില്ല തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് കോടതി ഹർജി തള്ളിയത്. 

English Summary:

Lack of evidence to reject M.Swaraj's petition seeking annulment of K.Babu's election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com