ADVERTISEMENT

ന്യൂഡൽഹി∙ പാക്ക് മണ്ണിൽനിന്ന് ഭീകരവാദം തുടച്ചുനീക്കാൻ പാക്കിസ്ഥാന് സ്വന്തം നിലയ്ക്കു കഴിവില്ലെങ്കിൽ   ഇന്ത്യ സഹായിക്കാമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ വാഗ്ദാനം. ഇന്ത്യയെ അസ്ഥിരപ്പെടുത്താൻ ഭീകരവാദികളുടെയും ഭീകര സംഘടനകളുടെയും സഹായം തേടുന്നതിനെതിരെ രാജ്നാഥ് സിങ് പാക്കിസ്ഥാനു മുന്നറിയിപ്പു നൽകി. ഇപ്രകാരം ചെയ്താൽ തക്കതായ തിരിച്ചടി നേരിടേണ്ടി വരുമെന്നാണ് രാജ്നാഥ് സിങ്ങിന്റെ മുന്നറിയിപ്പ്.

‘‘പാക്ക് മണ്ണിലെ ഭീകരവാദം അവർ നിയന്ത്രിച്ചേ തീരൂ. അവർക്ക് അതിനുള്ള ശേഷിയില്ലെന്നു വന്നാൽ തീർച്ചയായും ഇന്ത്യയുടെ സഹായം തേടാം. ഭീകരവാദം അമർച്ച ചെയ്യുന്നതിന് പാക്കിസ്ഥാനെ സഹായിക്കാൻ ഇന്ത്യ തയാറാണ്’’ – രാജ്നാഥ് സിങ് പറഞ്ഞു.

‘‘പാക്കിസ്ഥാൻ നമ്മുടെ അയൽക്കാരാണ്. ഭീകരവാദത്തിന് അറുതി വരുത്തുന്ന കാര്യത്തിൽ അവരുടെ ഉദ്ദേശ്യശുദ്ധി നല്ലതെങ്കിൽ, അതിനുള്ള നടപടികൾ കൈക്കൊള്ളണം. അവർക്ക് അതിനു സാധിക്കുന്നില്ലെങ്കിൽ ഇന്ത്യയുടെ സഹായം തേടുക. നമുക്ക് ഒറ്റക്കെട്ടായി നിന്ന് ഭീകരവാദത്തെ ചെറുത്തു തോൽപ്പിക്കാം. ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് പാക്കിസ്ഥാനാണ്. ഞാൻ ചില പ്രായോഗിക നിർദ്ദേശങ്ങൾ മുന്നോട്ടു വയ്ക്കുന്നുവെന്നേയുള്ളൂ.’’ – രാജ്നാഥ് സിങ് പറഞ്ഞു.

നേരത്തേ, ഇന്ത്യൻ മണ്ണിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടത്തി അതിർത്തിയിലൂടെ പാക്കിസ്ഥാനിലേക്കു രക്ഷപ്പെടുന്നവരെ അവിടെ കടന്നുചെന്ന് വധിക്കുമെന്ന രാജ്നാഥ് സിങ്ങിന്റെ പ്രസ്താവന വിവാദമായിരുന്നു. ഇന്ത്യയിൽ ആക്രമണം നടത്തുന്ന ഭീകരർ പാക്കിസ്ഥാനിലേക്ക് രക്ഷപ്പെടുന്നുവെന്ന രാജ്നാഥ് സിങ്ങിന്റെ പ്രസ്താവന പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രാലയം തള്ളുകയും ചെയ്തിരുന്നു. പാക്കിസ്ഥാനിൽ ഇന്ത്യ ആസൂത്രിത കൊലപാതകങ്ങൾ നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി ബ്രിട്ടിഷ് പത്രമായ ഗാർഡിയനിൽ വന്ന റിപ്പോർട്ടിനോടു പ്രതികരിക്കുമ്പോഴായിരുന്നു രാജ്നാഥ് സിങ്ങിന്റെ പ്രസ്താവന.

‘‘അയൽരാജ്യങ്ങളുമായി എന്നും നല്ല ബന്ധം കാത്തുസൂക്ഷിക്കാനാണ് ഇന്ത്യ ശ്രമിച്ചിട്ടുള്ളത്. എന്നാൽ ആരെങ്കിലും തുടർച്ചയായി ഇന്ത്യയെ ബുദ്ധിമുട്ടിക്കുകയും രാജ്യത്ത് തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ പ്രോത്സാഹിപ്പിക്കുകയും ചെയ്താൽ അവരെ വെറുതെ വിടില്ല. അവർ പാക്കിസ്ഥാനിലേക്ക് ഓടി രക്ഷപ്പെട്ടാൽ അവരെ വധിക്കാനായി ഞങ്ങൾ പാക്കിസ്ഥാനിലേക്കു പ്രവേശിക്കും.’’–  രാജ്നാഥ് സിങ് പറഞ്ഞു.

English Summary:

Rajnath Singh's swipe at Pakistan's failure to control terrorism

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com