ADVERTISEMENT

കോഴിക്കോട്∙ ലഹരിമരുന്നിന്റെ അമിത ഉപയോഗം മൂലം കോഴിക്കോട് ജില്ലയിൽ ഒരു മാസത്തിനിടെ മരിച്ചത് മൂന്ന് യുവാക്കൾ. ഇന്നു രാവിലെ വടകരയിൽ നെല്ലാച്ചേരി കുനിക്കുളങ്ങര ടവറിനു സമീപമാണ് രണ്ട് യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തിയത്. അവശനിലയിലായ മറ്റൊരു യുവാവിനെ ആശുപത്രിയിലേക്കു മാറ്റി. കഴിഞ്ഞ മാസം 20ന് കൊയിലാണ്ടിയിലും സമാനമായ രീതിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. മൃതദേഹങ്ങൾക്കരികിൽനിന്നു ലഹരി വസ്തുക്കളും സിറിഞ്ചും കണ്ടെത്തി. 

ഓർക്കാട്ടേരി കാളിയത്ത് ശങ്കരന്റെ മകൻ രൺദീപ് (30), കുന്നുമ്മക്കര തോട്ടോളി ബാബുവിന്റെ മകൻ അക്ഷയ് (26) എന്നിവരെയാണ് ഇന്ന് രാവിലെ എട്ട് മണിയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ കൂടെ അവശനിലയിൽ കണ്ടെത്തിയ ചെറിയ തുരുത്തി ശ്രീരാഗിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്രീരാഗ് സ്വബോധം നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു. രാവിലെ ആളുകൾ എത്തിയപ്പോൾ ഉണർന്ന ശ്രീരാഗ്, മറ്റു രണ്ടു പേരെ വിളിച്ചെഴുന്നേൽപ്പിക്കാൻ ശ്രമിച്ചു. ഇവർ മരിച്ച വിവരം ശ്രീരാഗ് അറിഞ്ഞിരുന്നില്ല.  

മരിച്ചവർ സ്ഥിരം ലഹരി വസ്തുക്കൾ ഉപയോഗിച്ചിരുന്നുവെന്നാണ് പുറത്തു വരുന്ന വിവരം. ഇവരെ മുൻപ് പലവട്ടം പൊലീസ് പിടികൂടിയിട്ടുണ്ട്. 11 അംഗ ലഹരിമരുന്ന് സംഘത്തിൽ ഉൾപ്പെട്ടവരാണ് ഈ മൂന്നുപേരും എന്ന് പൊലീസ് പറഞ്ഞു. മൂന്നു പേർക്കും പ്രത്യേകിച്ച് തൊഴിൽ ഇല്ല. രൺദീപ് ഇടയ്ക്കിടെ ഇതര സംസ്ഥാനങ്ങളിലേക്കു യാത്ര പോയിരുന്നതായാണു നാട്ടുകാർ പറയുന്നത്. 

കഴിഞ്ഞ മാസം ഇരുപതിനാണ് കൊയിലാണ്ടി സ്റ്റേഡിയത്തിൽ അണേലക്കടവ് സ്വദേശി അമൽ സൂര്യയെ (25) മരിച്ച നിലയിൽ കണ്ടെത്തിയത്. അമലിന്റെ മൃതദേഹത്തിനു സമീപത്തുനിന്നു സിറിഞ്ചുകൾ കണ്ടെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് സമാന സാഹചര്യത്തിൽ രണ്ടു പേർ കൂടി മരിച്ചത്. 

അടുത്തിടെ ഏറാമല, ഒഞ്ചിയം പഞ്ചായത്തുകളിൽ അഞ്ച് യുവാക്കൾ മരിച്ച സംഭവങ്ങളിലും പൊലീസിനും നാട്ടുകാർക്കും സംശയമുണ്ട്. മരിച്ചവരുടെ ബന്ധുക്കൾ സഹകരിക്കാതെ വരുന്നതോടെ അന്വേഷണവുമായി മുന്നോട്ടു പോകാൻ സാധിക്കാത്ത സാഹചര്യമാണ്. 

യുവാക്കൾക്കിടയിൽ രാസലഹരി ഉപയോഗം വർധിച്ചുവരുന്നുണ്ടെന്ന് കോഴിക്കോട് നർകോട്ടിക് സെൽ എസിപി പറഞ്ഞു. എംഡിഎംഎ അടക്കമുള്ള ലഹരി മരുന്നുകൾ ബെംഗളൂരുനിന്നും കഞ്ചാവ് ഉൾപ്പെടെയുള്ള മരുന്നുകൾ ഉത്തേരന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുമാണ് എത്തുന്നത്. ഇതര സംസ്ഥാന തൊഴിലാളികളും ലഹരി മരുന്ന് കടത്തിൽ സജീവമാണെന്ന് അദ്ദേഹം പറഞ്ഞു. 

English Summary:

Drug Overdose Claims Three Lives in Kozhikode, Locals Raise Alarm Over Youth's Safety

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com