ADVERTISEMENT

തിരുവനന്തപുരം ∙ ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ കേരളത്തിലെ താരപ്രചാരകനായി മുഖ്യമന്ത്രി പിണറായി വിജയൻ തിളങ്ങി നിൽക്കുകയാണെന്നു കെപിസിസി ആക്ടിങ് പ്രസിഡന്റ് എം.എം.ഹസൻ. ദേശീയ തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും പറയുന്നതിനേക്കാൾ പതിന്മടങ്ങ് വർഗീയ പ്രചരണമാണു പിണറായി നടത്തുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ശേഷം ആറാം തവണയും കേരളത്തിലെത്തുന്ന മോദി ഇവിടേക്കു വന്നില്ലെങ്കിലും കുഴപ്പമില്ല. അദ്ദേഹത്തിന് പറയാനുള്ള കാര്യങ്ങൾ തന്നെയാണ് പിണറായി വിജയൻ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്. കെപിസിസി മാധ്യമ സമിതി ഇന്ദിരാഭവനിൽ സംഘടിപ്പിക്കുന്ന മുഖാമുഖം പരമ്പരയിൽ സംസാരിക്കുകയായിരുന്നു ഹസൻ.

മോദിയുടെ പ്രീതി സമ്പാദിക്കുകയെന്നതാണ് ഇതിലൂടെ പിണറായി ലക്ഷ്യമിടുന്നത്. അതിന്റെ കാരണമെന്തെന്നു കേരളത്തിലെ ജനങ്ങൾക്ക് അറിയാവുന്നതിനാൽ ആവർത്തിക്കുന്നില്ല. രാജ്യവ്യാപകമായി വൻ സ്വീകാര്യത നേടിയ കോൺഗ്രസിന്റെ പ്രകടനപത്രികയെ ജിന്നാ ലീഗിന്റെ മുദ്രയെന്നാണു മോദി വിശേഷിപ്പിച്ചത്. പിണറായി വിജയനാകട്ടെ, മോദിയേക്കാൾ പതിന്മടങ്ങ് വർഗീയത ചേർത്തു പറഞ്ഞ് പ്രകടന പത്രികയെ എതിർക്കുന്നു. കേരളത്തിൽ ബിജെപി രണ്ടിടത്തു വിജയിക്കുമെന്നാണു മോദി ആവർത്തിക്കുന്നത്. ബിജെപി-സിപിഎം അന്തർധാര ഫലപ്രദമാകുമെന്ന പ്രതീക്ഷയിലാണത്. സ്വന്തം പാർട്ടിയുടേതല്ലാത്ത 2 സ്ഥാനാർഥികളെ ബലിയാടാക്കിയിട്ടാണെങ്കിലും മോദിയുടെ പ്രതീക്ഷ നിറവേറ്റാനായി പിണറായി വിജയൻ പരമാവധി ശ്രമിക്കുന്നതും ഇന്ത്യാ സഖ്യത്തെ നഖശിഖാന്തം എതിർക്കുന്നതുമാണു തിരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് തെളിഞ്ഞു കാണുന്നത്.

പാനൂർ ബോംബ് സ്ഫോടനക്കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. സിപിഎമ്മിലെ ഉന്നത നേതാക്കളുടെ അറിവോടും സമ്മതത്തോടും കൂടി ജനവിധി അട്ടിമറിക്കാനുള്ള ആസൂത്രിത ശ്രമമാണു ബോംബ് സ്ഫോടനത്തിലൂടെ നടന്നത്. ബോംബ് നിർമാണം ഭീകര പ്രവർത്തനമാണെന്നിരിക്കെ, പാനൂർ സ്ഫോടനത്തെ മുഖ്യമന്ത്രി നിസ്സാരവൽക്കരിക്കുന്നു. അതുമൊരു രക്ഷാപ്രവർത്തനമെന്നാണ് അദ്ദേഹം പറയുന്നത്. സ്ഫോടനത്തിനു പിന്നാലെ അത്യുഗ്രശേഷിയുള്ള ബോംബുകൾ പൊലീസ് വീണ്ടും കണ്ടെടുത്തു നിർവീര്യമാക്കിയത് അതീവ ഗൗരവമുള്ള കാര്യമാണെന്നും ഹസൻ പറഞ്ഞു.

English Summary:

KPCC Acting President MM Hassan said that Chief Minister Pinarayi Vijayan is shining as BJP's star propagandist in Kerala.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com