ADVERTISEMENT

കൊച്ചി∙ നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ അടങ്ങുന്ന മെമ്മറി കാർഡിൽ നിന്നും സുപ്രധാന വിവരങ്ങൾ ചോർന്നെന്ന സ്റ്റേറ്റ് ഫൊറൻസിക് സയൻസ് ലബോറട്ടറിയിൽ നിന്നുള്ള വെളിപ്പെടുത്തൽ നീതിബോധമുള്ള ഏതൊരു വ്യക്തിയെയും ഞെട്ടിക്കുന്നതാണെന്ന് നടിമാരുടെ സംഘടനയായ ഡബ്ല്യുസിസി.  മെമ്മറി കാർഡിൽ അട്ടിമറി നടന്നെന്ന് അതിജീവിത സമൂഹമാധ്യമത്തിൽ കുറിച്ചതിനു പിന്നാലെയാണ് ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെ അതിജീവിതയ്ക്ക് ഡബ്ല്യുസിസി വീണ്ടും പിന്തുണ പ്രഖ്യാപിച്ചത്.

‘‘അതിജീവിത എഴുതിയതുപോലെ ഓരോ ഇന്ത്യൻ പൗരന്റെയും അവസാനത്തെ അത്താണിയാണ് നീതിന്യായ വ്യവസ്ഥ. സന്ധിയില്ലാതെ അവർ നടത്തുന്ന നിയമയുദ്ധത്തെ നീതിപീഠം കണ്ടില്ലെന്ന് നടിക്കില്ല എന്നുതന്നെ കരുതുന്നു. നികൃഷ്ടമായ നിയമലംഘനത്തെ അതിശക്തമായി അപലപിക്കുകയും കർക്കശമായ ശിക്ഷാനടപടികൾ ആവശ്യപ്പെടുകയും ചെയ്യുന്നു. ഏറെ നിസ്സഹായതയോടെ, എന്നാൽ പ്രത്യാശ നശിക്കാതെ പോരാടുന്ന സഹപ്രവർത്തകയ്ക്ക് ഒപ്പം ഞങ്ങൾ നിലകൊള്ളുന്നു’’– ഡബ്ല്യുസിസി കുറിച്ചു.

‘‘ഒരു വ്യക്തിയുടെ മൗലിക അവകാശമാണ് പ്രൈവസി. അത് പാലിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കേണ്ട നീതിന്യായ വ്യവസ്ഥ തന്നെ അതിജീവിതയെ തോൽപ്പിക്കാൻ പാടുണ്ടോ? കോടതി അവളുടെ മാന്യതയെ ഹനിക്കുന്ന വിഡിയോ ഫൂട്ടേജുകൾ കാണാൻ ആരെയും അനുവദിക്കില്ലെന്നായിരുന്നു വിശ്വാസം. കോടതിയുടെ സുരക്ഷയിലിരുന്ന മെമ്മറി കാർഡിന്റെ  ഹാഷ് വാല്യു പലതവണ മാറിയിരിക്കുന്നു എന്ന അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തൽ സമാന സാഹചര്യത്തിൽ നീതിക്കായി പോരാടുന്ന മുഴുവൻ സ്ത്രീകളെയും  മുറിവേൽപ്പിച്ചിരിക്കുന്നു’’– ഡബ്ല്യുസിസി കുറിച്ചു. 

നേരത്തെ, നീതി കിട്ടുംവരെ പോരാട്ടം തുടരുമെന്നായിരുന്നു അതിജീവിത ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ‘‘കോടതിയിൽനിന്ന് ദുരനുഭവം ഉണ്ടാകുമ്പോൾ തകരുന്നത് മുറിവേറ്റ മനുഷ്യരാണ്. തനിക്ക് മുറിവേറ്റപ്പോള്‍ അഹങ്കരിക്കുന്നത് മുറിവേൽപ്പിച്ച നീചരാണ്. സത്യസന്ധരായ ന്യായാധിപരുടെ കാലം അവസാനിച്ചെന്നു കരുതുന്നില്ല’’– അതിജീവിത കുറിച്ചു. 

English Summary:

WCC Facebook post in support of survivor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com