ADVERTISEMENT

പട്ന∙ ഒരു വിഭാഗം വോട്ടർമാരെ തൃപ്തിപ്പെടുത്താൻ ചില നേതാക്കൾ നവരാത്രി കാലത്ത് മാംസാഹാര ഭക്ഷണത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നുവെന്ന് കേന്ദ്ര പ്രതിരോധമന്ത്രി  രാജ്നാഥ് സിങ്. ആർജെഡി നേതാവും ബിഹാർ മുൻ മുഖ്യമന്ത്രിയുമായ തേജസ്വി യാദവിന്റെ മത്സ്യം കഴിക്കുന്ന വിഡിയോയ്‌ക്കെതിരെയായിരുന്നു പ്രതിരോധ മന്ത്രിയുടെ പരാമർശം. 

‘നിങ്ങൾ നവരാത്രിയിൽ മീൻ കഴിക്കുന്നു. എന്ത് സന്ദേശമാണ് നിങ്ങൾ നൽകുന്നത്? മത്സ്യമോ പന്നിയോ പ്രാവോ ആനയോ കുതിരയോ എന്തു വേണമെങ്കിലും കഴിക്കാം. നിങ്ങൾക്കു വേണ്ട എന്തും കഴിക്കാം. പക്ഷേ എന്തിനാണ് അതൊക്കെ കാണിക്കുന്നത്? അതു വോട്ടിന് വേണ്ടിയാണ്. പ്രീണന രാഷ്ട്രീയത്തിനു വേണ്ടി മാത്രമാണ്. ഇതു കാരണം ഒരു പ്രത്യേക മതത്തിൽപ്പെട്ട ആളുകൾ അവർക്കു വോട്ട് ചെയ്യുമെന്ന് കരുതുന്നു. അങ്ങനെയുള്ളവരെ കൈകാര്യം ചെയ്യാൻ ഞാൻ നിങ്ങളോട് അഭ്യർഥിക്കുന്നു.’’ – ‌‌ബിഹാറിലെ ജാമുയിയിൽ നടന്ന ബിജെപിയുടെ പൊതുസമ്മേളനത്തിൽ‌ രാജ്‌നാഥ് സിങ് പറഞ്ഞു. 

അതേസമയം, താൻ മത്സ്യം കഴിക്കുന്ന വിഡിയോ നവരാത്രിക്ക് മുൻപുള്ളതാണെന്നാണ് തേജസ്വി യാദവിന്റെ പ്രതികരണം. ‘ബിജെപിയുടെ ഐക്യു പരിശോധിക്കുന്നതിനാണ് ഞങ്ങൾ ഈ വിഡിയോ അപ്‌ലോഡ് ചെയ്‌തത്. ഞങ്ങളുടെ ചിന്ത ശരിയാണെന്ന് തെളിയിക്കപ്പെട്ടു. പക്ഷേ പാവങ്ങളായ അനുയായികൾക്ക് എന്തറിയാം?’ – തേജസ്വി യാദവ് പറഞ്ഞു. 

ജയിലിൽ കഴിയുന്നവരും ജാമ്യത്തിൽ കഴിയുന്നവരും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ജയിലിലേക്ക് അയക്കുന്നതിനെ കുറിച്ചാണ് സംസാരിക്കുന്നതെന്നും രാജ്നാഥ് സിങ് പറഞ്ഞു. ആർജെഡി എംപിയും ലാലു പ്രസാദ് യാദവിന്റെ മകളുമായ മിഷ ഭാരതിക്കാണ് രാജ്നാഥ് സിങ് മറുപടി നൽകിയത്.

‘‘ലാലു പ്രസാദ് യാദവിന്റെ കുടുംബാംഗങ്ങൾ എന്താണ് പറയുന്നത്? അവർ സർക്കാർ രൂപീകരിച്ചാൽ മോദിജിയെ ജയിലിലടക്കുമെന്ന് പറയുന്നു. ജയിലിലോ ജാമ്യത്തിലോ ഉള്ളവർ മോദിജിയെ ജയിലിലേക്ക് അയക്കുമോ? ബിഹാറിലെ ജനങ്ങൾ എല്ലാം സഹിക്കും. പക്ഷേ ഇത് സഹിക്കില്ല. നരേന്ദ്ര മോദി മൂന്നാം തവണയും പ്രധാനമന്ത്രിയാകുമെന്ന് ലോകം മുഴുവൻ പറയുന്നു. മറ്റു രാജ്യങ്ങൾ അദ്ദേഹത്തെ അടുത്ത വർഷത്തെ പരിപാടികൾക്ക് ക്ഷണിക്കാൻ തുടങ്ങി. ഈ തിരഞ്ഞെടുപ്പിനെ ഒരു ഔപചാരികത ആയിട്ടാണ് കാണുന്നത്.’’– രാജ്നാഥ് സിങ് പറഞ്ഞു. 

English Summary:

Rajnath Singh slams Tejashwi yadav

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com