ADVERTISEMENT

'വൈകിട്ട് ആറു മണി കഴിഞ്ഞാൽ പുറത്തിറങ്ങാൻ പറ്റില്ല, വെളുപ്പിനെ പുറത്തേക്കിറങ്ങാൻ പറ്റില്ല, എന്തെങ്കിലും അപകടമോ മറ്റോ ഉണ്ടായാൽ നേരം വെളുത്ത് ആനയൊന്നും ഇല്ലെന്ന് ഉറപ്പാക്കിയിട്ട് വേണം പുറത്തേക്ക് പോകാൻ. വെറും നാലു കിലോമീറ്ററേ ഉള്ളൂ ഇവിടെ നിന്ന് വനാതിർത്തിയിലേക്ക്. എല്ലാ ദിവസങ്ങളിലും തന്നെ ആനകൾ ഇവിടെ എത്താറുണ്ട്. ജീവൻ പേടിച്ചാണ് കഴിയുന്നത്. അതിനു പിന്നാലെയാണ് ഇത്തരം പ്രശ്നങ്ങൾ. അവർ പറഞ്ഞ കാര്യങ്ങൾ പാലിക്കുമോ എന്നു നോക്കട്ടെ', കോതമംഗലം കോട്ടപ്പടി പഞ്ചായത്തിലെ പ്ലാച്ചേരിയിൽ കിണറ്റിൽ വീണ ആനയെ വനംവകുപ്പ് കയറ്റി വിട്ട് ഒരു ദിവസം കഴിഞ്ഞിട്ടും സിജു പത്രേസിന് രോഷവും സങ്കടവും അടക്കാനാവുന്നില്ല. സിജുവിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള പറമ്പിലുള്ള കിണറ്റിലാണ് വെള്ളിയാഴ്ച വെളുപ്പിന് രണ്ടു മണിയോടെ ആന വീണത്. കയറ്റിയത് 16 മണിക്കൂറോളം കഴിഞ്ഞ് ശനിയാഴ്ച വൈകിട്ടും. 

15 ദിവസത്തിനുള്ളിൽ കിണർ നന്നാക്കി ഇടിഞ്ഞു പൊളിഞ്ഞതുമെല്ലാം കെട്ടി തയാറാക്കി നൽകാമെന്നാണ് വനംവകുപ്പ്, പൊലീസ്, പഞ്ചായത്ത് അധികൃതരും നാട്ടുകാരും ചേർന്നു കൂടിയ നടന്ന യോഗത്തിൽ തീരുമാനമായത്. ഇതിനു ശേഷമാണ് പിടിച്ചു വച്ചിരുന്ന മണ്ണുമാന്തി യന്ത്രവും കിണറ്റിലെ വെള്ളം തേവാൻ വനംവകുപ്പ് കൊണ്ടുവന്ന മോട്ടോറും വിട്ടുകൊടുക്കാൻ നാട്ടുകാർ തയാറായത്. 'അവർ പണം തരാമെന്നാണ് പറഞ്ഞത്. ഞങ്ങൾ അത് വേണ്ടെന്നു പറഞ്ഞു. അവർ പത്തോ രണ്ടായിരമോ രൂപ തന്നാൽ ഞങ്ങൾക്കുണ്ടായ നഷ്ടം ആരു പരിഹരിക്കും. ജെസിബി കൊണ്ടു വന്നപ്പോൾ എന്റെ പറമ്പിലെ 5 കമുങ്ങുകൾ, 3 മഹാഗണികൾ, ഏതാനും തെങ്ങിൻ തൈകൾ ഒക്കെ പറിച്ചു മാറ്റേണ്ടി വന്നു. കുറെ കയ്യാലയും ഇടിച്ചിട്ടുണ്ട്. മണ്ണിട്ട് നികത്തിയ സ്ഥലവുമുണ്ട്. ഇതിനും നഷ്ടപരിഹാരം നൽകാം എന്നാണ് പറഞ്ഞിരിക്കുന്നത്. 15 ദിവസത്തിനുള്ളിൽ ഇക്കാര്യങ്ങൾ പരിഹരിച്ചില്ലെങ്കിൽ ഞങ്ങൾ വെറുതെയിരിക്കില്ല', – സിജു മനോരമ ഓൺലൈനോട് പറഞ്ഞു. 

പത്തോളം വീട്ടുകാർ കുടിവെള്ളത്തിനായി ഉപയോഗിച്ചിരുന്ന കിണറ്റിലാണ് ആന വീണത്. നേരത്തെ ഉണ്ടാക്കിയ ധാരണ ഈ കിണർ വീണ്ടും ഉപയോഗ്യയോഗ്യമാക്കുന്നതു വരെ വനംവകുപ്പും പഞ്ചായത്തും ടാങ്കറിൽ കുടിവെള്ളം എത്തിക്കും എന്നായിരുന്നു. ജനങ്ങൾക്ക് എപ്പോൾ വെള്ളം ആവശ്യമായി വന്നാലും അത് എത്തിച്ചോളാം എന്നാണ് അധികൃതർ സമ്മതിച്ചിരിക്കുന്നത് എന്ന് നാട്ടുകാർ പറഞ്ഞു. ശനിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെ ആനയെ കിണറിന്റെ തിട്ട ഇടിച്ച് പുറത്തെത്തിച്ച ശേഷം വനംവകുപ്പ് അധികൃതർ സ്ഥലം വിട്ടിരുന്നു എന്ന് നാട്ടുകാർ പറയുന്നു. തുടർന്ന് നാട്ടുകാരുടെ രോഷം ഉണ്ടായത് പഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി, വാർഡ് മെമ്പർ സന്തോഷ് അയ്യപ്പൻ എന്നിവരുടെ നേർക്കാണ്. തുടർന്ന് ഇന്നു രാവിലെ 10 മണിക്ക് ചർച്ച നടത്താം എന്ന് തീരുമാനിക്കുകയായിരുന്നു. 

ആനയെ മയക്കുവെടിവച്ച് പിടികൂടി മറ്റൊരു സ്ഥലത്തേക്ക് മാറ്റാം എന്നു പറഞ്ഞിട്ട് വഞ്ചിച്ചവരാണ് വനംവകുപ്പുകാർ എന്ന് ജനങ്ങൾ ആവർത്തിക്കുന്നുണ്ട്. എന്നാൽ കിണറ്റിനുള്ളിൽ വച്ച് മയക്കുവെടി വച്ചാൽ ആനയുടെ ജീവന് അപകടമുണ്ടാകാനുള്ള എല്ലാ സാധ്യതയും ഉണ്ടായിരുന്നുവെന്ന് വനംവകുപ്പ് അധികൃതർ പറയുന്നു. കിണറ്റിൽ നിന്ന് കയറിയതിനു ശേഷം വെടിവയ്ക്കുക പ്രായോഗികവുമല്ല. 10 വയസ്സാണ് ആനയ്ക്ക് ഉദ്ദേശം കണക്കാക്കുന്നത്. മയക്കുവെടിക്ക് കൃത്യമായ അളവിലല്ല മരുന്നും മറ്റും ഉപയോഗിയ്ക്കുന്നത് എങ്കിൽ അപകടം സംഭവിക്കാൻ സാധ്യതയുണ്ട്  എന്നതിനാലാണ് ആനയെ കരയ്ക്കു കയറ്റുക എന്നതിലേക്ക് തങ്ങൾ നിലപാട് മാറ്റിയത് എന്നും അവർ പറയുന്നു. 

എന്തായാലും കിണർ നന്നാക്കുന്നത് അടക്കമുള്ള കാര്യങ്ങളിൽ വനംവകുപ്പ് വാക്കുപാലിക്കുമോ എന്ന കാത്തിരിപ്പിലാണ് ജനങ്ങൾ. അതിനൊപ്പം ആനയെ പേടിക്കാതെ എങ്ങനെ ജീവിക്കാൻ ഒരു വഴിയുണ്ടാക്കി തരാനും അവർ അധികൃതരോട് ആവശ്യപ്പെടുന്നു. തങ്ങൾ ആനയെ ക്ഷണിച്ചു കൊണ്ടുവന്ന് കിണറ്റിലിട്ടതല്ലെന്നും അവർ കൂട്ടിച്ചേർക്കുന്നു.

English Summary:

Siju pathros demands compensation for the loses to rescue the elephant that fell in the well

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com