ADVERTISEMENT

തിരുവനന്തപുരം∙ ആനയെഴുന്നള്ളിപ്പിനു നിയന്ത്രണമേര്‍പ്പെടുത്തിക്കൊണ്ടു ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പുറത്തിറക്കിയ വിവാദ സര്‍ക്കുലര്‍ വനംവകുപ്പുതന്നെ തിരുത്തി. പൂരത്തിന് എഴുന്നള്ളിക്കുമ്പോള്‍ ആനയുടെ 50 മീറ്റര്‍ പരിധിയില്‍ ആളുകള്‍ നില്‍ക്കരുത്, 50 മീറ്റര്‍ ചുറ്റളവില്‍ തീവെട്ടി, പടക്കം പൊട്ടിക്കല്‍, താളമേളം എന്നിവ പാടില്ല തുടങ്ങിയ നിര്‍ദേശങ്ങള്‍ അടങ്ങിയ ഉത്തരവാണ് ഭേദഗതി ചെയ്തത്. ആനകള്‍ക്ക് അസ്വസ്ഥത ഉണ്ടാകാത്ത തരത്തില്‍ ക്രമീകരണങ്ങള്‍ നടത്തിയാല്‍ മതിയെന്നു നിര്‍ദേശിച്ചു. മാറ്റങ്ങള്‍ ഹൈക്കോടതിയെ അറിയിക്കും. വിവിധ ദേവസ്വം ബോര്‍ഡുകള്‍ ആശങ്ക പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണു വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ ഉത്തരവ് തിരുത്താന്‍ നിര്‍ദേശിച്ചത്. 

ഈ നിര്‍ദേശങ്ങള്‍ പാലിച്ചാല്‍ ആനയെ എഴുന്നള്ളിക്കുന്ന സ്ഥലത്തു മേളമോ പഞ്ചവാദ്യമോ നടത്താനാവില്ലെന്നു ദേവസ്വങ്ങള്‍ ചൂണ്ടിക്കാട്ടി. പൂരത്തിന്റെ മഠത്തില്‍വരവ്, ഇലിഞ്ഞിത്തറ മേളം എന്നിവയെല്ലാം മുടങ്ങുന്നതിനും ഇടയാക്കും. ഉത്തരവ് പിന്‍വലിച്ചില്ലെങ്കില്‍ ആനകളെ വിട്ടുനല്‍കില്ലെന്ന് എലിഫന്റ് ഓണേഴ്‌സ് ഫെഡറേഷന്‍ പ്രഖ്യാപിച്ചിരുന്നു. ഫെസ്റ്റിവല്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി, ആനത്തൊഴിലാളി യൂണിയന്‍ തുടങ്ങിയ സംഘടനകള്‍ ആന ഉടമകളെ പിന്തുണച്ചു. 

ഉത്തരവിലെ അപ്രായോഗിക നിര്‍ദേശങ്ങള്‍ തിരുത്തി പൂരത്തിന് ആനയെ സുരക്ഷിതമായി എഴുന്നള്ളിക്കുന്നതിനുള്ള പുതിയ നിര്‍ദേശങ്ങള്‍ നടപ്പാക്കാനാണു വനം വകുപ്പിന്റെ തീരുമാനം. ഉത്സവങ്ങളില്‍ പൊതുജനങ്ങള്‍ക്കും ആനകള്‍ക്കും അപകടമുണ്ടാക്കുന്നത് ഒഴിവാക്കാന്‍ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത വിവിധ കേസുകളില്‍ സര്‍ക്കാരിന്റെ നിലപാട് അറിയിക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചാണു ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവ് പുറത്തിറക്കിയതും കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതും.

English Summary:

Forest Department reversed controversial order regarding Elephants

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com