ADVERTISEMENT

ഗാന്ധി നഗർ∙ സ്വതന്ത്രസ്ഥാനാർഥികൾക്ക് അവസരം നൽകുന്ന ലോക്സഭാ മണ്ഡലമാണ് ദാദ്ര നാഗർഹവേലി. ചരിത്രപ്രസിദ്ധമായ ഒട്ടേറ കഥകൾ ഉറങ്ങികിടക്കുന്ന കേന്ദ്രഭരണപ്രദേശം. ദാദ്ര നാഗർഹവേലിയും ദാമൻ ദിയും രണ്ട് കേന്ദ്രഭരണപ്രദേശങ്ങളായി നിലനിന്നിരുന്നെങ്കിലും 2020ൽ ഇവ ഒറ്റ കേന്ദ്രഭരണപ്രദേശമായി മാറുകയായിരുന്നു. എന്നാൽ ലോക്സഭാ മണ്ഡലം രണ്ടാണ്. രണ്ടിടത്തും മൂന്നാംഘട്ടമായ മെയ് 7നാണ് തിരഞ്ഞെടുപ്പ്. പട്ടികജാതി സംവരണ മണ്ഡലത്തിൽ കോൺഗ്രസിനായി മത്സരിക്കാനൊരുങ്ങുന്നത് അജിത് റാംജി മഹ്‌ലയാണ്. ബിജെപിക്കായി സിറ്റിങ് എംപിയായ കലാബെൻ ദേൽക്കർ തന്നെ രംഗത്തിറങ്ങും. 

ദാദ്രയും ഹവേലിയും എവിടെ? ചരിത്രമറിയാം
ഗുജറാത്ത് സംസ്ഥാനത്തിനുള്ളിലെ ഒരു ചെറിയ സ്ഥലമാണ് ദാദ്ര. എന്നാൽ ഗുജറാത്തിനും മഹാരാഷ്ട്രയ്ക്കുമിടയിൽ സ്ഥിതി ചെയ്യുന്ന സി ആകൃതിയിലുള്ള ഒരു എൻക്ലേവാണ് (ഏതെങ്കിലും ഒരു സംസ്ഥാനം, രാജ്യം അല്ലെങ്കിൽ ഒരു പ്രദേശവുമായോ ചുറ്റപ്പെട്ടുകിടക്കുന്ന ഒറ്റപ്പെട്ട സ്ഥലത്തെയാണ് എൻക്ലേവ് എന്നു വിളിക്കുന്നത്) നാഗർഹവേലി. ഇത് രണ്ടിനെയും ചേർത്താണ് കേന്ദ്രഭരണപ്രദേശമായ ദാദ്ര നാഗർഹവേലി എന്നുപറയുന്നത്. ദാദ്ര നാഗർഹവേലിയും ദാമൻ ആൻഡ് ദിയുവും രണ്ട് കേന്ദ്രഭരണപ്രദേശങ്ങളായിരുന്നു. എന്നാൽ 2020 ജനുവരി 26ന് ഈ രണ്ട് കേന്ദ്രഭരണപ്രദേശങ്ങളെയും സംയോജിപ്പിച്ചുകൊണ്ട് ഒരു പുതിയ കേന്ദ്രഭരണപ്രദേശമാക്കി (ദാദ്ര & നാഗർഹവേലി– ദാമൻ& ദിയു) മാറ്റുകയായിരുന്നു. 1818ൽ പോർച്ചുഗീസുകാർ ദാദ്ര നാഗർഹവേലി കൈവശപ്പെടുത്തി. ഇന്ത്യയ്ക്ക് 1947ൽ സ്വാതന്ത്ര്യം ലഭിച്ചെങ്കിലും പോർച്ചുഗീസുകൾ ഈ പ്രദേശങ്ങളിൽ ആധിപത്യം സ്ഥാപിച്ചിരുന്നു. 

പോർച്ചുഗീസിന്റെ ഭാഗമാണിതെന്നാണ് വാദം. ഒടുവിൽ 1954ൽ ഇന്ത്യൻ സൈന്യവും ഈ പ്രദേശങ്ങളിലെ സന്നദ്ധസംഘടനകളും ചേർന്ന് പോർച്ചുഗീസുകാരിൽ നിന്ന് ദാദ്ര നാഗർഹവേലി പിടിച്ചെടുക്കുകയും ഭരണം തുടങ്ങുകയും ചെയ്തു. എന്നാൽ 1961 ഓഗസ്റ്റ് 11നാണ് ഔദ്യോഗികമായി ഇവയെ ഇന്ത്യയുടെ ഭാഗമായി കൂട്ടിച്ചേർത്തത്. 

പോർച്ചുഗീസിന്റെ കീഴിലായിരുന്ന ഗോവ, ദാമൻ ദിയു എന്നിവയും ഇന്ത്യ പിടിച്ചെടുത്തു. 1962 മുതൽ 1987 വരെ ഇത് കേന്ദ്രഭരണപ്രദേശമായി ഇന്ത്യ കണക്കാക്കി. ഇന്ത്യ കൈവശപ്പെടുത്തിയെങ്കിലും പോർച്ചുഗീസുകാർ അത് അംഗീകരിച്ചിരുന്നില്ല. ഇതിനിടയ്ക്ക് ഉണ്ടായ കർണേഷ് വിപ്ലവമാണ് പോർച്ചുഗീസുകാരെ പൂർണമായും അവിടെനിന്നും മാറ്റിയത്. 1987ൽ കൊങ്കണി ഭാഷാ പ്രസ്ഥാനത്തിന് ശേഷം ഗോവയെ സംസ്ഥാനമായി അംഗീകരിച്ചതോടെ ദാമൻ ദിയുവിനെ പ്രത്യേക കേന്ദ്രഭരണപ്രദേശമാക്കി മാറ്റി. 2019ൽ ദാദ്ര& നാഗർഹവേലി- ദാമൻ& ദിയു സംയോജന ബില്ല് പാസാക്കുകയും 2020ൽ ഈ നാലുപ്രദേശങ്ങളും ഒറ്റ കേന്ദ്രഭരണപ്രദേശമായി നിലവിൽ വരികയും ചെയ്തു. ദാമൻ ആണ് ഇതിന്റെ തലസ്ഥാനം. ഈ പ്രദേശത്തെ ജനങ്ങൾക്ക് ലഭ്യമായ സംവരണങ്ങളിൽ മാറ്റമില്ല. മൂന്ന് ജില്ലകളുള്ള ഇവിടെ രണ്ട് ലോക്സഭാ സീറ്റുകളാണുള്ളത്.

ഭരണം ഇങ്ങനെ
1967ലാണ് ആദ്യ ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. അന്ന് കോൺഗ്രസിനായിരുന്നു വിജയം. സഞ്ജിഭായ് റുബ്ജിഭായ് ദേൽകർ ആണ് വിജയിച്ചത്. പിന്നീട് 1971, 1977 ൽ കോൺഗ്രസിന്റേത് തന്നെ രാമുഭായ് രാവ്‌ജിഭായ് പട്ടേലിന്റെ ഭരണമായിരുന്നു. 1980 ലും രാംജി മൽഹയിലൂടെ കോൺഗ്രസ് ഭരണം നിലനിർത്തി. എന്നാൽ 1984ലെ തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായ സീതാറാം ജിവ്യഭായ് ഗ‌വ്‌ലി അധികാരമേറ്റു.1989ലും സ്വതന്ത സ്ഥാനാർഥിക്ക് തന്നെയായിരുന്നു വിജയം. മോഹൻഭായ് സഞ്ജിഭായ് ദേൽക്കർ ആയിരുന്നു അത്. പിന്നീട് അദ്ദേഹം കോൺഗ്രസിലേക്ക് ചേർന്നു. 1991 ലെ തിരഞ്ഞെടുപ്പിലും 96 ലും മോഹൻഭായ് കോൺഗ്രസ് എംപിയായി ഭരണമേറ്റു. എന്നാൽ 1998ൽ ബിജെപി സ്ഥാനാർഥിയായാണ് അദ്ദേഹം തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. പിന്നീട് 2004ൽ ഭാരതീയ നവശക്തി പാർട്ടിയിലൂടെ മോഹൻഭായ് വീണ്ടും ദാദ്ര ആൻഡ് നാഗർ ഹവേലിയുടെ എംപിയായി. 2009ലും 2014ലും  ബിജെപിയുടെ നാട്ടുഭായ് ഗോമൻഭായ് പട്ടേൽ എംപിയായി. തുടർന്ന് 2019ൽ വീണ്ടും മോഹൻതന്നെ സ്വതന്ത്രസ്ഥാനാർഥിയായി ഭരണം ഏറ്റെടുത്തു. 90,421 വോട്ടുകൾക്കാണ് അദ്ദേഹം വിജയിച്ചത്. 2021ൽ മോഹൻഭായുടെ മരണത്തോടെ 2021ൽ ഉപതിരഞ്ഞെടുപ്പ് നടക്കുകയും ഭാര്യ കലാബെൻ ശിവസേനയ്ക്കുവേണ്ടി മത്സരിക്കുകയും വിജയിക്കുകയും ചെയ്തു.

അധ്യാപകനിൽ നിന്ന് നേതാവിലേക്ക്
കൊങ്കണ ആദിവാസി വിഭാഗത്തിൽപ്പെട്ട അജിത് മൽഹയുടേത് രാഷ്ട്രീയ കുടുംബമായിരുന്നു. പാരമ്പര്യമായി തന്നെ രാഷ്ട്രീയ  അദ്ദേഹത്തിന്റെ പിതാവ് റാംജി മഹ്‌ല 1980ൽ ദാദ്ര & നാഗർ ഹവേലിയുടെ എംപിയായിരുന്നു. പിന്നീട് 1984 മുതൽ 1990 വരെയും 1998 മുതൽ 2000വരെയും ടെറിട്ടോറിയൽ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായി പ്രവർത്തിച്ചു. യൂത്ത് കോൺഗ്രസ് സെക്രട്ടറി, ജോയിന്റ് സെക്രട്ടറി എന്നീ സ്ഥാനങ്ങളും വഹിച്ച അദ്ദേഹം, 2006 മുതൽ 2010 വരെ കോൺഗ്രസ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. കോൺഗ്രസിന്റെ വിദ്യാർഥി വിഭാഗമായ നാഷനൽ സ്റ്റുഡന്റ്സ് യൂണിയൻ ഓഫ് ഇന്ത്യയുടെ (എൻഎസ്‌യുഐ) സെക്രട്ടറിയും ജനറല്‍ സെക്രട്ടറിയുമായി പ്രവർത്തിച്ചയാളാണ് അജിത്. സർക്കാർ സ്കൂൾ അധ്യാപകനായിരുന്ന അദ്ദേഹം 2019ൽ ആ ജോലി ഉപേക്ഷിക്കുകയും കോൺഗ്രസിൽ ചേരുകയും ചെയ്തു. ദാദ്ര ആൻഡ് നാഗർ ഹവേലിയിലെ ആദിവാസി കോൺഗ്രസ് ചെയർമാനായി പ്രവർത്തിച്ചുവരുന്നതിനിടെയാണ് കോൺഗ്രസ് ദേശീയ നേതൃത്വം എംപി സ്ഥാനത്തേക്ക് പരിഗണിച്ചത്. ഇപ്പോഴത്തെ എംപി വീട്ടിലിരിക്കുകയാണെന്നും പൊതുജനങ്ങളെ കാണാനോ അവരുടെ വിവരങ്ങൾ തിരക്കാനോ അവർ തയാറാകുന്നില്ലെന്നും അജിത് പറഞ്ഞു. തനിക്ക് ഒരു അവസരം ലഭിക്കുകയാണെങ്കിൽ ജനങ്ങളോട് നേരിട്ട് ഇടപെട്ട് അവരുടെ ആവശ്യങ്ങൾ നിറവേറ്റുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഭർത്താവിന്റെ മരണം നൽകിയ എംപി സ്ഥാനം
ദാദ്ര & നാഗർഹവേലിയിൽ ഏഴ് തവണ എംപിയായിരുന്ന വ്യക്തിയാണ് മോഹൻഭായ് സഞ്ജിഭായ് ദേൽക്കർ. 2021 ഫെബ്രുവരി 22ന് മുംബൈയിലെ ഒരു ഹോട്ടലിൽ അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തി. അദ്ദേഹത്തിന്റെ ആത്മഹത്യാ കുറിപ്പിൽ ദാദ്ര ആൻഡ് നാഗർ ഹവേലി അഡിമിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ, ഗുജറാത്തിലെ ഒരു മന്ത്രി ഉൾപ്പെടെ 9 പേരെക്കുറിച്ച് പരാമർശിച്ചിട്ടുണ്ടായിരുന്നു. ഭരണത്തിന്റെ മൂന്നാം വർഷത്തിലായിരുന്നു ദേൽക്കറിന്റെ മരണം. തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ ശിവസേന ദേൽക്കറിന്റെ ഭാര്യയായ ലാബെനിനെ തന്നെ സ്ഥാനാർഥിയാക്കി. അന്ന് ബിജെപിക്കായി മത്സരിച്ചത് മഹേഷ് ഗാവിത് ആയിരുന്നു. ദേൽക്കറിന്റെ മരണം സഹതാപ വോട്ടുകളാവുകയും കലാബെന്നിനെ എംപിയാക്കുകയും ചെയ്തു. 51,000 വോട്ടുകൾക്കാണ് ബിജെപി തോറ്റത്. ദിവസങ്ങൾക്ക് മുൻപ് കലാബെന്നും മകൻ അഭിനവും ബിജെപിയിൽ ചേരുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹത്തിന്റെ പാർട്ടിയിലേക്ക് ക്ഷണിച്ചതിൽ സന്തോഷമുണ്ടെന്നും നന്ദി അറിയിക്കുന്നുവെന്നും അവർ പ്രസംഗത്തിൽ പറഞ്ഞിരുന്നു. കലാബെന്നിനെ തന്നെ ബിജെപി സ്ഥാനാർഥിയായി മത്സരിപ്പിക്കാൻ പാർട്ടി തയാറാവുകയായിരുന്നു. അതേസമയം, ശിവസേന സ്വന്തം സ്ഥാനാർഥിയെ നിർത്തുമെന്ന് ശിവസേന വക്താവും എംപിയുമായ സഞ്ജയ് റാവത്ത് അറിയിച്ചു. ദേൽക്കർ കുടുംബം പ്രശ്നത്തിലായ സമയം അവർക്കൊപ്പം ഞങ്ങൾ നിന്നു, അവരെ പിന്തുണച്ചു. എന്നാൽ അവർക്ക് നന്ദിയില്ലെന്ന് സഞ്ജയ് റാവത്ത് ആഞ്ഞടിച്ചു.

English Summary:

Loksabha election in Dadra Nagar Haveli

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com