ADVERTISEMENT

കോട്ടയം∙ രാഹുൽ ഗാന്ധിയുടെ റോഡ് ഷോയ്ക്ക് അടക്കം പാർട്ടി പതാകകൾ ഉപേക്ഷിച്ചത് പ്രചരണത്തിനു പുതിയ രീതി കണ്ടെത്തിയതിന്റെ ഭാഗമായാണെന്ന് കെപിസിസി പ്രചരണ സമിതി അധ്യക്ഷനും കോൺഗ്രസ് പ്രവർത്തക സമിതി സ്ഥിരം ക്ഷണിതാവുമായ രമേശ് ചെന്നിത്തല. ഒരു പുതിയ സ്റ്റൈലാണത്. ലീഗിന്റെ എന്നല്ല, കോൺഗ്രസിന്റെയും പതാക ഉപയോഗിച്ചിട്ടില്ല. ഒരു സ്ഥാനവും കിട്ടിയില്ലെങ്കിലും താൻ പാർട്ടിയിലുണ്ടാകുമെന്ന് ചെന്നിത്തല വ്യക്തമാക്കി.

രമേശ് ചെന്നിത്തല
രമേശ് ചെന്നിത്തല

പാർട്ടി വിട്ടു പോകുന്ന ആളുകൾ അവരുടെ സ്വാർഥ താൽപര്യങ്ങൾക്കു വേണ്ടിയാണ് പോകുന്നത്. എംഎൽഎമാരായിരുന്ന കെ.മുരളീധരനെയും അടൂർ പ്രകാശിനെയുമൊക്കെ കഴിഞ്ഞ തവണ പാർലമെന്റിലേക്ക് വിട്ട തീരുമാനം തെറ്റായിപ്പോയെന്ന് പിന്നീട് തനിക്ക് തോന്നിയിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു. മനോരമ ഓൺലൈന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ രമേശ് ചെന്നിത്തല സംസാരിക്കുന്നു:

രമേശ് ചെന്നിത്തല, കെ.മുരളീധരൻ, എം.എം.ഹസൻ,ശശി തരൂർ
രമേശ് ചെന്നിത്തല, കെ.മുരളീധരൻ, എം.എം.ഹസൻ,ശശി തരൂർ

∙ രാജ്യം പൊതു തിരഞ്ഞെടുപ്പിനെ നേടിരുമ്പോൾ കോൺഗ്രസ് വളരെ ദുർബലമാണെന്ന ഒരു വികാരം ദേശീയ തലത്തിലുണ്ട്. താങ്കളുടെ തന്നെ സമകാലികരായ പല നേതാക്കളും പാർട്ടി വിട്ടുപോയി. എന്തുകൊണ്ടാണ് പാർട്ടി ഇത്തരത്തിലൊരു പ്രതിസന്ധിയിൽ അകപ്പെട്ടു പോയത്?

നേതാക്കന്മാർ വിട്ടുപോയി എന്നുള്ളത് സത്യമാണ്. പക്ഷേ പാർട്ടി ഇപ്പോഴും ശക്തമാണ്. നേതാക്കന്മാർ വിട്ടു പോകുമ്പോൾ അവരുടെ കൂടെ അണികൾ പോകാറില്ല. കപിൽ സിബൽ പോയി. അദ്ദേഹത്തിന്റെ കൂടെ ആരും പോയില്ല. ഗുലാം നബി ആസാദിന്റെ കൂടെ പോയവർ തിരിച്ചുവന്നു. കാരണം കോൺഗ്രസിന് അത്രമാത്രം ജനഹൃദയങ്ങളിൽ സ്ഥാനമുണ്ട്. രണ്ടു തരത്തിലാണ് ആളുകൾ പോകുന്നത്. ഒന്ന് അധികാര മോഹം. രണ്ട് ഇ.ഡി,​ സിബിഐ പേടി.




നാഗ്പുരിൽ നിതിൻ ഗഡ്കരിക്കെതിരെ മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർഥി വികാസ് താക്കറെക്കായി രമേശ് ചെന്നിത്തല, മുകുൾ 
വാസ്നിക് എന്നീ മുതിർന്ന കോൺഗ്രസ് നേതാക്കൾ പ്രചാരണം നടത്തുന്നു. സ്ഥാനാർഥി വലത്തേയറ്റത്ത്.
നാഗ്പുരിൽ നിതിൻ ഗഡ്കരിക്കെതിരെ മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർഥി വികാസ് താക്കറെക്കായി രമേശ് ചെന്നിത്തല, മുകുൾ വാസ്നിക് എന്നീ മുതിർന്ന കോൺഗ്രസ് നേതാക്കൾ പ്രചാരണം നടത്തുന്നു. സ്ഥാനാർഥി വലത്തേയറ്റത്ത്.

∙ ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് കേരളത്തിലെ ഒരുകൂട്ടം കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക് പോകുമെന്നു കേൾക്കുന്നുണ്ടല്ലോ?

അധികാര മോഹികൾ പോകും. യഥാർഥ പാർട്ടി പ്രവർത്തകരും പാർട്ടിയോട് കൂറുള്ളവരും കോൺഗ്രസിൽ തന്നെയുണ്ടാകും.

കേരളത്തിലെ കോൺഗ്രസ് സ്ഥാനാർഥിനിർണയവുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ഡൽഹിയിൽ വീട്ടിൽ ഒത്തുകൂടിയ കെ.സി.വേണുഗോപാൽ, വി.ഡി.സതീശൻ, രമേശ് ചെന്നിത്തല എന്നിവർ. ചിത്രം: രാഹുൽ ആർ.പട്ടം ∙ മനോരമ
കേരളത്തിലെ കോൺഗ്രസ് സ്ഥാനാർഥിനിർണയവുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ഡൽഹിയിൽ വീട്ടിൽ ഒത്തുകൂടിയ കെ.സി.വേണുഗോപാൽ, വി.ഡി.സതീശൻ, രമേശ് ചെന്നിത്തല എന്നിവർ. ചിത്രം: രാഹുൽ ആർ.പട്ടം ∙ മനോരമ

∙ താങ്കളെ ഏതെങ്കിലും ബിജെപി നേതാക്കൾ സമീപിച്ചിരുന്നോ?

അതിനുള്ള ധൈര്യമൊന്നും അവർക്കില്ല. മരിക്കുന്നതു വരെ ഞാൻ കോൺഗ്രസുകാരനായിരിക്കും. 19 വർഷം മുൻപ് ഞാനിരുന്ന പദവിയിൽ തന്നെയാണ് ഇപ്പോഴും ഉള്ളത്. സ്ഥാനമാനത്തിന്റെ പേരിൽ പാർട്ടിയിൽ നിൽക്കുന്നയാളല്ല ഞാൻ. നാളെ എനിക്ക് പാർട്ടിയിൽ ഒരു സ്ഥാനവും കിട്ടിയില്ലെങ്കിലും ഞാൻ കോൺഗ്രസിലുണ്ടാകും.

വള്ളിക്കുന്ന് മണ്ഡലം പര്യടനം ഉദ്ഘാടനത്തിന് എത്തിയ രമേശ് ചെന്നിത്തലയെ മലപ്പുറം ലോക്‌സഭാ മണ്ഡലം സ്ഥാനാർഥി ഇ.ടി.മുഹമ്മദ് ബഷീർ സ്വീകരിക്കുന്നു. പി.അബ്ദുൽ ഹമീദ്, മഞ്ഞളാംകുഴി അലി, കെപിസിസി സെക്രട്ടറി കെ.പി.അബ്ദുൽ മജീദ് തുടങ്ങിയവർ സമീപം.
വള്ളിക്കുന്ന് മണ്ഡലം പര്യടനം ഉദ്ഘാടനത്തിന് എത്തിയ രമേശ് ചെന്നിത്തലയെ മലപ്പുറം ലോക്‌സഭാ മണ്ഡലം സ്ഥാനാർഥി ഇ.ടി.മുഹമ്മദ് ബഷീർ സ്വീകരിക്കുന്നു. പി.അബ്ദുൽ ഹമീദ്, മഞ്ഞളാംകുഴി അലി, കെപിസിസി സെക്രട്ടറി കെ.പി.അബ്ദുൽ മജീദ് തുടങ്ങിയവർ സമീപം.

∙ കോൺഗ്രസിന് എന്തോ കുഴപ്പമുള്ളതു കൊണ്ടല്ലേ ഇവരൊക്കെ പാർട്ടി വിട്ടുപോകുന്നത്?

പോകുന്ന ആളുകൾ അവരുടെ സ്വാർഥ താൽപര്യങ്ങൾക്കു വേണ്ടിയാണ് പോകുന്നത്. അല്ലാതെ എന്തെങ്കിലും പൊതു താൽപര്യമൊന്നും അവർക്കില്ല. അവർ വിചാരിക്കുന്നത് കോൺഗ്രസ് ഇനി തിരിച്ചു വരില്ലെന്നാണ്. പക്ഷേ, കോൺഗ്രസ് തിരിച്ചുവരാൻ പോവുകയാണ്. മോദി മൂന്നാം തവണയും വരും 400 സീറ്റ് നേടുമെന്നുമൊക്കെയുള്ള പ്രചാരണം നടത്തുന്നത് പരാജയ ഭീതിയിൽ നിന്നാണ്. ഇതൊക്കെ ഒരു സൈക്കോളജിക്കൽ മൂവായി കണ്ടാൽ മതി.

വി.ഡി.സതീശൻ, രമേശ് ചെന്നിത്തല, പി.കെ.കുഞ്ഞാലിക്കുട്ടി (ചിത്രങ്ങൾ. മനോരമ)
വി.ഡി.സതീശൻ, രമേശ് ചെന്നിത്തല, പി.കെ.കുഞ്ഞാലിക്കുട്ടി (ചിത്രങ്ങൾ. മനോരമ)

∙ ബിജെപി 400 സീറ്റ് നേടില്ലെന്നാണോ?

ഒരിക്കലും നേടില്ല. ഇന്ത്യാ മുന്നണി അധികാരത്തിൽ വരും.

∙ എ.കെ.ആന്റണിയുടെ മകനും കരുണാകരന്റെ മകളും ബിജെപിയിൽ ചേരുമെന്ന് താങ്കൾ പ്രതീക്ഷിച്ചിരുന്നോ?

എന്നെ ഞെട്ടിച്ച തീരുമാനങ്ങളാണ് അതു രണ്ടും. എന്നുകരുതി അവർ പോയതൊന്നും പാർട്ടിയെ ബാധിക്കില്ല. 

∙ മുതിർന്ന നേതാവെന്ന നിലയിൽ തിരഞ്ഞെടുപ്പ് രംഗത്തടക്കം പാർട്ടി താങ്കളെ വേണ്ടപോലെ ഉപയോഗിക്കുന്നുണ്ടെന്ന് കരുതുന്നുണ്ടോ?

അതുകൊണ്ടല്ല എനിക്ക് തിരഞ്ഞെടപ്പ് പ്രചരണസമിതിയുടെ ചുമതല നൽകിയത്. ഞങ്ങളെല്ലാവരും കൂടിയാലോചിച്ചാണ് കാര്യങ്ങൾ ചെയ്യുന്നത്. സതീശന്റെയും ഹസന്റെയും ഒപ്പം ആലോചിക്കാതെ ഒരു കാര്യവും ചെയ്യാറില്ല. സുധാകരനെ ഫോണിൽ ബന്ധപ്പെട്ട് എല്ലാ കാര്യങ്ങളും സംസാരിക്കാറുണ്ട്.

രമേശ് ചെന്നിത്തല, ശശി തരൂർ, വി.എസ്.ശിവകുമാർ,എം.എം.ഹസൻ
രമേശ് ചെന്നിത്തല, ശശി തരൂർ, വി.എസ്.ശിവകുമാർ,എം.എം.ഹസൻ

∙ രാഹുലിന്റെ പ്രചരണത്തിനു ലീഗിന്റെ പതാകയ്ക്ക് പ്രചരത്തിനുണ്ടാകുന്ന വിലക്ക് എൽഡിഎഫ് വലിയ തോതിൽ ആയുധമാക്കുന്നുണ്ടല്ലോ?

ഞങ്ങൾ പ്രചരണത്തിനു പുതിയ രീതി കണ്ടെത്തിയതാണ്. രാഹുൽ ഗാന്ധിയുടെ ഫോട്ടോ വച്ചിട്ടുള്ള 7000 പ്ലക്കാർഡുകൾ. ഒരു പുതിയ സ്റ്റൈലാണത്. ലീഗിന്റെയല്ല കോൺഗ്രസിന്റെയും പതാക ഉപയോഗിച്ചിട്ടില്ല. അതിനു വേറെ വ്യാഖ്യാനം നൽകേണ്ട. 

രമേശ് ചെന്നിത്തല, കെ.സുധാകരനും
രമേശ് ചെന്നിത്തല, കെ.സുധാകരനും

∙ മനോരമ ഓൺലൈൻ യുവത്വത്തിന് ഇതു പോരാ എന്ന പേരിൽ ഒരു ക്യാംപയിൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ചിരുന്നു. യുവാക്കൾക്ക് സീറ്റു നൽകുന്നതിൽ കോൺഗ്രസ് വളരെ പിന്നോട്ടാണെന്നാണ് മനസിലാക്കാൻ കഴിഞ്ഞത്.

സിറ്റിങ് എംപിമാർക്ക് സീറ്റു നൽകിയതിനാലാണ് യുവാക്കൾക്ക് കൂടുതൽ പ്രാതിനിധ്യം കൊടുക്കാൻ കഴിയാതെ പോയത്. ഞാൻ പ്രതിപക്ഷ നേതാവായിരുന്നപ്പോൾ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 52 പുതുമുഖങ്ങൾക്കാണ് സീറ്റ് നൽകിയതെന്ന് ഓർക്കണം. അതിൽ 2 പേർ മാത്രമാണ് വിജയിച്ചത്. 

∙ എംഎൽഎമാരും എംപിമാരും മത്സരിക്കുന്നത് ശരിയാണോ?

ശരിക്കും അതിനോട് എനിക്ക് വ്യക്തിപരമായി യോജിപ്പില്ല. കെ.മുരളീധരനയെും അടൂർ പ്രകാശിനെയും പാർലമെന്റിലേക്ക് വിട്ട തീരുമാനം തെറ്റായിപ്പോയെന്ന് പിന്നീട് എനിക്ക് തോന്നിയിട്ടുണ്ട്. അത് എന്റെ കൂടി തീരുമാനമായിരുന്നു. പക്ഷേ ഞങ്ങൾക്ക് നിയമസഭയിൽ ആ സീറ്റുകൾ നഷ്ടപ്പെട്ടു.

ഉമ്മൻ ചാണ്ടിയോടൊപ്പം തിരഞ്ഞെടുപ്പ് പ്രചരണ വേളയിൽ രമേശ് ചെന്നിത്തല (ഫയൽ ചിത്രം)
ഉമ്മൻ ചാണ്ടിയോടൊപ്പം തിരഞ്ഞെടുപ്പ് പ്രചരണ വേളയിൽ രമേശ് ചെന്നിത്തല (ഫയൽ ചിത്രം)

∙ രാജ്യഭാ സീറ്റ് അനിശ്ചിതത്വത്തിൽ ആക്കിയിട്ടല്ലേ കെ.സി. വേണുഗോപാൽ ലോക്സഭയിലേക്ക് മത്സരിക്കുന്നത്?

കെ.സി.വേണുഗോപാലിന്റെ കാര്യം അങ്ങനെ കാണരുത്.  ഇന്ത്യാ മുന്നണിക്ക് സർക്കാരുണ്ടാക്കാൻ ലോക്‌സഭയിലെ അംഗങ്ങളാണ് കൂടുതൽ വരേണ്ടത്. രാജ്യസഭയിൽ ഭൂരിപക്ഷം ഉണ്ടായിട്ട് കാര്യമില്ല.

∙താങ്കളും ഉമ്മൻ ചാണ്ടിയും തമ്മിലുണ്ടായിരുന്ന ഒരു കോമ്പോ സതീശനും സുധാകരനും തമ്മിലുണ്ടോ?

ഞങ്ങൾ വേറൊരു രീതിയിലാണ് പ്രവർത്തിച്ചത്. അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു. പക്ഷേ അത് പുറത്തു പോകില്ലായിരുന്നു. ഞങ്ങൾ അഭിപ്രായ വ്യത്യാസം പരസ്യമാക്കിയാൽ ലക്ഷക്കണക്കിനു വരുന്ന കോൺഗ്രസ് പ്രവർത്തകരെ അത് വേദനിപ്പിക്കും. അവർ രാവിലെ ചായക്കടയിലിരുന്ന് രാഷ്ട്രീയം പറയുമ്പോൾ അവരുടെ എതിരാളി പത്രം വായിച്ചിട്ട് പരിഹസിക്കുന്ന അവസ്ഥ ഞാൻ ഉണ്ടാക്കിയിട്ടില്ല. അതിനിയും അങ്ങനെ തന്നെയായിരിക്കും.

∙ എത്ര സീറ്റാണ് കേരളത്തിൽ നിന്നും പ്രതീക്ഷിക്കുന്നത്?

സംശയമെന്ത്, 20 സീറ്റുകൾ തന്നെയാണ് പ്രതീക്ഷിക്കുന്നത്.

∙ അത് എളുപ്പമാണെന്ന് കരുതുന്നുണ്ടോ?

കഴിഞ്ഞ പ്രാവശ്യം ഞാൻ ഇങ്ങനെ പറഞ്ഞപ്പോഴും നിങ്ങളൊക്കെ ഇതുതന്നെയാണ് ചോദിച്ചത്. എന്നിട്ടെന്തായി? കേന്ദ്ര–സംസ്ഥാന സർക്കാരുകളെ കേരളത്തിലെ ജനങ്ങൾ അത്രത്തോളം വെറുത്തിരിക്കുകയാണ്. 

English Summary:

Ramesh Chennithala Interview

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com