ADVERTISEMENT

കോട്ടയം ∙ സർക്കാർ മെഡിക്കൽ കോളജിൽ പത്താമത്തെ ഹൃദയമാറ്റ ശസ്ത്രക്രിയ നടന്നു. മസ്തിഷ്‌ക മരണമടഞ്ഞ തമിഴ്നാട്ടുകാരനായ എം. രാജയുടെ (38) ഹൃദയം ആലപ്പുഴ സ്വദേശിയായ 26കാരനിലാണ് മാറ്റിവച്ചത്. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നിന്ന് വ്യാഴാഴ്ച രാവിലെ 7 മണിയോടെ അവയവം കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചു. മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാറിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്. അവയവം ദാനം നല്‍കിയ രാജയുടെ ബന്ധുക്കളെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആദരവറിയിച്ചു. ഒപ്പം ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ മുഴുവന്‍ ടീമിനേയും മന്ത്രി അഭിനന്ദിച്ചു.

കന്യാകുമാരി സ്വദേശിയും ഡ്രൈവറുമായ രാജയ്ക്ക് തലയ്ക്കുള്ളിലെ രക്തസ്രാവം കാരണമാണ് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം കിംസ് ആശുപത്രിയിലെത്തിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ വിദഗ്ധ ചികിത്സ നല്‍കിയെങ്കിലും കഴിഞ്ഞ ദിവസം മസ്തിഷ്‌ക മരണമടയുകയായിരുന്നു. അവയവദാനത്തിന്റെ പ്രാധാന്യത്തെപ്പറ്റിയറിഞ്ഞ ബന്ധുക്കള്‍ അവയവദാനത്തിന് തയ്യാറാകുകയായിരുന്നു. ഹൃദയം, കരള്‍, 2 വൃക്കകള്‍ എന്നിവയാണ് ദാനം നല്‍കിയത്. രാജയുടെ ഭാര്യ എല്ലിസുമിത നാഗര്‍കോവില്‍ കോടതിയിലെ താൽക്കാലിക ജിവനക്കാരിയാണ്. പതിനഞ്ചും പതിമൂന്നും വയസുള്ള കുട്ടികളാണുള്ളത്.

ഇന്നലെ രാത്രി തന്നെ കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കിംസിലെത്തി ഹൃദയം ഏറ്റെടുത്തു. രാത്രിയില്‍ ആഭ്യന്തര വകുപ്പിന്റെ സഹായത്തോടെ ഗ്രീന്‍ കോറിഡോര്‍ ഒരുക്കിയാണ് ഹൃദയം കോട്ടയം മെഡിക്കല്‍ കോളേജിലെത്തിച്ചത്. കാര്‍ഡിയോ മയോപ്പതി കാരണം ഹൃദയം മാറ്റിവയ്ക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലാതിരുന്ന യുവാവിലാണ് ഹൃദയം മാറ്റിവച്ചത്. അതിരാവിലെ ആരംഭിച്ച ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ 10 മണിയോടെ പൂര്‍ത്തിയായി. മസ്തിഷ്‌ക മരണ നിര്‍ണയവും അവയവ വിന്യാസവും ശസ്ത്രക്രിയകള്‍ക്ക് ഏകോപനവും നടത്തിയത് സര്‍ക്കാരിന്റെ മസ്തിഷ്‌ക മരണാനന്തര അവയവദാന പദ്ധതിയായ കെ സോട്ടോയാണ്. 

English Summary:

10th heart transplant surgery take place at Kottayam Medical College

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com