ADVERTISEMENT

ബെംഗളൂരു∙ ജെഡിഎസ് അധ്യക്ഷൻ എച്ച്‌.ഡി.ദേവഗൗഡയുടെ ചെറുമകനും ഹാസനിലെ ജെഡിഎസ് സ്ഥാനാർഥിയുമായ പ്രജ്വൽ രേവണ്ണ ഉൾപ്പെട്ട അശ്ലീല വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പാർട്ടി പ്രതിരോധത്തിൽ.  പ്രജ്വൽ ജർമനിയിലേക്ക് കടന്നതായി സൂചന വന്നതിനു പിന്നാലെ, അങ്ങനെ പോയിട്ടുണ്ടെങ്കിൽ സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം അദ്ദേഹത്തെ തിരികെ കൊണ്ടുവരുമെന്ന് പ്രജ്വലിന്റെ പിതൃസഹോദരനും മുൻ മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമി വ്യക്തമാക്കി. പാർട്ടിക്ക് ഇതുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

‘‘ഞാനായാലും എച്ച്.ഡി. ദേവഗൗഡയായാലും സ്ത്രീകളെ ബഹുമാനിക്കുന്നവരാണ്. പരാതിയുമായി വരുമ്പോഴെല്ലാം അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഞങ്ങൾ ശ്രമിച്ചിട്ടുണ്ട്. മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പ്രത്യേക സംഘം അന്വേഷണം തുടങ്ങി. വിദേശത്തുനിന്ന് എസ്ഐടി സംഘം പ്രജ്വലിനെ തിരികെ കൊണ്ടുവരും. അക്കാര്യത്തിലൊന്നും എനിക്ക് ആശങ്കയില്ല.’’– കുമാരസ്വാമി വാർത്താ ഏജൻസിയായ എഎൻഐയോടു പറഞ്ഞു. ദേവഗൗഡയുടെ മകൻ എച്ച്.ഡി.രേവണ്ണയുടെ മകനാണ് പ്രജ്വൽ രേവണ്ണ.

കർണാടകയിലെ ഹാസൻ മണ്ഡലത്തിൽ വോട്ടെടുപ്പ് നടന്ന ഏപ്രിൽ 26നു രണ്ടു ദിവസം മുൻപാണ് പ്രജ്വലിന്റേതെന്ന പേരിൽ‌ അശ്ലീല വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. ഏപ്രിൽ 25ന് വനിതാ കമ്മിഷൻ അധ്യക്ഷ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയോട് ഇതു സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിടണമെന്ന് അഭ്യർഥിച്ചു. വിഡിയോകൾ മോർഫ് ചെയ്തതാണെന്നാണ് ജെഡിഎസിന്റെ വാദം.

വോട്ടെടുപ്പിനു പിറ്റേന്ന്, 27നാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ അന്വേഷണത്തിന് ഉത്തരവിട്ടത്. എന്നാൽ ഇതിനു തൊട്ടുമുൻപ് പ്രജ്വൽ രാജ്യം വിട്ടതായാണ് റിപ്പോർട്ട്. ജർമനിയിലെ ഫ്രാങ്ക്ഫർട്ടിലേക്കാണ് പ്രജ്വൽ പോയതെന്നാണ് സൂചന. ഇക്കാര്യം ജെഡിഎസ് സ്ഥിരീകരിക്കുകയോ തള്ളുകയോ ചെയ്തിട്ടില്ല. സംഭവത്തിൽ സഖ്യകക്ഷിയായ ബിജെപിയും ഇതുവരെ പ്രതികരിച്ചിട്ടില്ല. ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപാണ് ജെഡിഎസ് എൻഡിഎയിൽ ചേർന്നത്.

വിഡിയോ വ്യാജമാണെന്ന് ചൂണ്ടിക്കാണിച്ച് പ്രജ്വലിന്റെ പോളിങ് ഏജന്റ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ജെഡ‍ിഎസിന്റെ ശക്തികേന്ദ്രമായ ഹാസനിലെ സിറ്റിങ് എംപിയാണ് 33 വയസ്സുകാരനായ പ്രജ്വൽ രേവണ്ണ. 2019 ലോക്സഭാ തിരഞ്ഞെടുപ്പിലാണ് പ്രജ്വൽ ആദ്യമായി ഇവിടെനിന്നു വിജയിച്ചത്. 2004 മുതൽ 2019 വരെ എച്ച്.ഡി.ദേവഗൗഡയുടെ മണ്ഡലമായിരുന്നു ഹാസൻ.

English Summary:

Prajwal Revanna's party distances itself from obscene video row

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com