ADVERTISEMENT

കോട്ടയം ∙ ഉഷ്ണ തരംഗത്തിൽ സംസ്ഥാനം വെന്തുരുകുകയാണ്. വൈദ്യുതി ഉപയോഗം റെക്കോർഡിലെത്തി. ഏവരുടെയും മനസിൽ വരുന്നത് രണ്ടു ചൂടൻ ചോദ്യങ്ങളാണ്. ലോഡ് ഷെഡിങ് വേണ്ടി വരുമോ? ആവശ്യത്തിന് വൈദ്യുതി ഉണ്ടെങ്കിൽ പോലും നിരക്ക് കൂട്ടേണ്ടി വരുമോ ? വൈദ്യുതി രംഗത്തെ ഇപ്പോഴത്തെ അവസ്ഥ സംബന്ധിച്ച് മന്ത്രി കെ.കൃഷ്ണൻ കുട്ടി വിശദമായി മനോരമ ഓൺലൈനോട് സംസാരിക്കുന്നു. 

∙ സംസ്ഥാനത്ത് ലോഡ് ഷെഡിങ് വേണ്ടി വരുമോ? 

ജൂൺ പത്തിനകം നല്ലൊരു മഴ പെയ്തില്ലെങ്കിൽ വൈദ്യുതി നിയന്ത്രണം വേണ്ടി വരും. വൈദ്യുതി ഉപഭോഗത്തിൽ സ്വയം നിയന്ത്രണം വേണം. താങ്ങാനാവാത്ത പ്രതിസന്ധിയാണ്. ഒരു വീട്ടിൽ ഒരു എസി ഉപയോഗിച്ചിരുന്നിടത്ത് ഇപ്പോൾ നാല് എസിയാണ് ഉപയോഗിക്കുന്നത്. 

∙ ഇങ്ങനെയൊരു വൈദ്യുതി പ്രതിസന്ധി പ്രതീക്ഷിച്ചതാണോ?

വൈദ്യുതി ഉൽപാദന മേഖല വളരെ കമ്മിയാണ്. 20% മാത്രമാണ് വൈദ്യുതി ഉൽപാദനം. ബാക്കിയൊക്കെ പുറത്തുനിന്ന് വാങ്ങുകയാണ്. വൈദ്യുതി ഉൽപാദനത്തിനു വേണ്ട വലിയ പദ്ധതികളൊന്നും വരാൻ ആരും സമ്മതിക്കില്ല. നിങ്ങൾ (മാധ്യമങ്ങൾ) തന്നെ സമ്മതിക്കില്ല. ഇത്ര സാധ്യതയുള്ള സംസ്ഥാനം വേറെയില്ല. 3000 ടിഎംസി വെള്ളമുണ്ടായിട്ടും 300 ടിഎംസി മാത്രമേ നമ്മൾ ഉപയോഗിക്കുന്നുള്ളൂ. ഒരു ജല വൈദ്യുത പദ്ധതി വരാനും സമ്മതിക്കില്ല.

∙ ലോഡ്ഷെഡിങ്ങില്ലാതെ എത്രനാൾ മുന്നോട്ടുപോകാം?

ജൂൺ 10 വരെ പോകും. അതിനിടെ നല്ലൊരു മഴ പെയ്തു കിട്ടണം. 16 ഇരട്ടിയൊക്കെയാണ് വൈദ്യുതി ഉപഭോഗം. ഒരു എസിയുള്ള വീട്ടിൽ ഇപ്പോൾ 4 എസിയാണ്. ഇതാണ് നമ്മുടെ ആളുകളുടെ സ്വഭാവം. ഒരു ട്രാൻസ്ഫോമറിന്റെ കീഴിലുള്ള ശേഷി കൂടുതലാകുമ്പോൾ ഡ്രിപ് ആവുകയാണ്.

∙ സബ് സ്റ്റേഷനുകളുടെ കീഴിൽ പ്രാദേശിക നിയന്ത്രണം വേണ്ടി വരുമെന്ന് കേൾക്കുന്നുണ്ടല്ലോ?

അതൊന്നും ചെയ്യില്ല. കൂടുതൽ ഉപഭോഗം വരുമ്പോൾ ഡ്രിപ് ആവുന്നതാണ്. എല്ലാവരും പീക്ക് ടൈമിലാണ് വൈദ്യുതി അധികം ഉപയോഗിക്കുന്നത്. വൈകുന്നേരം വീട്ടിൽ വന്നിട്ട് ഫ്രിജും  ഗ്രൈൻഡറും വാഷിങ് മെഷീനുമെല്ലാം ഒരുമിച്ച് ഉപയോഗിക്കുകയാണ്. ഞായറാഴ്ച ഈ പ്രശ്നം വരുന്നില്ല.

∙ മലയാളിയുടെ വൈദ്യുതി ഉപയോഗത്തിൽ സമഗ്ര മാറ്റം വരുത്തേണ്ടതുണ്ടോ?

മാറ്റം വേണ്ട, എന്നാൽ നമുക്കൊരു സ്വയം നിയന്ത്രണമുണ്ടാകണം. എന്നാൽ വലിയ പ്രശ്നമില്ലാതെ പോകും.

∙ മഴയില്ലെങ്കിൽ കഷ്ടത്തിലാകുമോ?

ജൂൺ 10നു ശേഷം മഴയില്ലെങ്കിൽ കഷ്ടത്തിലാകും. വലിയ വില കൊടുത്താണ് വൈദ്യുതി വാങ്ങുന്നത്. താങ്ങാനാകില്ല.

∙ ജൂൺ 10നു മുൻപേ മഴയില്ലെങ്കിൽ ലോഡ് ഷെഡിങ് വേണ്ടി വരുമോ?

മഴയില്ലെങ്കിൽ നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരും. ജൂൺ 10നു ശേഷം.

∙ വൈദ്യുതി ചാർജ് കൂടുമോ?

റഗുലേറ്ററി കമ്മിഷനാണ് അത് തീരുമാനിക്കേണ്ടത്.

∙ ചാർജ് കൂട്ടേണ്ട സാഹചര്യമുണ്ടോ?

ഓപ്പൺ മാർക്കറ്റിൽ വൈദ്യുതി വാങ്ങുന്നതിന്റെ ചെലവ് നോക്കിയ ശേഷമേ പറയാൻ സാധിക്കുകയുള്ളൂ.

∙ ചെലവ് കൂടുതലാണോ?

ഒരു ദിവസം 15 കോടി രൂപ അധികം ചെലവ് വരുന്നുണ്ട്.

English Summary:

K Krishnankutty says If monsoons are delayed control will be needed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com