ADVERTISEMENT

കൊച്ചി∙ അഞ്ചു പതിറ്റാണ്ടിലേറെ നീണ്ട ആ യാത്ര അവസാനിച്ചു. വേണാട് എക്സ്പ്രസ് എറണാകുളം സൗത്ത് സ്റ്റേഷനോട് ഇന്നു വിടചൊല്ലി. മേയ് ഒന്നു മുതൽ സൗത്ത് ഒഴിവാക്കി എറണാകുളം ടൗൺ സ്റ്റേഷൻ വഴിയാണ് യാത്ര. വേണാട് സൗത്ത് സ്റ്റേഷൻ ഒഴിവാക്കുമ്പോൾ കാത്തിരിക്കുന്നത് ദുരിതമെന്നാണ് യാത്രക്കാരുടെ പക്ഷം. പകരം ആവശ്യപ്പെട്ട മെമുവിന്റെ കാര്യത്തിൽ അധികൃതർക്കും മൗനം.

വേണാട് എക്സ്പ്രസ് എറണാകുളം സൗത്ത് സ്റ്റേഷൻ ഒഴിവാക്കുമ്പോൾ യാത്രക്കാർക്കും സംഘടനകൾക്കും പറയാനുള്ളത്

∙ സമയനഷ്ടം
പുതിയ സമയക്രമം പ്രകാരം രാവിലെ 9.50ന് എറണാകുളം ടൗണിൽ വേണാടിൽ വന്നിറങ്ങുന്ന യാത്രക്കാരൻ മെട്രോ സ്റ്റേഷനിലെത്തി ബാഗ് സ്കാനും ചെക്കിങ്ങും കഴിഞ്ഞ് രണ്ടാമത്തെ നിലയിലെത്തുമ്പോഴേക്കും ഓഫിസ് സമയം അതിക്രമിക്കും. തൃപ്പൂണിത്തുറയിൽനിന്ന് മെട്രോയിൽ കയറിയാലും ഇതുവരെ വേണാട് സൗത്ത് സ്റ്റേഷനിൽ എത്തിക്കൊണ്ടിരുന്ന സമയത്ത് എത്താൻ സാധിക്കില്ല.

∙ സാമ്പത്തിക നഷ്ടം
പണച്ചെലവ് സാധാരണക്കാരന് താങ്ങാൻ കഴിയില്ല. മെട്രോ കാർഡ് ഉപയോഗിച്ചാൽതന്നെ തൃപ്പൂണിത്തുറയിൽനിന്ന് സൗത്തിൽ എത്താൻ ഒരു ദിശയിലേക്ക് 24 രൂപ വേണം. സാധാരണക്കാരനെ സംബന്ധിച്ച് ദിവസവും 48 രൂപയെന്നത് വലിയ സാമ്പത്തിക ബാധ്യതയാണ്. കോട്ടയത്തുനിന്ന് എറണാകുളത്തേക്ക് 270 രൂപയ്ക്ക് ഒരുമാസം സീസൺ ടിക്കറ്റിൽ യാത്ര ചെയ്യുന്ന ഒരാൾ തൃപ്പൂണിത്തുറയിൽനിന്ന് കേവലം ഒരു സ്റ്റേഷൻ പിന്നിടാൻ 1440 രൂപ അധികമായി കണ്ടെത്തണം.

വേണാട് എക്‌സ്‌പ്രസ് (ഫയൽ ചിത്രം ∙ മനോരമ)
വേണാട് എക്‌സ്‌പ്രസ് (ഫയൽ ചിത്രം ∙ മനോരമ)

∙ മെമുവിൽ തിരക്ക് അസഹനീയം

∙ ഉച്ചയ്ക്ക് 1.35ന് ഉള്ള 06769 എറണാകുളം – കൊല്ലം മെമുവിന് ശേഷം 6.15 ന് മാത്രമാണ് ഇനി കോട്ടയത്തേക്ക് സൗത്തിൽനിന്ന് സർവീസ് ഉണ്ടാവുക. നിലവിലെ മെമുവിൽ തിരക്ക് അസഹനീയമാണ്. വേണാട് സൗത്ത് സ്റ്റേഷൻ ഒഴിവാക്കുമ്പോൾ മെമുവിലെ യാത്ര അതിദുരിതമാകും. 12 കോച്ചുകൾ മാത്രമുള്ള മെമുവിൽ വേണാടിലെ യാത്രക്കാരെക്കൂടി ഉൾക്കൊള്ളാനാവില്ല.

∙ രാവിലെ 6.58ന് കോട്ടയത്തുനിന്നു പുറപ്പെടുന്ന പാലരുവി കഴിഞ്ഞാൽ ഒന്നര മണിക്കൂറിന് ശേഷമാണ് വേണാട് സർവീസ് നടത്തുന്നത്. ട്രെയിനിലെ തിരക്കിന് മൂലകാരണം ഈ ഇടവേളയാണ്. പാലരുവിക്കും വേണാടിനും ഇടയിൽ മെമു വന്നാൽ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാകും.

∙ രാവിലെ 6.25നു കോട്ടയത്തുനിന്നും പുറപ്പെടുന്ന 06444 കൊല്ലം എറണാകുളം മെമുവിന് ശേഷം കടുത്തുരുത്തി, കാഞ്ഞിരമറ്റം സ്റ്റേഷനുകളിൽ നിന്നുള്ള യാത്രക്കാർക്കും പുതിയ മെമു വന്നാൽ വളരെ ആശ്വാസമാകും. പുലർച്ചെ തിരുവനന്തപുരത്തുനിന്നു കാസർകോട്ടേക്കുള്ള വന്ദേഭാരത്‌ കായംകുളം കടന്നുപോയ ശേഷം കായംകുളത്തുനിന്നു പുറപ്പെടുന്ന വിധം ഒരു മെമുവിന്റെ സമയക്രമം ചിട്ടപ്പെടുത്തിയാൽ യാതൊരു തടസ്സവും കൂടാതെ സർവീസ് നടത്താനാവും.

എറണാകുളം സൗത്തിലെ പ്ലാറ്റ്ഫോം ദൗർലഭ്യം പരിഹരിക്കേണ്ടത് സർവീസ് നടത്തുന്ന ട്രെയിനുകൾ ഒഴിവാക്കിയല്ല. കനത്ത പ്രഹരമാണ് ഈ മെയ് ദിനത്തിൽ റെയിൽവേ തൊഴിലാളികൾ ഉൾപ്പെടുന്ന യാത്രക്കാർക്ക്  സമ്മാനിക്കുന്നത്. പ്രതിഷേധാർഹമായ ഈ തീരുമാനം റെയിൽവേ പിൻവലിക്കുകയോ മെമു അടിയന്തിരമായി അനുവദിക്കുകയോ ചെയ്യണം. മെമുവിന്റെ റേക്ക് ലഭ്യമാകുന്നതുവരെ കാലതാമസം ഒഴിവാക്കാൻ പാസഞ്ചർ ട്രെയിൻ അനുവദിക്കണം

∙ വേണാടിനെ ഉൾക്കൊള്ളാൻ പറ്റുന്ന നീളമുള്ള 1,3, 4 പ്ലാറ്റ്ഫോമുകൾ മാത്രമാണ് സൗത്ത് സ്റ്റേഷനിൽ ഉള്ളത്. പ്ലാറ്റ്ഫോം പ്രതിസന്ധിക്ക് പ്രധാന കാരണവും ഇതാണ്. മെമുവിന് ഈ പ്ലാറ്റ്ഫോം ദൗർലഭ്യം ബാധിക്കില്ല. ആറു പ്ലാറ്റ്ഫോമുകളും പ്രയോജനപ്പെടുത്താനാവും. ഒരു പ്ലാറ്റ്ഫോമിൽ 2 മെമു വരെ എറണാകുളം സൗത്തിൽ നിലവിൽ അനുവദിക്കാറുമുണ്ട്.

English Summary:

Venad Express Via Ernakulam Town Railway Station From May 01

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com