ADVERTISEMENT

കോട്ടയം∙ ഡ്രൈവിങ് സ്കൂൾ സംയുക്ത സമരസമിതി വഴി തടഞ്ഞതോടെ സംസ്ഥാനത്തെ ‍ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം ആദ്യ ദിവസം പാളി. ഇനി പ്രതീക്ഷ ഇതു സംബന്ധിച്ച കേസിൽ നാളെ ഹൈക്കോടതിയുടെ വിധിയിൽ. സംസ്ഥാനത്ത് വിവിധ ഡ്രൈവിങ് ടെസ്റ്റ് കേന്ദ്രങ്ങളിൽ ഉടമകളുടെ പ്രതിഷേധം തുടരുന്നു. ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തിന് എതിരെ കോഴിക്കോട് കറുത്ത ബാഡ്ജ് അണിഞ്ഞായിരുന്നു ഉടമകളുടെ പ്രതിഷേധം. ടെസ്റ്റിന് സ്ലോട്ട് കിട്ടിയവരാരും ഇവിടെയെത്തിയില്ല. 

മലപ്പുറത്ത് ടെസ്റ്റിങ് ഗ്രൗണ്ട് പ്രതിഷേധക്കാർ അടച്ചുകെട്ടി. കൊല്ലം ആശ്രാമം മൈതാനത്ത് ഇന്ന് 34 പേര്‍ ബുക്ക് ചെയ്തിരുന്നെങ്കിലും ആരുമെത്തിയില്ല. കറുത്ത ബാഡ്ജ് ധരിച്ച് ഡ്രൈവിങ് സ്കൂൾ ഉടമകൾ പ്രതിഷേധിച്ചു. തിരുവനന്തപുരം മുട്ടത്തറയിൽ 60 പേർക്കു സമയം നൽകിയെങ്കിലും ആരും ടെസ്റ്റിനെത്തിയില്ല. തലശ്ശേരി ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിൽ മോട്ടർ ഡ്രൈവിങ് സ്കൂൾ ഇൻസ്ട്രക്ടേഴ്സ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ പ്രതിഷേധിച്ചു. കൊച്ചിയിലും തലശേരിയിലും ആലപ്പുഴയിലും ബഹിഷ്കരണമായിരുന്നു പ്രതിഷേധ മാർഗം. കായംകുളത്ത് ടെസ്റ്റിനെത്തിയ 24 പേരെയും ഡ്രൈവിങ് സ്കൂൾ അധികൃതർ ഇറക്കിയില്ല. 

കാസർകോട് ടെസ്റ്റ് ഗ്രൗണ്ടിൽ ഡ്രൈവിങ് ടെസ്റ്റുകൾ അനിശ്ചിത കാലത്തേക്കു നിർത്തിവച്ചു. അതിനിടെ, കോവിഡ് വ്യാപനം മൂലമാണ് ടെസ്റ്റ് അനിശ്ചിതകാലത്തേക്കു നിര്‍ത്തിവയ്ക്കുന്നതെന്നാണ് കാരണമായി മോട്ടർ വാഹന വകുപ്പ് അധികൃതര്‍ അറിയിച്ചത്.

എന്തിനാണ് ഈ തിടുക്കം, സമരം ശക്തമാക്കും
 
നാളെ വിധി വരാനിരിക്കെ ഇന്ന് തിടുക്കപ്പെട്ട്, പരിഷ്കരിച്ച ഡ്രൈവിങ് ടെസ്റ്റ് നടപ്പാക്കുകയായിരുന്നുവെന്ന് ഓൾ കേരള ഡ്രൈവിങ് സ്കൂൾ ഇൻസ്ട്രക്ടീവ് ആന്റ് വർക്കേഴ്സ് യൂണിയൻ തിരുവനന്തപുരം ജില്ലാ സെക്രട്ടറി അനൂപ് ആറ്റുകാൽ പറഞ്ഞു. ‘‘വിവാദ സർക്കുലർ പിൻവലിക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കും. അപ്രായോഗിക നിർദേശമെന്നും നടപ്പാക്കാനാകില്ല. പ്രതിദിനം 60 പേര്‍ക്ക് ടെസ്റ്റ് നടത്തുന്നതിനായി പുതുക്കിയ സര്‍ക്കുലര്‍ ഇറക്കാത്തതില്‍ ആര്‍ടിഒമാര്‍ക്കിടയിലും ആശയക്കുഴപ്പം തുടരുകയാണ്.

പ്രതിദിനം 30 പേര്‍ക്ക് ടെസ്റ്റ് നടത്താനുള്ള സര്‍ക്കുലറാണു നിലവിലുള്ളത്. ഈ വിവാദ സര്‍ക്കുലര്‍ നിലനില്‍ക്കെ വാക്കാല്‍ മാത്രമാണ് ഇളവുകള്‍ മന്ത്രി നിര്‍ദേശിച്ചതെന്നും ഉത്തരവായി ഇറക്കിയിട്ടില്ലെന്നുമാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഫെബ്രുവരി മാസത്തെ സർക്കുലർ നിലനില്‍ക്കുമ്പോൾ പുതിയ ഉത്തരവ് നിയമവിരുദ്ധമാകും. 60 പേര്‍ക്ക് ടെസ്റ്റ് നടത്താനുള്ള വാക്കാൽ നിർദ്ദേശം പാലിക്കേണ്ടെന്നാണ് ഇതോടെ ഉദ്യോഗസ്ഥരുടെ തീരുമാനം. നേരത്തെ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ ഡ്രൈവിങ് ടെസ്റ്റ് 50 ആക്കാൻ വാക്കാൽ നിർദ്ദേശിച്ച മന്ത്രി പിന്നീട് തള്ളി പറഞ്ഞുവെന്നും ഉദ്യോഗസ്ഥർ അടക്കം പറയുന്നു, സമരസമിതി നേതാക്കൾ പറഞ്ഞു. 

ആകെ ടെസ്റ്റിങ് കേന്ദ്രങ്ങൾ – 89
ഓട്ടോമാറ്റിക്ക് ടെസ്റ്റിങ് കേന്ദ്രങ്ങൾ – 9
പ്രവർത്തിക്കുന്ന ഓട്ടോമാറ്റിക്ക് ടെസ്റ്റിങ് കേന്ദ്രങ്ങൾ – 2

English Summary:

Driving school owners against driving test reforms

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com