ADVERTISEMENT

തിരുവനന്തപുരം∙ മേയർ ആര്യ രാജേന്ദ്രനുമായുണ്ടായ വാക്കുതർക്കത്തിലും തുടർ വിവാദങ്ങളിലും ഡ്രൈവർ യദു കുറ്റക്കാരനല്ലെന്ന് വ്യക്തമാക്കി സമർപ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോർട്ട് മന്ത്രി കെ.ബി.ഗണേഷ് കുമാർ മടക്കിനൽകി. കെഎസ്ആർടിസിയുടെ ആഭ്യന്തര അന്വേഷണ റിപ്പോർട്ടിനൊപ്പം ബസിനുള്ളിലെ ക്യാമറയിലെ ദൃശ്യവും വേണമെന്ന കടുത്ത നിലപാടിലാണ് മന്ത്രി. ബസിലെ ക്യാമറയുടെ കാണാതായ മെമ്മറി കാർഡ് ലഭിച്ച ശേഷമാകാം തുടർനടപടിയെന്നാണ് മന്ത്രിയുടെ നിലപാട്. തുടക്കം മുതൽ മേയറുടെ വാക്കു കേട്ട് യദുവിനെ ജോലിയിൽ നിന്നും തെറിപ്പിക്കാനാകില്ലെന്ന നിലപാടിലായിരുന്നു ഗണേഷ്. എല്ലാവശവും പരിശോധിച്ച ശേഷം യദുവിനെ ജോലിയിലേക്ക് തിരിച്ചെടുത്താൽ മതിയെന്ന നിലപാടാണ് മന്ത്രിക്കുള്ളത്. അതേസമയം, മെമ്മറി കാർ‌ഡ് കാണാത്ത വിഷയത്തിൽ മന്ത്രി കടുത്ത അമർഷത്തിലാണ്. തമ്പാനൂർ സെൻട്രൽ ഡിപ്പോക്കുള്ളിൽ നിന്നാകാം മെമ്മറി കാർ‌ഡ് മോഷണം പോയതെന്നാണ് മന്ത്രി കരുതുന്നത്. തൊഴിലാളി യൂണിയൻ നേതാക്കളും ഇക്കാര്യം ശരിവയ്ക്കുന്നുണ്ട്.

നാലു സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍ ടെസ്റ്റു കഴിഞ്ഞിറങ്ങിയതില്‍ ഒന്നാണ് യദു ഓടിച്ച തിരുവനന്തപുരം–തൃശൂർ സൂപ്പർഫാസ്റ്റ്. മറ്റു മൂന്ന് ബസുകളിലും ക്യാമറയും മെമ്മറി കാർ‌ഡും ഉള്ളപ്പോൾ ഈ ബസില്‍ മാത്രം സിസി ടിവി ക്യാമറയുടെ മെമ്മറികാര്‍ഡിന് എന്തുപറ്റിയെന്നാണ് ഉത്തരം കിട്ടാത്ത ചോദ്യം. പാളയത്തേക്ക് മേയര്‍ വിളിച്ചെത്തിയ കന്റോൺമെന്റ് പൊലീസ്, ഡ്രൈവര്‍ യദുവിനെ അറസ്റ്റു ചെയ്ത് പൊലീസ് ജീപ്പിലാണ് കൊണ്ടുപോയത്. ബസ് പാളയത്ത് സിസി ചെയ്ത് ഒതുക്കിയിടുകയും ചെയ്തു. ഒന്നരമണിക്കൂറോളം ബസ് നഗരത്തിന്റെ ഹൃദയഭാഗത്ത് കിടപ്പുണ്ടായിരുന്നു. 

ബസ് സിസി ചെയ്തു ഡ്രൈവറെ അറസ്റ്റു ചെയ്തപ്പോള്‍ ബസിനുളളില്‍ എന്തൊക്കെയുണ്ടെന്ന് പൊലീസ് പരിശോധിച്ചിട്ടില്ല. വാഹനം സംഭവ സഥലത്തു നിന്നും മാറ്റിയിടുക മാത്രമാണ് ചെയ്തത്. രാത്രി ഒരു മണി കഴിഞ്ഞാണ് കെഎസ്ആർടിസി വിജിലൻസ് വിഭാഗം ബസ് കൊണ്ടുപോയത്. തമ്പാനൂരിലെ ഗ്യാരേജിലേക്ക് കൊണ്ടു പോയ ബസ് വിശദമായി വിജിലൻ‌സ് വിഭാഗവും പരിശോധിച്ചില്ലെന്നാണ് ആക്ഷേപം. സർവീസ് നടത്തിക്കൊണ്ടിരുന്ന വാഹനത്തില്‍ നിന്നും ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമേ പൊലീസിന്റെ കസ്റ്റഡിയില്‍ നിന്നും വാഹനം കൈപ്പറ്റേണ്ടിയിരുന്നുളളൂ എന്നും യൂണിയൻ നേതാക്കൾ പറയുന്നുണ്ട്.

ബസിൽ‌ നിന്നും മെമ്മറികാര്‍ഡ് ഇളക്കി മാറ്റാൻ നല്ലൊരു മെക്കാനിക്കിനു വേണ്ടത് ഇരുപത് മിനിറ്റെന്നാണ് ജീവനക്കാർ പറയുന്നത്. യദുവിന് മെമ്മറികാര്‍ഡ് ഊരാനുള്ള സമയം കിട്ടിയിട്ടില്ല. ഇതിനുള്ള സാങ്കേതിക സംവിധാനങ്ങളും യദുവിന്റെ പക്കലില്ല. ബസ് പിന്നീട് തൃശൂര്‍-തിരുവനന്തപുരം റൂട്ടിലാണ് ഓടിയത്. സെൻട്രൽ‌ ഡിപ്പോയിലെ സിപിഎം യൂണിയനിൽപ്പെട്ടവർക്കു നേരെയും ചിലർ സംശയമുന നീളുന്നുണ്ട്.

തമ്പാനൂരിൽ നിന്നും തൃശൂരിലേക്ക് ബസ് പുറപ്പെട്ടത് – ശനിയാഴ്ച പുലർച്ചെ 2.30ന്

ബസ് തൃശൂരിലെത്തിയ സമയം – രാവിലെ 9.30

വിശ്രമം – 3.5 മണിക്കൂർ

ബസ് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടത് – 1 മണിക്ക്

തമ്പാനൂരിൽ ബസ് എത്തേണ്ടിയിരുന്ന സമയം – രാത്രി 9.30ന്

പാളയത്ത് തർക്കമുണ്ടാകുന്നത് – രാത്രി 10.30ന്

യദുവിന്റെ ദിവസ വേതനം – 715 രൂപ

English Summary:

Arya Rajendran - KSRTC driver issue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com