ADVERTISEMENT

തിരുവനന്തപുരം ∙ മേയർ ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറുമായുള്ള തര്‍ക്കത്തില്‍ ബസിലെ സിസിടിവി ക്യാമറയുടെ മെമ്മറി കാര്‍ഡ് കാണാതായതു ദുരൂഹമാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മേയറുടെ ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ദേവ് ബസില്‍ കയറി യാത്രക്കാരെ ഇറക്കിവിട്ടെന്ന ആരോപണം നിലനില്‍ക്കെയാണു മെമ്മറി കാര്‍ഡ് അപ്രത്യക്ഷമായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘‘ദൃശ്യങ്ങള്‍ പുറത്തു വന്നാല്‍ വാദങ്ങള്‍ പൊളിയുമെന്ന ആശങ്കയില്‍ മെമ്മറി കാര്‍ഡ് ബോധപൂര്‍വം എടുത്തു മാറ്റുകയും നശിപ്പിക്കുകയും ചെയ്തതായി സംശയമുണ്ട്. കേസില്‍ നിര്‍ണായക തെളിവാകുമായിരുന്ന മെമ്മറി കാര്‍ഡ് അപ്രത്യക്ഷമായതിനു പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടോയെന്നു പരിശോധിക്കണം. മേയറും എംഎല്‍എയും സംഘവും നടത്തിയ നിയമലംഘനങ്ങളില്‍ കേസെടുക്കാത്തത് അംഗീകരിക്കാനാകില്ല. ഒരാളുടെ പരാതിയില്‍ കേസെടുക്കുകയും മറുഭാഗത്തിന്റെ പരാതി തള്ളിക്കളയുകയും ചെയ്യുന്നത് ഇരട്ട നീതിയാണ്. സംഭവത്തില്‍ പൊലീസിനും കെഎസ്‌ആര്‍ടിസി മാനേജ്‌മെന്റിനും ഗുരുതര വീഴ്ച പറ്റി. 

നഗരമധ്യത്തില്‍ ബസിനു കുറുകെ കാറിട്ടു പതിനഞ്ചോളം യാത്രക്കാരെ നടുറോഡില്‍ ഇറക്കി വിട്ടിട്ടും കെഎസ്ആര്‍ടിസി അധികൃതര്‍ പ്രതികരിച്ചില്ല. ബസിന്റെ ട്രിപ്പ് മുടക്കിയിട്ടും പൊലീസില്‍ പരാതി നല്‍കിയില്ല. സാധാരണക്കാരന്‍ ഇങ്ങനെ ചെയ്താലും ഇതാണോ സമീപനം? അതോ മേയര്‍ക്കും എംഎല്‍‌എയ്ക്കും എന്തെങ്കിലും പ്രിവിലേജുണ്ടോ? മേയര്‍ക്കും സംഘത്തിനുമെതിരെ പരാതി നല്‍കാതെ ആരുടെ താല്‍പര്യമാണ് കെഎസ്ആര്‍ടിസി സംരക്ഷിക്കുന്നത്? 

മേയറും സംഘവും ബസ് തടഞ്ഞെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നിട്ടും എന്തുകൊണ്ടാണ് പൊലീസ് കേസെടുക്കാത്തത്? ജനകീയ സമരങ്ങളുടെ ഭാഗമായി ബസ് തടഞ്ഞാല്‍ പോലും കേസെടുക്കുന്ന കേരള പൊലീസ് മേയറെയും എംഎല്‍എയെയും കണ്ടു വിറച്ചതാണോ? അതോ കേസ് എടുക്കേണ്ടെന്നു മുകളില്‍നിന്നു നിര്‍ദേശമുണ്ടോ? മേയര്‍ക്കും എംഎല്‍എയ്ക്കും കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കും ഒരേ നിയമമാണെന്നു മറക്കരുത്’’– സതീശൻ പറഞ്ഞു.

English Summary:

Opposition Leader V.D. Satheesan Raises Concerns Over Missing CCTV in Mayor-Driver Dispute

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com