ADVERTISEMENT

പാലക്കാട്∙ മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ആരംഭിച്ച് കെഎസ്ഇബി. പാലക്കാട് ട്രാൻസ്മിഷൻ സർക്കിളിന് കീഴിലുള്ള പ്രദേശങ്ങളിൽ രാത്രി ഏഴിനും അർധരാത്രി ഒന്നിനും ഇടയിൽ ഇടവിട്ടായിരിക്കും നിയന്ത്രണം. ഇതുസംബന്ധിച്ച് പാലക്കാട് ഡപ്യൂട്ടി ചീഫ് എൻജിനീയർ സർക്കുലർ പുറത്തിറക്കി. 

അത്യുഷ്ണത്തെ തുടർന്നുണ്ടായ അമിത വൈദ്യുതി ഉപഭോഗത്തിൽ 220 കെ.വി. മാടക്കത്തറ– ഷൊർണൂർ, 110 കെ.വി. വെണ്ണക്കര- മണ്ണാർക്കാട്, ഷൊർണൂർ- എടപ്പാൾ, പാലക്കാട് - കൊല്ലങ്കോട് ലൈനുകൾ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി വൈകിട്ട് 7 മുതൽ പുലർച്ചെ 1 വരെ താങ്ങാവുന്ന ശേഷിയിലധികം ലോഡ് ആകുന്ന അവസ്ഥയുണ്ട്. 

അതിനാൽ പാലക്കാട് ട്രാൻസ്മിഷൻ സർക്കിളിൽ വരുന്ന പത്തിരിപ്പാല, ഒറ്റപ്പാലം, ഷൊർണൂർ, ചെർപ്പുളശ്ശേരി തുടങ്ങിയ സബ് സ്റ്റേഷനുകളിൽ നിന്ന് ലോഡ് നിയന്ത്രണം ഉണ്ടാകാൻ സാധ്യതയുണ്ട്. ഈ സമയത്ത് വൈദ്യുതി ഉപഭോഗം പരമാവധി ഒഴിവാക്കി സഹകരിക്കണമെന്നു പാലക്കാട് കെഎസ്ഇബി ഡപ്യൂട്ടി ചീഫ് എൻജിനീയർ അറിയിച്ചു.

വൈദ്യുതി ഉപഭോഗം കൂടുന്ന സർക്കിളുകളിൽ മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം നടപ്പാക്കാനുള്ള നിർദേശം ചീഫ് എൻജിനീയർമാർക്ക് കെഎസ്ഇബി നൽകിയിട്ടുണ്ട്. അതിന്റെ ഭാഗമായിട്ടാണ് ആദ്യ സർക്കുലർ ഇറങ്ങിയിരിക്കുന്നത്.  

ഇതിനുപുറമേ സംസ്ഥാന വ്യാപകമായ ചില മാർഗനിർദേശങ്ങളും കെഎസ്ഇബി ഇറക്കിയിട്ടുണ്ട്. വൻകിട വ്യവസായ സ്ഥാപനങ്ങൾ രാത്രി പത്തുമണിക്കും രണ്ടുമണിക്കും ഇടയിൽ വൈദ്യുതി ഉപയോഗം കുറയ്ക്കണം എന്നുള്ളതാണ് അതിൽ പ്രധാനം. വാണിജ്യസ്ഥാപനങ്ങൾ അലങ്കാരവിളക്കുകളും പരസ്യ ബോർഡുകളും രാത്രി ഒൻപതുമണിക്ക് ശേഷം അണയ്ക്കണം, ഗാർഹിക ഉപയോക്താക്കൾ എസി 26 ഡിഗ്രിക്ക് മുകളിൽ ക്രമീകരിക്കാനും നിർദേശമുണ്ട്. 

English Summary:

Electricity regulation started in the state, regulation in areas under Palakkad transmission circle

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com