ADVERTISEMENT

തിരുവനന്തപുരം ∙ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംഘടനാപരമായ പോരായ്മ കേരളത്തിലെ എല്ലാ മണ്ഡലത്തിലും ഉണ്ടായെന്നു കെപിസിസി യോഗത്തിൽ സ്ഥാനാർഥികളുടെ വിമർശനം. 20 മണ്ഡലങ്ങളിലും യുഡിഎഫ് ജയിക്കുമെന്നും അതു പക്ഷേ സർക്കാരിനെതിരായ വികാരം കൊണ്ടാണെന്നും സംഘടനാമികവു കൊണ്ടല്ലെന്നും കെപിസിസി തിരഞ്ഞെടുപ്പ് അവലോകന യോഗത്തിൽ നേതൃത്വം ചൂണ്ടിക്കാട്ടി.

സ്ഥാനാർഥിയും എഐസിസി സംഘടനാകാര്യ ജനറൽ സെക്രട്ടറിയുമായ കെ.സി.വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എന്നിവരാണു ജയത്തെപ്പറ്റിയും സംഘടനാമികവിലെ പോരായ്മയെപ്പറ്റിയും മറുപടി പറഞ്ഞത്. അതേസമയം നേതാക്കളുടെ പേരെടുത്തു പറഞ്ഞുള്ള വിമർശനങ്ങൾ യോഗത്തിലുണ്ടായില്ല. 

തൃശൂർ ലോക്സഭാ മണ്ഡലത്തിലെ ഗുരുവായൂർ, തൃശൂർ നിയമസഭാ മണ്ഡലങ്ങളിൽ വലിയ ഭൂരിപക്ഷം പ്രതീക്ഷിച്ചിരുന്നെങ്കിലും സംഘടനാപരമായ പ്രശ്നങ്ങൾ തിരിച്ചടിയാകുമെന്നു സ്ഥാനാർഥി കെ.മുരളീധരൻ ചൂണ്ടിക്കാട്ടി. എഐസിസിയിൽനിന്ന് വേണ്ടത്ര പണം പ്രചാരണത്തിനു ലഭിച്ചില്ലെങ്കിലും ടി.എൻ.പ്രതാപനും ജോസ് വള്ളൂരും വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് എടുത്തതെന്നും തമാശമട്ടിൽ മുരളി പറഞ്ഞു.

അതിർത്തിയിലെ മണ്ഡലമായിട്ടും കാസർകോട്ടു പ്രചാരണത്തിനായി കർണാടക മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിയെയും കൊണ്ടുവന്നില്ലെന്നു രാജ്മോഹൻ ഉണ്ണിത്താൻ വിമർശിച്ചു. കണ്ണൂരിലെ കാര്യങ്ങൾ മാത്രമാണു കെ.സുധാകരൻ സംസാരിച്ചത്. വടകരയിലെ ചില കോൺഗ്രസുകാരോടു വോട്ടെടുപ്പിനു പോകേണ്ടെന്നു ചില നേതാക്കൾ പറഞ്ഞിരുന്നെന്ന് എം.കെ.രാഘവൻ ആരോപിച്ചു. ഇക്കാര്യം പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു.

ആറ്റിങ്ങല്‍, മാവേലിക്കര, ആലത്തൂർ തുടങ്ങിയ മണ്ഡലങ്ങളിൽ കനത്ത മത്സരമായിരുന്നെന്നു വിലയിരുത്തലുണ്ടായി. ലോക്സഭ തിരഞ്ഞെടുപ്പിന്‍റെ അവസാന മണിക്കൂറില്‍ നടത്തിയ പുനഃസംഘടന പ്രചാരണത്തെ ബാധിച്ചുവെന്നും ചൂണ്ടിക്കാട്ടി. പോളിങ് കുറഞ്ഞതിനെപ്പറ്റിയും വോട്ട് ചെയ്യാൻ വരാതിരുന്നത് ആരെല്ലാം, എന്തുകൊണ്ട് എന്നീ കാര്യങ്ങൾ പഠിച്ച് കെപിസിസിക്കു റിപ്പോർട്ട് നൽകാൻ താഴെത്തട്ടിലുള്ള പാർട്ടി സമിതികളോട് ആവശ്യപ്പെട്ടു. കെപിസിസി അധ്യക്ഷപദം കൈമാറുന്നതു സംബന്ധിച്ചു യോഗത്തിനു ശേഷം കെ.സുധാകരനും എം.എം.ഹസനും മറ്റു മുതിർന്ന നേതാക്കളും തമ്മിൽ ആശയവിനിമയം നടത്തിയെങ്കിലും തീരുമാനമായില്ല. 

വടകരയില്‍ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിനെതിരെ സ്പർധ വളര്‍ത്തുന്നവിധം സിപിഎം നടത്തുന്ന വര്‍ഗീയ വിദ്വേഷ പ്രചാരണത്തിനെതിരെ യുഡിഎഫ് ശക്തമായ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് കെപിസിസി ആക്ടിങ് പ്രസിഡന്റ് എം.എം.ഹസന്‍ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. മേയ് 11ന് വടകരയില്‍ യുഡിഎഫിന്റെ നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും.

രാഹുല്‍ ഗാന്ധിക്കെതിരെ അധിക്ഷേപ പ്രസംഗം നടത്തിയ പി.വി.അന്‍വര്‍ എംഎല്‍എ പ്രസ്താവന പിന്‍വലിച്ച് മാപ്പുപറഞ്ഞില്ലെങ്കില്‍ നിയമ നടപടികള്‍ക്കൊപ്പം ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കും. ഇടതുപക്ഷ അനുകൂല ഉദ്യോഗസ്ഥരെ ഉപയോഗിച്ച് വോട്ടിങ് പ്രക്രിയ അട്ടിമറിക്കാൻ ശ്രമിച്ചു. അതിനാലാണ് പോളിങ് ശതമാനം കുറഞ്ഞത്. കുറ്റമറ്റ രീതിയില്‍  വോട്ടെടുപ്പ് നടത്തുന്നതില്‍ ഗുരുതര വീഴ്ചയുണ്ടായി. ഇതേക്കുറിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അടിയന്തരമായി അന്വേഷിക്കണമെന്നും ഹസൻ ആവശ്യപ്പെട്ടു.

English Summary:

KPCC Meeting Exposes Organizational Flaws in Kerala During Lok Sabha Polls

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com