ADVERTISEMENT

കോഴിക്കോട് ∙ കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കുന്നതു തുടരുന്നു. ഇന്ന് രാവിലെ കുവൈത്ത്, ദുബായ് വിമാനങ്ങൾ മാത്രമാണു സർവീസ് നടത്തിയത്. രാവിലെ മൂന്ന് വിമാനങ്ങൾ റദ്ദാക്കി. ഇന്ന് ആകെ അ‍ഞ്ച് വിമാനങ്ങളാണു റദ്ദാക്കിയതെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ അറിയിച്ചു. യാത്രക്കാരുടെ ദുരിതം തുടരുകയാണ്.

ഇന്നലെ 1200 പേരാണു യാത്ര ചെയ്യാനാകാതെ മടങ്ങിയത്. ഇതോടെ വിമാനത്താവളത്തിനകത്തും പുറത്തും ബഹളവും പ്രതിഷേധവുമുണ്ടായി. കരിപ്പൂരിൽനിന്നു പുറപ്പെടേണ്ട 2 വിമാനങ്ങൾ ചൊവ്വാഴ്ച രാത്രി റദ്ദാക്കിയിരുന്നു. തിരിച്ചുള്ളതുൾപ്പെടെ 20 സർവീസുകളെ ബാധിച്ചു. ബോർഡിങ് പാസ് ലഭിച്ചു യാത്രയ്ക്ക് തയാറായവരും റദ്ദാക്കിയ വിവരം അറിയാതെ വിമാനത്താവളത്തിൽ എത്തിയവരുമാണു ദുരിതത്തിലായത്.

ഉംറ തീർഥാടകരും ജോലിക്കു നിശ്ചിത സമയത്തിൽ ഹാജരാകാനാകാത്തവരുമായി പ്രയാസത്തിലായവർ ഏറെയാണ്. ചൊവ്വാഴ്ച രാത്രി റദ്ദാക്കിയ ദമാം, ദുബായ് വിമാനങ്ങൾക്കു പുറമേ, ഇന്നലെ രാവിലെ എട്ടിനും പത്തിനും ഇടയിലുള്ള റാസൽഖൈമ, ദുബായ്, ജിദ്ദ, കുവൈത്ത്, ദോഹ, ബഹ്റൈൻ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളും രാത്രി 11.10നുള്ള മസ്കത്ത് വിമാനവുമാണു റദ്ദാക്കിയത്. ഈ വിമാനങ്ങളുടെയെല്ലാം മടക്ക സർവീസുകളെയും ബാധിച്ചു.

ഉംറ തീർഥാടകർ വലഞ്ഞു

ഇന്നലെ രാവിലെ 8.50നു ജിദ്ദയിലേക്കു പോകുന്ന എയർ ഇന്ത്യ എക്സ്പ്രസിൽ പലരും ഉംറ തീർഥാടകരായിരുന്നു. പുലർച്ചെ വിമാനത്താവളത്തിൽ എത്തിയ ശേഷമാണു വിമാനം റദ്ദാക്കിയതായി അറിഞ്ഞതെന്നു തീർഥാടകർ പറഞ്ഞു. സൗദിയിലെ താമസം, യാത്ര, മടക്കയാത്ര തുടങ്ങിയവയെല്ലാം നേരത്തേ തീരുമാനിച്ച കാര്യങ്ങളായതിനാൽ വലിയ പ്രയാസമാണു നേരിട്ടതതെന്നു 40 പേരടങ്ങുന്ന സംഘത്തിലുള്ള കാസർകോട് സ്വദേശി സുബൈർ ദാരിമി പറഞ്ഞു.

വിവിധ ജില്ലകളിൽ നിന്നുള്ള തീർഥാടകർ വിമാനത്താവളത്തിൽ എത്തിയിരുന്നു. പലരെയും ഇൻഡിഗോ, സ്പൈസ് ജെറ്റ് തുടങ്ങിയ വിമാനങ്ങളിൽ മൂന്നു ദിവസങ്ങളിലായി യാത്ര ക്രമീകരിച്ചാണു പ്രശ്നം പരിഹരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. വിമാനം റദ്ദാക്കിയതിലൂടെ വലിയ സാമ്പത്തിക നഷ്ടമാണുണ്ടായതെന്ന് ഉംറ ഏജൻസി പ്രതിനിധികൾ പറഞ്ഞു. 

English Summary:

Air India Express Persistently Cancels Flights at Karipur Airport

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com