ADVERTISEMENT

വത്തിക്കാൻ സിറ്റി∙ റഷ്യയെ പേരെടുത്തു പരാമർശിക്കാതെയും യുക്രെയ്നിനെ യുദ്ധത്തിലേക്കു വലിച്ചിഴച്ചതിനെ നിശിതമായി വിമർശിച്ചും ഫ്രാൻസിസ് മാർപാപ്പയുടെ ഈസ്റ്റർദിന പ്രസംഗം. കോവിഡ് മഹാമാരി ആരംഭിച്ച ശേഷം ആദ്യമായി സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ വിശ്വാസികൾക്കു പ്രവേശനം അനുവദിച്ച ഈസ്റ്റർദിന ചടങ്ങുകളിൽ ഒരു ലക്ഷത്തോളം പേർ പങ്കെടുത്തു. ഒരു മണിക്കൂർ നീണ്ട കുർബാന അർപ്പണത്തിനു ശേഷം, സവിശേഷമായ ‘ഉർബി എത് ഓർ‌ബി’(നഗരത്തോടും ലോകത്തോടും) അഭിസംബോധനയിലാണു യുക്രെയ്ൻ യുദ്ധത്തെ അപലപിച്ചും അഭയാർഥികളെ സ്വീകരിച്ച രാജ്യങ്ങളോടു കൃതജ്ഞത അറിയിച്ചും ഫ്രാൻസിസ് മാർപാപ്പ പ്രസംഗിച്ചത്.

‘യുദ്ധത്തിന്റെ ഈസ്റ്റർ നമ്മുടെ കണ്ണുകൾക്ക് അവിശ്വസനീയമാണ്. ഒരുപാട് രക്തവും അക്രമങ്ങളും നമ്മൾ കണ്ടുകഴിഞ്ഞു. ബോംബാക്രമണത്തിൽ നിന്നു രക്ഷനേടാൻ അനേകം സഹോദരങ്ങൾ അടച്ചുപൂട്ടിയിരിക്കുമ്പോൾ നമ്മുടെ മനസ്സിലും ഭീതിയും വേദനയും നിറയുകയാണ്. ക്രൂരവും വിവേകശൂന്യവുമായ യുദ്ധത്തിലേക്കു വലിച്ചിഴയ്ക്കപ്പെട്ട യുക്രെയ്നിൽ സമാധാനം പിറക്കട്ടെ’ മാർപാപ്പ പറഞ്ഞു.

ഇസ്രയേലും പലസ്തീനും തമ്മിലും ലെബനൻ, സിറിയ, ഇറാഖ്, ലിബിയ, മ്യാൻമർ, കോംഗോ എന്നിവിടങ്ങളിലെ ജനങ്ങൾക്കിടയിലും അനുരഞ്ജനത്തിനു മാർപാപ്പ ആഹ്വാനം ചെയ്തു. ശനിയാഴ്ച രാത്രി നടന്ന പാതിരാക്കുർബാനയിലും മാർപാപ്പ പങ്കെടുത്തു. യുക്രെയ്നിൽ നിന്ന് മൂന്ന് എംപിമാരും മെലീറ്റോപോൾ മേയറും പാതിരാക്കുർബാനയിൽ പങ്കെടുത്തു. യുദ്ധത്തിനെതിരായ വൈകാരിക പ്രഭാഷണത്തിനൊടുവിൽ യുക്രെയ്ൻ ജനപ്രതിനിധികളെ പേരെടുത്ത് അഭിസംബോധന ചെയ്ത ഫ്രാ‍ൻസിസ് മാർപാപ്പ ‘ക്രിസ്തു ഉയിർത്തിരിക്കുന്നു’ എന്ന അവസാനഭാഗം യുക്രെയ്നിയൻ ഭാഷയിലാണു വായിച്ചത്.

വിശ്വാസിസാഗരമായി ജറുസലം

വിശുദ്ധനഗരമായ ജറുസലമിലെ തിരുക്കല്ലറ ദേവാലയത്തിൽ ഈസ്റ്റർ ആഘോഷങ്ങൾക്കായി പതിനായിരങ്ങളാണ് ഇന്നലെ എത്തിയത്. പാശ്ചാത്യ ക്രിസ്ത്യൻ കലണ്ടർപ്രകാരം ഇന്നലെ വിശ്വാസികൾ ഈസ്റ്റർ ആഘോഷിച്ചപ്പോൾ പൗരസ്ത്യ ഓർത്തഡോക്സ് സഭയിൽ ഇന്നലെ ഓശാന ഞായർ ആയിരുന്നു. യഹൂദമതവിശ്വാസികളുടെ പെസഹാ ആചരണവും മുസ്‍ലിംകളുടെ റമസാൻ വ്രതാചരണവും ഒന്നിച്ചെത്തിയതോടെ മൂന്നു മതങ്ങളും വിശുദ്ധമായി കാണുന്ന ജറുസലം നഗരം വിശ്വാസിസാഗരമായി.

English Summary: On 'Easter of war,' Pope Francis implicitly criticises Russia over Ukraine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com