ADVERTISEMENT

മോസ്കോ ∙ ഒരു വർഷം മുൻപ് പിടിച്ചെടുത്ത യുക്രെയ്ൻ പ്രവിശ്യകളിൽ റഷ്യ നടത്തുന്ന തിരഞ്ഞെടുപ്പ് തുടങ്ങി. ഡോണെറ്റെസ്ക്, ലുഹാൻസ്ക്, ഖേഴ്സൻ, സാപൊറീഷ്യ എന്നീ പ്രവിശ്യകളിൽ തുടങ്ങിയ തിരഞ്ഞെടുപ്പ് ഞായറാഴ്ച വരെ നടക്കും. നേരത്തെ ഈ മേഖലകളിൽ റഷ്യ ഹിതപരിശോധന നടത്തിയിരുന്നു. തിരഞ്ഞെടുപ്പിനെ യുക്രെയ്നും പാശ്ചാത്യ രാജ്യങ്ങളും അപലപിച്ചു. ന്യൂഡൽഹിയിൽ ജി20 ഉച്ചകോടി നടക്കുന്ന സമയമാണ് അധിനിവേശ മേഖലകളിൽ റഷ്യ തിരഞ്ഞെടുപ്പ് നടത്തുന്നത്. ജി20 സംയുക്ത പ്രസ്താവന യുക്രെയ്ൻ വിഷയത്തിൽ ഏകാഭിപ്രായത്തിൽ എത്തിയിട്ടുമില്ല. 

പൂർണമായും തങ്ങളുടെ നിയന്ത്രണത്തിലാണ് ഈ മേഖലകൾ എന്നു വരുത്തിത്തീർക്കാനാണ് റഷ്യ തിരഞ്ഞെടുപ്പിലേക്ക് നീങ്ങിയത്. മേഖലാ പാർലമെന്റംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പാണ് നടക്കുന്നത്. ഇവർ ചേർന്ന് ഗവർണർമാരെ തിരഞ്ഞെടുക്കും. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ സ്വന്തം പാർട്ടിയായ യുണൈറ്റഡ് ഇന്ത്യയും കമ്യൂണിസ്റ്റ് പാർട്ടിയും ലിബറേഷൻ ഡെമോക്രാറ്റിക് പാർട്ടിയും ആണ് മത്സരരംഗത്തുള്ളത്. 

പലയിടത്തും റഷ്യൻ പട്ടാളക്കാർ വീട്ടിലെത്തി വോട്ടുചെയ്യാൻ ആവശ്യപ്പെടുമ്പോഴാണ് ജനങ്ങൾ തിരഞ്ഞെടുപ്പിനെപ്പറ്റി അറിയുന്നത്. ജനങ്ങളെ വോട്ടുചെയ്യാൻ ഭീഷണിപ്പെടുത്തുന്നതായി യുക്രെയ്ൻ ആരോപിച്ചു. വോട്ടുചെയ്യാൻ വിസമ്മതിക്കുന്നവരെ തടവിലാക്കുന്നുമുണ്ട്. 80% ജനങ്ങളെ വോട്ടുചെയ്യിക്കാനാണ് റഷ്യ ശ്രമം നടത്തുന്നതെന്ന് മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാട്ടി. 

ഇതിനിടെ, റഷ്യയുടെ മിസൈൽ ആക്രമണത്തിൽ 4 പേർ മരിച്ചു. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുടെ ജന്മനഗരമായ ക്രിവി റിഹിൽ മിസൈൽ ആക്രമണത്തിൽ ഒരു പൊലീസുകാരൻ മരിച്ചു. 44 പേർക്ക് പരുക്കേറ്റു. ഖേഴ്സനിലാണ് 3 പേർ മരിച്ചത്. സുമി, ക്ലിമെൻകോ നഗരങ്ങളിൽ മിസൈൽ ആക്രമണങ്ങളിൽ നിരവധി പേർക്ക് പരുക്കേറ്റു. 

English Summary : Russia's election in Ukraine provinces

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com