ADVERTISEMENT

പുറത്ത് പെരുമഴകൾ തോരാതെ പെയ്തു കൊണ്ടിരിക്കുമ്പോൾ മഴകളെക്കുറിച്ചല്ലാതെ മറ്റെന്തിനെക്കുറിച്ചാണ് നമുക്ക് ഓർക്കാനാവുക! പവിഴമഴ, പനിനീർ മഴ, തേൻ മഴ ഇങ്ങനെ എതേല്ലാം മഴകളെയാണ് കവികളും കഥാകാരും വർണിച്ചിട്ടുള്ളത്. ഈ മഴകളിൽ  നനഞ്ഞു കുളിച്ച് തിമർക്കാൻ കൊതിക്കാത്ത മലയാളിയുണ്ടോ?

രണ്ടു മഴക്കാലമാണ് നമുക്ക് പണ്ടു  പണ്ടേയുള്ളത്.. തെക്കു പടിഞ്ഞാറൻ മൺസൂൺ എന്നു  പറയുന്ന ഇടപ്പാതിയും വടക്കു കിഴക്കൻ മൺസൂൺ എന്നു പറയുന്ന തുലാവർഷവും. ഇത് രണ്ടും കാലം തെറ്റാതെ വന്നിരുന്ന ഒരു ഭൂതകാലം പഴയ തലമുറയ്ക്ക് ഓർമ്മയുണ്ടാവും. ഇപ്പോൾ കാലാവസ്ഥയ്ക്ക് ഒരു വ്യവസ്ഥയുമില്ല. തോന്നുമ്പോൾ മഴ. അതേത്തുടർന്ന് വെള്ളപ്പൊക്കം. അല്ലാത്തപ്പോൾ കൊടും വെയിൽ. ഭയങ്കര ചൂട്. 

പേരുപോലെ ഇടവമാസം പകുതിയാകുമ്പോൾ തുടങ്ങും, കോരിച്ചൊരിയുന്ന മഴ. ആ മഴയിൽ ഇടിയും മിന്നലും ഇല്ലെന്നല്ല. എന്നാലും കുറവാണ്. സൗമ്യമായ മഴയാണെങ്കിലും തോരാതെ പെയ്യുന്ന മഴകൾ പുഴകളും തോടുകളും കുളങ്ങളും നിറയ്ക്കും. റോഡുകളും ഇടവഴികളും ചെറിയ മുടുക്കുകളും തൊടുകളായി മാറും. വയലുകളും പുരയിടങ്ങളും മൈതാനങ്ങളും മാത്രമല്ല വീട്ടു മുറ്റങ്ങളും കായലോ അരുവിയോ ഒക്കെയായി തീരും. ഇത് നാട്ടിൻ പുറങ്ങളിൽ മാത്രമല്ല നഗരങ്ങളിലുമുണ്ട്.

ജൂൺ ഒന്നാംതീയതി സ്കൂൾ തുറക്കുന്ന ദിവസം കൃത്യമായി മഴയെത്തും എന്നൊരു വിശ്വാസം പണ്ടുണ്ടായിരുന്നു. മിക്കവാറും അങ്ങനെ സംഭവിച്ചിരുന്നു താനും. പുതിയ യൂണിഫോമും ബാഗും കുടയുമൊക്കെ നനഞ്ഞു  കുതിർന്ന്, തണുത്തു  വിറച്ച് സ്കൂളിലെത്തിയ ചില ദിവസങ്ങൾ ഇന്നും എന്റെ ഓർമയിൽ ഉണ്ട്. അങ്ങനെ തന്നെ ക്ലാസ്സിൽ ഇരിക്കും. ഉച്ചയാകുമ്പോഴേയ്ക്ക് എല്ലാം ഉണങ്ങും. എന്നാലും വൈകുന്നേരം വീണ്ടും മഴയാണെങ്കിൽ, മഴയിൽ കളിച്ച്, കുളിച്ചാണ് വീടെത്തുക. എന്തൊരു രസമായിരുന്നെന്നോ, നനഞ്ഞ ഉടുപ്പുകൾ മാറ്റി, തലയും മേലും തുവർത്തി, വേറെ ഉടുപ്പുകളിട്ട്, ചൂടുള്ള കാപ്പിയോ ചായയോ കുടിച്ചു തണുപ്പ് മാറ്റി സുഖമായിരിക്കുന്ന ആ സ്കൂൾകുട്ടിക്കാലം.

 ഒരു അവധി ദിവസം മഴദിവസമായി മാറിയാൽ മുറ്റത്തു കൂടി ഒഴുകുന്ന മഴപ്പുഴയിൽ കടലാസ്സു തോണിയിറക്കുന്നതിന്റെ രസം ഇപ്പോഴത്തെ കുട്ടികൾക്കറിയില്ല. അവർക്കു മുറ്റമുണ്ടോ? ഉണ്ടെങ്കിൽ തന്നെ അവർ മുറ്റത്തിറങ്ങുമോ? മുറ്റം കാണുക പോലുമില്ല. റ്റി വി യിൽ നിന്നോ മൊബൈലിൽ നിന്നോ കണ്ണെടുത്തിട്ടു വേണ്ടേ വേറെ എന്തെങ്കിലും കാണാൻ.പ്രകൃതിയിലെ ഏറ്റവും മനോഹരമായ ഒരു പ്രതിഭാസം - മഴ -ആ കാഴ്ചയാണ് അവർക്കു നഷ്ടമാകുന്നത്.

ഭയങ്കര മിന്നലിന്റെയും ഇടിമുഴക്കത്തിന്റെയും അകമ്പടിയോടെയാണ് തുലാവർഷത്തിന്റെ വരവ്. പേരുപോലെതന്നെ തുലാമാസത്തിൽ ആരംഭിക്കുന്ന മഴക്കാലം. കുട്ടിക്കാലത്ത് ഇടിയും മിന്നലുമൊക്കെ വലിയ പേടിയായിരുന്നു. ഇക്കാര്യത്തിൽ എന്റെ അമ്മയും ഒട്ടും മോശമായിരുന്നില്ല. ഭയങ്കര പേടി! ഇടി മിന്നലേറ്റ് മനുഷ്യർ മരിക്കുന്ന വാർത്തകൾ ഞങ്ങളെ വല്ലാതെ നടുക്കിയിരുന്നു. അമ്മ ഞങ്ങൾ മക്കളെ നാലുപേരെയും കട്ടിലിൽ കയറ്റിയിരുത്തും. കാല് നിലത്തു തൊടാൻ പാടില്ല. അപ്പോൾ സുരക്ഷിതരാണ് എന്നാണ് വിശ്വാസം. ഇടി  ആയ്ക്കുക, ഇടി വീഴുക, മിന്നലടിക്കുക എന്നൊക്കെയാണ് ഇടിമിന്നലേൽക്കുന്നതിനു പറഞ്ഞിരുന്നത്. അത് വൃക്ഷങ്ങൾക്കും മൃഗങ്ങൾക്കും മനുഷ്യർക്കും ബാധകമാണ്.

ഒരുപാടു മഴക്കോള് ഇരുട്ടാക്കിയ ഒരു മദ്ധ്യാഹ്നത്തിൽ സ്കൂൾ നേരത്തെ വിട്ടു. കുട്ടികൾ അപകടങ്ങളിൽ പെടാതെ നേരത്തെ വീടെത്തിക്കോട്ടെ എന്നു കരുതിയാണ് 3 .30 ആകാൻ കാത്തുനിൽക്കാതെ ഒരുമണിക്കൂർ മുന്നേ ബെല്ലടിച്ച് സ്കൂൾ വിടാൻ ഹെഡ്  മിസ്ട്രസ് അനുവാദം കൊടുത്തത്. ഇടയ്ക് അങ്ങനെ ഉണ്ടാവാറുണ്ട്. അനുജത്തി അന്ന് അഞ്ചാം ക്ലാസ്സിലും ഞാൻ ഒൻപതിലുമാണ്. (1962-63 കാലം). അനുജത്തിയേയും കൂട്ടി ഞാൻ വേഗത്തിൽ നടന്നു. സ്കൂളിൽ നിന്ന് വീട്ടിലേയ്ക് കുറച്ചു ദൂരമുണ്ട്. അന്ന് സ്കൂൾ ബസ് ഒന്നും ഇല്ല. വളരെ അകലെ നിന്ന് വരുന്നകുട്ടികളേ ട്രാൻസ്‌പോർട്ട് ബസ്സിനെ ആശ്രയിക്കാറുള്ളു. അന്ന് സിറ്റിയിൽ പ്രൈവറ്റ് ബസുമില്ല. ഓട്ടോ ഇല്ല. മിക്കവാറും കുട്ടികൾ നടന്നാണ് സ്കൂളിൽ വരികയും പോവുകയും ചെയ്യുന്നത്. ഇടിയും മിന്നലും കൂടിക്കൂടി വന്നതോടെ അനുജത്തിയുടെ കയ്യും പിടിച്ച് ഞാൻ റോഡിലൂടെ ഓടാൻ തുടങ്ങി. അന്ന്  ഇത്രയും വാഹന ബാഹുല്യം ഇല്ല. മഴക്കാറു കൂടി ആയതോടെ വഴികൾ വിജനമായി. എങ്ങനെയോ ഓടി വീട്ടിലെത്തി എന്നു  പറഞ്ഞാൽ മതി. എത്രയോ വർഷങ്ങൾ മുൻപുണ്ടായ ആ മഴനിഴൽ മദ്ധ്യാഹ്നം ഞാനിന്നും ഓർക്കുന്നു. ഓർമ്മകളുടെ പെരുമഴകൾ തോരാറില്ലല്ലോ.

ഇപ്പോഴും ഇടിയൊച്ചകൾ എനിക്ക് പേടി തന്നെയാണ്. മിന്നലാണ്‌ അപകടകാരി. ഇടി വെറും ശബ്ദം മാത്രമാണ് എന്നറിയാമെങ്കിലും ആ ഭീകരശബ്ദം കേൾക്കാനാവാത്ത ഞാൻ ഇപ്പോഴും ചെവി പൊത്തും. ഇടിമിന്നലുള്ളപ്പോൾ കാലുകൾ ഭൂമിയിൽ സ്പർശിക്കരുത് എന്ന് എന്റെ അമ്മ പറഞ്ഞിട്ടുള്ളത് ഞാൻ മക്കളോടും കൊച്ചുമക്കളോടും പറയും. ആര് കേൾക്കാൻ? ഇന്നത്തെ കുട്ടികൾക്ക് ഇടിയെ പേടിയുണ്ടോ? അറിയില്ല . ഇതൊക്കെ നമുക്ക് തടയാൻ പറ്റാത്ത കാര്യങ്ങളാണ്. പേടിച്ചിട്ടെന്തു കാര്യം, എന്ന മട്ടാണവർക്ക്. ഇടിയും മിന്നലും ഉണ്ടാകുന്നതെങ്ങനെ എന്ന് ഫിസിക്സിൽ പഠിച്ചിട്ടുണ്ട്. അതു  കൊണ്ടൊന്നും പേടി മാറിയിട്ടില്ല. എന്നാലും മഴക്കാലങ്ങൾ എനിക്ക് വളരെ ഇഷ്ടമാണ്. പുറത്ത് മഴയുടെ സംഗീതം ശ്രവിച്ച് കിടക്കയിൽ  ഉറങ്ങാതെ കിടക്കുമ്പോൾ മനസ്സിലുണരുന്നത് ബാല്യ കൗമാരങ്ങളിലെ മഴക്കാലങ്ങളാണ്.  

വേനൽ മഴ, ന്യൂനമർദ്ദമഴ, കാലം തെറ്റിയ മഴ, ഇങ്ങനെ എത്രയോതരം മഴകൾ. ഇവയെ ഏതിൽ ചേർക്കണം? ഇടവപ്പാതിയിലോ തുലാവർഷത്തിലോ? രണ്ടിലുമാവാം. രണ്ടിലും  അല്ലാതെയുമാവാം. മൺസൂൺ എന്ന വാക്ക് തന്നെ എത്ര സുന്ദരമാണ്.                        

English Summary:

Kadayillaymakal column about monsson

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com